കൊക്കെയ്നുള്‍പ്പെടെ മാരക ലഹരി വസ്തുക്കളുമായി രണ്ട് പേര് പിടിയില്‍
text_fieldsനവാസ്, ആദിത്യന്
കൊണ്ടോട്ടി: കൊക്കെയ്നും എം.ഡി.എം.എയുമുള്‍പ്പെടെ ഒരു ലക്ഷം രൂപയുടെ മാരക ലഹരി വസ്തുക്കളുമായി കൊലക്കേസ് പ്രതിയുള്‍പ്പെടെ രണ്ടംഗ സംഘത്തെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടിയിലെ സ്വകാര്യ റിസോര്‍ട്ട് കേന്ദ്രീകരിച്ച് വില്പനക്കെത്തിച്ച 10.23 ഗ്രാം എം.ഡി.എം.എ, 0.99 ഗ്രാം കൊക്കൈയ്ന്‍, 2.01 ഗ്രാം എക്സ്റ്റസി ഗുളികകള്‍, 0.09 ഗ്രാം എല്‍.എസ്.ഡി എന്നിവ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് തിരൂര്‍ പുറത്തൂര്‍ മുട്ടന്നൂര് സ്വദേശി തോട്ടിവളപ്പില്‍ നവാസ് (35) എന്ന റബ്ബര്‍ നവാസ്, ചെറിയമുണ്ടം ഇരിങ്ങാവൂര്‍ സ്വദേശി നമ്പിടി വീട്ടില്‍ ആദിത്യന് (23) എന്നിവരാണ് അറസ്റ്റിലായത്. ലഹരി വസ്തുക്കള്‍ കടത്താന്‍ ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്.
ഇതില്‍ ആദിത്യന് നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് സുഹൃത്തിന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിലും നിരവധി ലഹരിക്കടത്ത് കേസുകളിലും പ്രതിയാണെന്ന് പൊലീസ് സംഘം വ്യക്തമാക്കി. നവാസിനെ 16 കിലോഗ്രാം കഞ്ചാവുമായി 2020ല്‍ തിരൂര്‍ പൊലീസും 40 കിലോഗ്രാം കഞ്ചാവുമായി 2022ല്‍ തിരൂര്‍ എക്സൈസും പിടികൂടിയിരുന്നു. ഈ കേസുകളില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ നവാസ് ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നെന്നെ് അന്വേഷണ സംഘം വ്യക്തമാക്കി. ജില്ല പൊലീസ് മേധാവി ആര്. വിശ്വനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച രാത്രി ഡാന്‍സാഫ് സംഘവും കൊണ്ടോട്ടി പൊലീസും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് മാരക മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തെ വലയിലാക്കിയത്.
പ്രതികളെ ചോദ്യം ചെയ്തതില്‍ ലഹരി കടത്ത് സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യാഗസ്ഥര്‍ വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ റിമാന്‍ഡിലാണ്. കൊണ്ടോട്ടി ഡി.വൈ.എസ്.പി സന്തോഷ്, കൊണ്ടോട്ടി ഇന്‍സ്പക്ടര്‍ പി.എം. ഷമീര്‍, സബ് ഇന്‍സ്പക്ടര്‍ ജിഷില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സാഫ് സംഘവും കൊണ്ടോട്ടി പൊലീസ് സംഘവും ചേര്‍ന്നാണ് പ്രതികളെ പിടികൂടി തുടരന്വേഷണം നടത്തുന്നത്.