വിദ്യാർഥിയുടെ മോർഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ച് പണം തട്ടാൻ ശ്രമം; യുവാക്കൾ പിടിയിൽ
text_fieldsകൊണ്ടോട്ടി: വ്യാജ നഗ്നചിത്രങ്ങളുണ്ടാക്കി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കോളജ് വിദ്യാര്‍ഥിനിയില്‍നിന്ന് പണം തട്ടാന്‍ ശ്രമിച്ച മൂന്നുപേർ കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായി. പുളിക്കല്‍ കൊട്ടപ്പുറം സ്വദേശികളായ പുത്തല്‍ വീട്ടില്‍ മുഹമ്മദ് തസ്്രീഫ് (21), തയ്യില്‍ മുഹമ്മദ് നിദാല്‍ (21), പുളിക്കല്‍ ചോലക്കാത്തൊടി മുഹമ്മദ് ഷിഫിന് ഷാന്‍ (22) എന്നിവരാണ് അറസ്റ്റിലായത്.
പെണ്‍കുട്ടി നല്കിയ പരാതിയില്‍ കേസെടുത്ത കൊണ്ടോട്ടി പൊലീസ് പെണ്‍കുട്ടിയെ നിരീക്ഷിച്ചാണ് പ്രതികളെ വലയിലാക്കിയത്. പരാതിക്കാരി തന്റെ ആഭരണം പ്രതികള്‍ക്ക് കൈമാറാന്‍ പോകുകയാണെന്ന് മനസ്സിലാക്കിയ അന്വേഷണ സംഘം മഫ്ടിയില് പിന്തുടരുകയും ആഭരണം കൈക്കലാക്കിയ ഉടന്‍ ഒന്നാം പ്രതി മുഹമ്മദ് തസ്്രീഫിനെ പിടികൂടുകയായിരുന്നു.
ഇയാളെ ചോദ്യം ചെയ്തതില്‍നിന്നാണ് കൂട്ടു പ്രതികളായ മുഹമ്മദ് നിദാലും ഷിഫിന് ഷാനും അറസ്റ്റിലാകുന്നത്. ഇവരില്‍ നിന്ന് പിടിച്ചെടുത്ത ഫോണില്‍നിന്ന് വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങളും ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊണ്ടോട്ടി ഡിവൈ.എസ്.പി പി.കെ. സന്തോഷിന്റെ നേതൃത്വത്തില്‍ കൊണ്ടോട്ടി ഇന്‍സ്പെക്ടര്‍ പി.എം. ഷമീര്‍, എസ്.സി.പി.ഒ അബ്ദുല്ല ബാബു, സ്പെഷല്‍ സ്ക്വാഡ് അംഗങ്ങളായ അമര്‍നാഥ്, ഋഷികേശ്, സുബ്രഹ്മണ്യന് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.