കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ സൗകര്യക്കുറവ്; ഇടപെട്ട് മനുഷ്യാവകാശ കമീഷന്
text_fieldsകൊണ്ടോട്ടി: അടിസ്ഥാന സൗകര്യങ്ങളും ആവശ്യമായ ജീവനക്കാരുമില്ലാത്ത കൊണ്ടോട്ടി താലൂക്ക് ഗവ. ആശുപത്രിയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അടിയന്തര ഇടപെടല്‍ നടത്താന്‍ ആരോഗ്യ വകുപ്പിന് മനുഷ്യാവകാശ കമീഷൻ നിര്‍ദേശം. തസ്തികകള്‍ അനുവദിക്കുകയും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്ത് ആതുരാലയം ജനോപകാരപ്രദമാക്കണമെന്ന് മലപ്പുറത്ത് നടന്ന സിറ്റിങില്‍ മനുഷ്യാവകാശ കമീഷന് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. കൊണ്ടോട്ടി സ്വദേശി കെ.ടി. ബഷീര്‍ സമര്‍പ്പിച്ച പാരാതിയിലാണ് കമീഷന്റെ ഇടപെടല്‍.
ആശപത്രിയില്‍ നിലവിലുള്ള അപര്യാപ്തത കണ്ടെത്തി ജില്ല മെഡിക്കല്‍ ഓഫിസര്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. നിലവാരമുയര്‍ത്താനുള്ള തുടര്‍ നടപടികള്‍ ഡയറക്ടര്‍ കാലതാമസമില്ലാതെ ആരംഭിക്കണമെന്നും കമീഷന് നിര്‍ദേശിച്ചു. കൊണ്ടോട്ടിയില്‍ നിലവിലുണ്ടായിരുന്ന സാമൂഹികാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തിയെങ്കിലും അതിനനുസരിച്ച് സൗകര്യങ്ങളും തസ്തികകളും ഇല്ലെന്ന് മെഡിക്കല്‍ ഓഫിസര്‍ കമീഷനെ അറിയിച്ചു.
സാധാരണക്കാര്‍ക്ക് ചികിത്സ സൗകര്യങ്ങള്‍ നിഷേധിക്കുന്ന സാഹചര്യം ഖേദകരമാണെന്ന് കമീഷന് നിരീക്ഷിച്ചു. സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ലഭിച്ചിരുന്ന സേവനങ്ങള്‍ മാത്രമാണ് താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ നിലവിലുള്ളത്. മതിയായ ഇടപെടല്‍ ഇക്കാര്യത്തില്‍ അനിവാര്യമാണെന്നും കമീഷൻ ഉത്തരവില്‍ പറഞ്ഞു.