കാപ്പ നിയമം ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചു; പ്രതിക്ക് ഒന്നര വര്‍ഷം തടവ്
text_fieldsകൊണ്ടോട്ടി: കാപ്പ നിയമപ്രകാരം ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി നാടുകടത്തിയ പ്രതി നിയമം ലംഘിച്ചതിന് കോടതി ഒന്നര വര്‍ഷം തടവ് ശിക്ഷ വിധിച്ചു. പുളിക്കല്‍ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന് സമീപം പാലക്കുളങ്ങര ചീരക്കോട് ഹരീഷനാണ് (48) മലപ്പുറം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. പരാതി അന്വേഷിക്കാനെത്തിയ പൊലീസ് സബ് ഇന്‍സ്‌പെക്ടറെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ഹരീഷ്. കഴിഞ്ഞ ഒക്ടോബറില്‍ നാട്ടിലെ റേഷന്‍ കടയില്‍നിന്ന് റേഷന്‍ സാധനങ്ങള്‍ കടയുടമയെ ഭീഷണിപ്പെടുത്തി തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ പ്രതി മൂന്നു മാസത്തോളം റിമാന്‍ഡിലായിരുന്നു.
തുടര്‍ന്ന് കൊണ്ടോട്ടി പൊലീസ് കാപ്പ നിയമ പ്രകാരം സ്വന്തം ജില്ലയില്‍ പ്രവേശിക്കുന്നതിനു നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു. ഉത്തരവ് ലംഘിച്ച് കഴിഞ്ഞ ഏപ്രില്‍ 17ന് രാത്രി വീട്ടിലെത്തുകയും കൊണ്ടോട്ടി പൊലീസ് പിടികൂടി നിയമ നടപടികള്‍ ആരംഭിക്കുകയുമായിരുന്നു.
കാപ്പ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കുറ്റക്കാരനാണെന്ന് കണ്ടെത്തി വിചാരണ കോടതി ശിക്ഷ വിധിക്കുന്നത് അപൂര്‍വമാണെന്നും ജില്ലയില്‍ ഇത് ആദ്യമാണെന്നും കൊണ്ടോട്ടി പൊലീസ് ഇന്‍സ്പെക്ടര്‍ പി.എം. ഷമീര്‍ പറഞ്ഞു. കൊണ്ടോട്ടി എസ്.ഐ വി. ജിഷില്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ അബ്ദുല്ല ബാബു, അജിത് കുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. നിലവില്‍ തവനൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.


