കോട്ടക്കൽ ഗവ. രാജാസ് സ്കൂൾ ഭൂമി; ഹൈകോടതിയിൽ അപ്പീൽ നൽകാൻ അധികൃതർ
text_fieldsകോട്ടക്കൽ: സ്വകാര്യ വ്യക്തിക്ക് കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിന്റെ അധീനതയിലുള്ള ഏക്കറോളം ഭൂമി നൽകണമെന്ന കോടതി വിധിയെ തുടർന്ന് അടിയന്തര പി.ടി.എ യോഗം ചേരാൻ സ്കൂൾ അധികൃതരുടെ തീരുമാനം. തിങ്കളാഴ്ച വൈകീട്ട് മൂന്നിന് സ്കൂളിലാണ് യോഗം.
വിധിക്കെതിരെ ഹൈക്കോടതിയിൽ കക്ഷി ചേരുന്ന സുപ്രധാന പി.ടി.എയുടെ തീരുമാനമെടുക്കാനാണ് യോഗം ചേരുന്നത്. ‘മാധ്യമം’വാർത്തയെ തുടർന്നാണ് പി.ടി.എ വിഷയത്തിൽ ഇടപ്പെടുന്നത്. വാർത്തക്ക് പിന്നാലെ ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ സ്കൂൾ അധികൃതരെ ഞായറാഴ്ച ബസപ്പെട്ടിരുന്നു.
സ്കൂളിന്റെ അധീനതയിലുള്ള 12.75 ഏക്കർ ഭൂമി വീണ്ടും സർവെ നടത്താനും തുടർനടപടികളുമായി മുന്നോട്ടു പോകാനുമാണ് അധികൃതർക്ക് നിർദേശം നൽകിയിരിക്കുന്നത്. 2006ൽ ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ചുറ്റുമതിൽ കെട്ടാൻ തീരുമാനിച്ചതോടെയാണ് തന്റെ ഭൂമിയും നഷ്ടപ്പെടുമെന്ന പരാതിയുമായി സ്വകാര്യ വ്യക്തി രംഗത്ത് വരുന്നത്.
തുടർന്ന് നടന്ന റീസർവേയിൽ ഭൂമി സ്കൂളിന്റേതെന്ന് ബോധ്യപ്പെടുത്തിയെങ്കിലും പരാതിക്കാരൻ 2006ൽ തിരൂർ സബ് കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. റീസർവെ പ്രകാരം സ്കൂളിലേക്കുള്ള വഴിയിൽ നിന്നും മൈതാനത്തേക്ക് ഇറങ്ങുന്ന ഭാഗത്തെ പതിനഞ്ച് സെൻറ് ഭൂമിയോളം മാത്രമാണ് പരാതിക്കാരന്റെ അധീനതയിലുള്ളതെന്നും കണ്ടെത്തിയിരുന്നു.
2023 ഫെബ്രുവരി 28ന് സ്വകാര്യ വ്യക്തിക്ക് അനുകൂലമായി വന്ന വിധിയിൽ നിലവിലുള്ള പടിഞ്ഞാറ് ഭാഗത്തെ മതിൽ ഉൾപ്പെടുന്ന ഭാഗം നിലനിർത്തിയ കോടതി ഇവിടെ നിന്നും കളിക്കളത്തിന്റെ പടിഞ്ഞാറ്, വടക്ക് ഭാഗങ്ങളിലെ ഞാറമരങ്ങൾ ഉൾപ്പെടുന്ന ഭാഗം മുതൽ അധ്യാപകഭവന് മുന്നിൽ നിന്നും മൈതാനത്തേക്ക് ഇറങ്ങുന്ന ഭാഗം മുഴുവൻ പൂർണമായും പരാതിക്കാരന് അവകാശപ്പെട്ടതെന്നാണ് വ്യക്തമാക്കുന്നത്.
ഒരു ഏക്കറോളമുള്ള ഭൂമി നഷ്ടപ്പെടുന്ന സ്ഥിതിയാണ് നിലവിൽ. മാത്രമല്ല വിദ്യാർഥികളടക്കമുള്ളവർക്ക് ഗൃഹാതുരുത്വം നൽകുന്ന ഞാറമരങ്ങളെല്ലാം നഷ്ടപ്പെടുന്ന സ്ഥിതിയാണ്. പരാതിക്കാരന് അനുകൂലമായി വന്ന വിധിയുടെ പകർപ്പ് ഒന്നും രണ്ടും കക്ഷികളായ ജില്ല കലക്ടർക്കും പ്രിൻസിപ്പലിനും രേഖ മൂലം ലഭിച്ചിരുന്നില്ലയെന്നതാണ് തിരിച്ചടിയായത്.
അപാകത സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം -എം.എൽ.എ
കോട്ടക്കൽ: ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഉടമസ്ഥതയിലുള്ള ഭൂമി സ്വകാര്യവ്യക്തിക്ക് അനുകൂലമായി കോടതി വിധി വന്ന സാഹചര്യത്തിൽ അപാകത സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഭൂമിയുമായി ബന്ധപ്പെട്ട കേസുകൾ സർവെ നടത്തി തീർപ്പായി എന്നാണ് കരുതിയിരുന്നത്. ‘മാധ്യമം’വാർത്ത വന്നപ്പോഴാണ് സംഭവത്തിന്റെ നിജസ്ഥിതി അറിയുന്നത്.
തുടർ നടപടികളുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നും വ്യക്തമായ ഇടപെടലുകൾ ഉണ്ടാവാത്തതാണ് തിരിച്ചടിയായതെന്ന് സംശയിക്കുന്നു. അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. എത്രയും വേഗം റിസർവെ നടത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. സർവേയർ വരുന്ന മുറക്ക് സ്കൂൾ സന്ദർശിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. നിയമ നടപടികളുമായി മുന്നേട്ട് പോയി ഭൂമി സ്കൂളിന്റേതെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.