യാത്രക്കാര്‍ക്ക് വേറിട്ട അനുഭവമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ ‘യാത്രി സേവ ദിവസ്’
text_fieldsകരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്കായി അരങ്ങേറിയ തിരുവാതിരക്കളി
കൊണ്ടോട്ടി: ആതിഥേയത്വത്തിന്റെ ഹൃദ്യതയും മധുരവും യാത്രക്കാര്‍ക്ക് പകര്‍ന്ന് കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സംഘടിപ്പിച്ച ‘യാത്രി സേവ ദിവസ്’ആചരണം വേറിട്ട അനുഭവമായി. യാത്രക്കാര്‍ക്ക് മികച്ചതും മാതൃകാപരവുമായ സേവനം ജീവനക്കാരില്‍നിന്ന് ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ വിമാനത്താവള അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശപ്രകാരമായിരുന്നു പ്രത്യേക ദിനാചരണം.
വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ ജീവനക്കാരുടെ നേതൃത്വത്തില്‍ താലപ്പൊലിയും പൂക്കളും മധുരവുമായി കേരളീയ തനിമയില്‍ എതിരേറ്റു. രാവിലെ ആറിന് ആരംഭിച്ച പരിപാടിയുടെ ഭാഗമായി ആഭ്യന്തര, അന്താരാഷ്ട്ര ടെര്‍മിനലുകളില്‍ വനിത ജീവനക്കാരുടേയും മറ്റു ജീവനക്കാരുടെ ഭാര്യമാരുടെയും കൂട്ടായ്മയായ ‘കല്യാണ്‍ മയീ’അവതരിപ്പിച്ച തിരുവാതിരക്കളിയും യാത്രക്കാരെ ആകര്‍ഷിച്ചു.
ദിനാചരണത്തോടനുബന്ധിച്ച് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കുമായി സംഘടിപ്പിച്ച നേത്ര പരിശോധന ക്യാമ്പ് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയും ആരോഗ്യ പരിശോധന ക്യാമ്പ് വിമാനത്താവള ഡയറക്ടര്‍ മുനീര്‍ മാടമ്പാട്ടും വൃക്ഷത്തൈ നടീല്‍ പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ബാസ്, കൊണ്ടോട്ടി നഗരസഭ ഉപാധ്യക്ഷന്‍ അഷ്റഫ് മടാന്‍ എന്നിവര്‍ ചേര്‍ന്നും ഉദ്ഘാടനം ചെയ്തു. കൊട്ടപ്പുറം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളും ആഘോഷത്തില്‍ പങ്കെടുത്തു. വിദ്യാര്‍ഥികള്‍ക്കായി സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തില്‍ ഏവിയേഷന്‍ കരിയര്‍ ഗൈഡന്‍സും സംഘടിപ്പിച്ചു.
വിമാനത്താവള അധികൃതര്‍ ബഡ്സ് സ്കൂളും പുളിക്കലിലെ എബിലിറ്റി ക്യാമ്പസും സന്ദര്‍ശിച്ചു. എബിലിറ്റി ക്യാമ്പസിന് രണ്ട് വീല്‍ ചെയറുകളും കൈമാറി. യാത്രി സേവ ദിവസിലെ ഊർജവും സന്തോഷവും യാത്രക്കാരുമായുള്ള മികച്ച ബന്ധവും വരും ദിവസങ്ങളിലും നിലനിര്‍ത്തുകയാണ് ലക്ഷ്യമെന്ന് വൈകുന്നേരം നടന്ന വാര്‍ത്തസമ്മേളനത്തില്‍ വിമാനത്താവള ഡയറക്ടര്‍ മുനീര്‍ മാടമ്പാട്ട് പറഞ്ഞു.
ദിനാചരണത്തില്‍ മികച്ച പ്രതികരണമായിരുന്നു യാത്രക്കാരുടെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ പത്മ, ഉഷകുമാരി, സുനിത വര്‍ഗീസ്, ജോയന്റ് ജനറല്‍ മാനേജര്‍ സുബ്ബലക്ഷ്മി, എ.ജി.എംമാരായ ഷൗക്കത്തലി, വളര്‍മതി എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.


