കെ. മുഹമ്മദുണ്ണി ഹാജി; മാഞ്ഞത് ജനകീയ രാഷ്ട്രീയത്തിന്റെ സൗമ്യ മുഖം
text_fieldsനാട്ടുകാരുമായുള്ള ചർച്ചയിൽ മുഴുകിയ മുഹമ്മദുണ്ണി ഹാജി (ഫയൽ ചിത്രം)
കൊണ്ടോട്ടി: ഗ്രാമ പഞ്ചായത്ത് അംഗം മുതല്‍ എം.എല്‍.എ വരെയുള്ള ജനപ്രതിനിധി സ്ഥാനങ്ങളില്‍ തുല്യതയില്ലാത്ത ജനകീയ പരിവേഷം പ്രവൃത്തിയിലൂടെ നേടിയെടുത്ത കെ. മുഹമ്മദുണ്ണി ഹാജി വിടവാങ്ങുമ്പോള്‍ സംസ്ഥാനത്തെ പൊതു രാഷ്ട്രീയ രംഗത്തുനിന്ന് മാഞ്ഞുപോകുന്നത് ജനപക്ഷ രാഷ്ട്രീയത്തിന്റെ സൗമ്യ മുഖം. ഏതു സമയത്തും എന്താവശ്യത്തിനും സാധാരണക്കാര്‍ക്ക് പ്രാപ്യമായ ജനനേതാവ് എന്ന വിശേഷണം അദ്ദേഹം തന്റെ പൊതുജീവിതത്തിലൂടെ അന്വര്‍ഥമാക്കി. എം.എല്‍.എമാരുള്‍പ്പെടെയുള്ള ജനപ്രതിനിധികൾ പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് കൂടെനിന്ന് പ്രവര്‍ത്തിക്കേണ്ടവരാണെന്ന അടിസ്ഥാന തത്ത്വം പുതുതലമുറ പൊതുപ്രവര്‍ത്തകര്‍ക്ക് സ്വന്തം ഇടപെടലുകളിലൂടെ പകര്‍ന്നുനല്‍കിയാണ് അദ്ദേഹം തന്റെ ജീവിതദൗത്യം പൂര്‍ത്തിയാക്കിയത്.
ബീഡിത്തൊഴിലാളികളെ ചേര്‍ത്തുപിടിച്ച് അവകാശ പോരാട്ടങ്ങള്‍ക്ക് ചുക്കാന്പിടിച്ചുതുടങ്ങിയ കെ. മുഹമ്മദുണ്ണി ഹാജിയുടെ രാഷ്ട്രീയ ജീവിതം ഏതവസരത്തിലും സാധാരണക്കാരുടെ കൂടെയായിരുന്നു. സ്വന്തമായി ചന്ദ്രിക ബീഡിക്കമ്പനിക്ക് തുടക്കമിട്ടായിരുന്നു യൗവനകാലം മുതലാരംഭിച്ച തൊഴിലാളിരംഗത്തെ പ്രവര്‍ത്തനം. സീതിഹാജിയുടെ നിഴല്‍പോലെ കൂടെനിന്ന മുഹമ്മദുണ്ണി ഹാജിയെ സീതിഹാജിയുടെ പ്രവര്‍ത്തനശൈലി ഏറെ സ്വാധീനിച്ചപ്പോള്‍ ഏറനാട്ടില്‍നിന്ന് സാധാരണക്കാരനായ ജനകീയ നേതാവിന്റെ ഉദയത്തിനും അത് വഴിമരുന്നിട്ടു.
പൂക്കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് അംഗമായതോടെ നിമിഷനേരംപോലും വെറുതെയിരിക്കാതെ നാടിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്ന ജനപ്രതിനിധിയായി അദ്ദേഹം മാറി. ആദ്യ അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം ഗ്രാമ പഞ്ചായത്ത് ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം തുടര്‍ന്നുള്ള 15 വര്‍ഷങ്ങളില്‍ പ്രസിഡന്റായി ഗ്രാമ പഞ്ചായത്തിനെ നയിച്ചു. മുഹമ്മദുണ്ണി ഹാജി പ്രസിഡന്റായിരിക്കെയാണ് ലോക ബാങ്കിന്റെ സഹായത്തോടെ നടപ്പാക്കിയ ജലനിധി പദ്ധതിയുടെ പൈലറ്റ് പഞ്ചായത്തായി പൂക്കോട്ടൂരിനെ തിരഞ്ഞെടുക്കുന്നത്. സ്വന്തം പഞ്ചായത്തില്‍ വികസന വിപ്ലവത്തിന് ചുക്കാന്പിടിക്കുന്നതിനൊപ്പം സാധാരണക്കാരുടെ പ്രതിരൂപമായി ജനങ്ങള്‍ക്കിടയില്‍ നിന്നായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം.
2006ല്‍ ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുത്തപ്പോഴും തന്റെ പ്രവര്‍ത്തനശൈലിയില്‍ ഒരു മാറ്റവും വരുത്താതെ മുഹമ്മദുണ്ണി ഹാജി കർമരംഗത്ത് സജീവമായി. ആദ്യ വര്‍ഷംതന്നെ കൊണ്ടോട്ടി കണ്ട ഏറ്റവും മികച്ച ജനകീയ എം.എല്‍.എ എന്ന സ്ഥാനം ജനങ്ങള്‍തന്നെ അദ്ദേഹത്തിന് നല്കിയതും ശ്രദ്ധേയമാണ്.
മുടങ്ങിക്കിടന്ന ചീക്കോട് കുടിവെള്ള പദ്ധതി പുനരാരംഭിക്കാനും കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിനും അദ്ദേഹം നല്കിയ സംഭാവനകള്‍ വിലപ്പെട്ടതായിരുന്നു. പൊതുജനങ്ങളെ മുഖവിലക്കെടുത്തുള്ള പ്രവര്‍ത്തനത്തിലൂടെ വികസനം സാധ്യമാക്കുന്ന അനിതരസാധാരണ കഴിവ് രാഷ്ട്രീയ പ്രതിയോഗികളുടെപോലും പ്രശംസക്ക് മുഹമ്മദുണ്ണി ഹാജിയെ പാത്രമാക്കി. മികച്ച സംഘാടകന്‍ കൂടിയായിരുന്ന അദ്ദേഹത്തെയായിരുന്നു പ്രധാന തെരഞ്ഞെടുപ്പുകളുടെ ചുമതലകൾ മുസ്ലിം ലീഗ് നേതൃത്വം വിശ്വസിച്ച് ഏൽപിച്ചിരുന്നത്.
രാഷ്ട്രീയവും സാമ്പത്തികവുമായ വേര്‍തിരിവുകളില്ലാതെ ആര്‍ക്കും പ്രാപ്യമായിരുന്നു എന്നതാണ് കെ. മുഹമ്മദുണ്ണി ഹാജി എന്ന ജന നേതാവിനെ വ്യത്യസ്തനാക്കിയത്.
അദ്ദേഹത്തിന്റെ മരണ വിവരമറിഞ്ഞ് പൂക്കോട്ടൂര്‍ വള്ളുവമ്പ്രത്തെ വീട്ടിലേക്ക് ഒഴുകിയെത്തിയ ജനസാഗരംതന്നെ ഇതിന്റെ സാക്ഷ്യപത്രമായി. ജീവിതസായന്തനത്തിലും വീട്ടില്‍ വിശ്രമിക്കുന്ന തന്നെ സമീപിക്കുന്നവരുടെ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞ് പരിഹാരത്തിനുള്ള വഴികളൊരുക്കിയാണ് അദ്ദേഹം കാലയവനികക്കുള്ളില്‍ മറഞ്ഞത്.