പൈതൃക കുളത്തിന് സംരക്ഷണമില്ല; നാശത്തിന്റെ വക്കിൽ മുണ്ടപ്പലത്തെ തേവര്‍കുളം
text_fieldsകൊണ്ടോട്ടി: വിസ്തൃതികൊണ്ട് കൊണ്ടോട്ടി നഗരസഭയിലെ വലിയ കുളങ്ങളിലൊന്നായ മുണ്ടപ്പലത്തെ തേവര്‍കുളം അവഗണനയുടെ അഴുക്ക് നിറഞ്ഞ് നാശത്തിലേക്ക്. അരയേക്കറിലധികം വിസ്തൃതിയുള്ള പൈതൃക ജലാശയം ജല സമൃദ്ധമാണെങ്കിലും മാലിന്യവും പായലും നിറഞ്ഞ് ജീർണാവസ്ഥയിലാണ്. അടുത്ത കാലത്തൊന്നും ശുചീകരിച്ചിട്ടില്ലാത്ത കുളത്തില്‍ അനുദിനം മാലിന്യം നിറയുന്നത് കടുത്ത വെല്ലുവിളിയാകുകയാണ്.
സാമൂതിരി രാജാവിന്റെ ഉപദേശകരായ മൂസതുമാര്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നിർമിച്ചതാണ് കുളം. ഈയടുത്ത് വരെ നാട്ടുകാര്‍ കുളിക്കാനടക്കം ആശ്രയിച്ചിരുന്ന പൊതുകുളം കൂടിയാണിത്. ചരിത്രപ്രാധാന്യമുള്ള കുളം കൃത്യമായ ഇടവേളകളില്‍ ശുചീകരിക്കാന്‍ നടപടിയില്ലാത്തതാണ് ദുരവസ്ഥക്ക് കാരണം. ജലാശയ പരിപാലനത്തിനും സംരക്ഷണത്തിനും നഗരസഭ ഓരോ സാമ്പത്തിക വര്‍ഷവും തുക നീക്കിവെക്കാറുണ്ടെങ്കിലും തേവര്‍കുളം പ്രാധാന്യത്തോടെ സംരക്ഷിക്കാന്‍ നടപടിയില്ലെന്ന ആക്ഷേപം നിലവിലുണ്ട്.
പൊതുകുളങ്ങള്‍ നാമാവശേഷമാകുമ്പോള്‍ വീണ്ടെടുത്ത് സംരക്ഷിക്കാന്‍ പ്രദേശത്തെ യുവജന കൂട്ടായ്മകളും നാട്ടുകാരുമാണ് രംഗത്തുവരാറുള്ളത്.
എന്നാല്‍ അടുത്ത കാലത്തൊന്നും ഇത്തരം ശുചീകരണവും നടന്നിട്ടില്ല. വിസ്തൃതവും സുരക്ഷിതവുമായ പൊതുകുളങ്ങളുടെ അഭാവത്തില്‍ കൊണ്ടോട്ടി മേഖലയിലെ വിദ്യാര്‍ഥികള്‍ പോലും നീന്തല്‍ പരിശീലനത്തിന് തേഞ്ഞിപ്പലത്തെ കാലിക്കറ്റ് സർവകലാശാല കാമ്പസിനെയും മറ്റു കേന്ദ്രങ്ങളെയുമാണ് ആശ്രയിക്കുന്നത്. തേവര്‍കുളം വീണ്ടെടുക്കുന്നതോടെ കൊണ്ടോട്ടിക്ക് സ്വന്തമായി പൊതു നീന്തല്‍ പരിശീലന കേന്ദ്രം സാധ്യമാക്കാനുള്ള സാഹചര്യവും നില
വിലുണ്ട്.
ജലാശയം വീണ്ടെടുത്ത് നവീകരിക്കാന്‍ നടപടി വൈകുമ്പോള്‍ കർമ സമിതി രൂപവത്കരിച്ച് പ്രതിഷേധിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.