തകര്‍ന്ന് ദേശീയപാത; ഗതാഗതക്കുരുക്ക് രൂക്ഷം
text_fieldsദേശീയപാതയില്‍ കൊണ്ടോട്ടി പതിനേഴാം മൈലില്‍ റോഡ് തകര്‍ച്ചയും വെള്ളക്കെട്ടും കാരണമുണ്ടായ ഗതാഗത കുരുക്ക്
കൊണ്ടോട്ടി: കോഴിക്കോട് -പാലക്കാട് ദേശീയ പാതയുടെ തകര്‍ച്ച കൊണ്ടോട്ടി മേഖലയില്‍ രൂക്ഷം. മഴക്കൊപ്പം നിരത്തിലെ ടാർ അടര്‍ന്ന് കുഴികള്‍ രൂപപ്പെടുന്ന പതിവ് ഇത്തവണയും ഉണ്ടായി. ഇതോടെ റൂട്ടിൽ യാത്ര ദുരിതം ഇരട്ടിയായി.
കൊണ്ടോട്ടി പതിനേഴാം മൈല്‍ ഭാഗത്താണ് വലിയ തോതില്‍ റോഡ് തകര്‍ന്നിരിക്കുന്നത്. റോഡ് തകര്‍ന്ന ഭാഗത്ത് ചെറിയ മഴയില്‍പോലും വെള്ളക്കെട്ടും ഉടലെടുക്കുന്നതോടെ ഗതാഗത കുരുക്കും രൂക്ഷമാണ്. 17-ാം മൈല്‍ ജങ്ഷന് മുതല്‍ നഗര മധ്യത്തിലും കുറുപ്പത്ത് ജങ്ഷന് വരെയുള്ള ഭാഗങ്ങളിലും ചെറുതും വലുതുമായി നിരവധി കുഴികളാണുള്ളത്.
17-ാം മൈലിലും സെന്‍ട്രല്‍ ജംഗ്ഷനിലുമാണ് വലിയ തോതില്‍ റോഡ് തകര്‍ന്നിരിക്കുന്നത്. മഴവെള്ളം നിറഞ്ഞു നില്ക്കുന്ന കുഴികളില്‍ ചാടി ചെറു വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും മറ്റു വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതും പതിവാണ്.
തകര്‍ന്ന റോഡിലെ യാത്രനടുവൊടിക്കുന്നതിനൊപ്പം ഏറെ നേരം നീണ്ടു നില്ക്കുന്ന ഗതാഗത കുരുക്കാണ് യാത്രക്കാരെ നന്നേ വലക്കുന്നത്. കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്കുള്ള രോഗികളും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരുമാണ് നിശ്ചലമാകുന്ന നിരത്തില്‍ പ്രതിസന്ധിയിലാകുന്നത്.
പ്രശ്ന പരിഹാരത്തിന് അടിയന്തര ഇടപെടലുകള്‍ വേണമെന്ന ആവശ്യം ശക്തമെങ്കിലും ഇതുവരെ കാര്യക്ഷമമായ നടപടികളുണ്ടായിട്ടില്ല. കൊണ്ടോട്ടി നഗര മധ്യത്തിലൂടെ കടന്നു പോകുന്ന ദേശീയ പാത ബൈപ്പാസ് ശാസ്ത്രീയമായി നവീകരിക്കാന്‍ മൂന്ന് വര്‍ഷം മുമ്പ് തയാറാക്കിയ ഒമ്പത് കോടി രൂപയുടെ പദ്ധതി കേന്ദ്ര ദേശീയപാത അതോറിറ്റി അവഗണിച്ചിരിക്കുകയാണ്.
വെള്ളപ്പൊക്കത്തെ അതിജീവിക്കാനും ശരിയായ ഓടകളോടുകൂടിയതുമായ രീതിയില്‍ നടപ്പാതകളടക്കം സജ്ജീകരിച്ച് പാത ആധുനിക രീതിയില്‍ സൗന്ദര്യവത്ക്കരിക്കുന്ന പദ്ധതിയാണ് പാലക്കാടുള്ള ദേശീയപാത പ്രൊജക്ട് ഡയറക്ടര്‍ വിഭാഗവുമായി ബന്ധപ്പെട്ട് തയാറാക്കിയിരുന്നത്.
തിരുവനന്തപുരത്തെ റീജനല്‍ ഓഫീസില്‍ 2022ല്‍ ആരംഭത്തില്‍ സമര്‍പ്പിച്ച പദ്ധതി ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല.