വിഷു വിപണിയിൽ പച്ചക്കറിക്ക് തീവില
text_fieldsകൊണ്ടോട്ടി: വില നിയന്ത്രണത്തിനും ക്ഷാമം തടയാനും സര്‍ക്കാര്‍ ഇടപെടല്‍ നാമമാത്രമായതോടെ വിഷുക്കാലത്ത് പച്ചക്കറി വിപണി സാധാരണക്കാരുടെ കൈപൊള്ളിക്കുന്നു. സദ്യവട്ടങ്ങളൊരുക്കാനുള്ള ജനപ്രിയ ഇനങ്ങള്‍ക്കെല്ലാം വില ഉയര്‍ന്നു. കിലോഗ്രാമിന് 100 രൂപ കടന്ന പയറും ബീന്‍സും വെളുത്തുള്ളിയുമെല്ലാം പോക്കറ്റ് കാലിയാക്കുമ്പോള്‍ വിഭവങ്ങള്‍ കുറച്ചുള്ള സദ്യയൊരുക്കേണ്ട ഗതികേടാണ് വിലയേറിയ വിഷുക്കാലത്തേത്. വിഷുത്തലേന്നായ ഞായറാഴ്ച വിപണി വിലയില്‍ ഇനിയും മാറ്റമുണ്ടാകുമെന്ന് വ്യാപാരികള്‍ പറയുന്നു. പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് വിവിധ പദ്ധതികള്‍ കൃഷിവകുപ്പും തദ്ദേശ സ്വയംഭരണ കേന്ദ്രങ്ങളും കുടുംബശ്രീ പോലുള്ള സംവിധാനങ്ങളും ആവിഷ്ക്കരിക്കുമ്പോള്‍ തന്നെയാണ് സാധാരണക്കാരുടെ കീശ ചോരുന്ന വിലക്കയറ്റം വെല്ലുവിളി തീര്‍ക്കുന്നത്.
വിപണിയില്‍ ഇടപെടാനും വില നിയന്ത്രണം ഉറപ്പാക്കാനും കാര്യക്ഷമമായ നടപടികളുമുണ്ടായില്ല. സദ്യയില്‍ ഒഴിച്ചുകൂടാനാകാത്ത പയറിന് 100 രൂപയാണ് വില. ദിവസങ്ങള്‍ക്ക് മുമ്പ് വരെ കിലോഗ്രാമിന് 50 രൂപയായിരുന്നതാണ് ഇരട്ടിയായി വര്‍ധിച്ചത്. ഒരു കിലോഗ്രാം ബീന്‍സിനും 100 രൂപ നല്‍കണം. രണ്ട് ദിവസത്തിനകം 20 രൂപയാണ് ബീന്‍സിന് കൂടിയത്. തക്കാളി, വെളുത്തുള്ളി, ചെറിയ ഉള്ളി, കാരറ്റ്, നേന്ത്രക്കായ തുടങ്ങിയവക്കെല്ലാം വില കയറി. അതേസമയം സവാളക്കും ഇഞ്ചിക്കും ചേനക്കും വില കുറഞ്ഞു. സവാള 60 ല്‍ നിന്ന് 24 രൂപയായും ഇഞ്ചി 100ല്‍ നിന്ന് 80 രൂപയായും ചേന 70ല്‍ നിന്ന് കിലോഗ്രാമിന് 60 രൂപയായുമാണ് വില കുറഞ്ഞത്.
പൊതു വിപണിയില്‍ പച്ചക്കറികള്‍ക്ക് വിലക്കയറ്റത്തിനൊപ്പം ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. അപ്രതീക്ഷിതമായുണ്ടായ വേനല്‍ മഴയില്‍ പ്രാദേശികമായുണ്ടായിരുന്ന കൃഷികള്‍ വ്യാപകമായി നശിച്ചതോടെ ഇതര സംസ്ഥാനങ്ങളെ പൂർണമായും ആശ്രയിക്കേണ്ടി വന്നതാണ് വിലക്കയറ്റത്തിന് കാരണമെന്ന് പറയുന്നു. ഇന്ധന വിലവര്‍ധനയും കാര്‍ഷികോത്പാദന രംഗത്തെ അധികരിച്ച ചെലവും വിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ഉള്ളിയിനങ്ങള്ക്ക് നാസികിനേയും മറ്റ് പച്ചക്കറികള്‍ക്ക് തമിഴ്നാട്, കർണാടക, മൈസൂര്‍, രാജസ്ഥാന്, മഹാരാഷ്ട്ര എന്നിവിടങ്ങളേയുമാണ് മൊത്ത വ്യാപാരികള്‍ പ്രധാനമായും ആശ്രയിക്കുന്നത്. നേരത്തെ ലഭിച്ചിരുന്ന നാടന്‍ പച്ചക്കറിയിനങ്ങളുടെ ലഭ്യത കുറവ് മുതലെടുത്ത് അമിത ലാഭം കൊയ്യുന്ന ഇടത്തട്ടുകാരുടെ ഇടപെടലും ചെറുതല്ല. ഇതോടെ വിലയില്‍ സ്ഥിരത ഉറപ്പാക്കാനാകാത്ത അവസ്ഥയാണ് വിപണിയിലേത്.