മഴക്കെടുതിയിൽ വീട് തകർന്നു
text_fieldsകല്ല് വീണ് തകർന്ന വീടിന് മുന്നിൽ സലീമും കുടുംബവും
കോട്ടക്കൽ: കനത്ത മഴക്ക് പിന്നാലെയുണ്ടായ കെടുതിയിൽ നിർധന കുടുംബത്തിന് നഷ്ടപ്പെട്ടത് സ്വപ്നഭവനം. എടരിക്കോട് പുതുപ്പറമ്പ് കാരാട്ടങ്ങാടിക്ക് സമീപം പറമ്പിൽ സലീമും കുടുംബവുമാണ് തകർന്ന വീടിന് മുന്നിൽ കണ്ണീരണിഞ്ഞ് നിൽക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് സലീമിന്റെ വീടിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് ഇടിഞ്ഞു വീണത്. കിടപ്പുമുറിയുടെ ചുമരിലേക്ക് കല്ല് വീണതോടെ വീട് പൂർണമായും തകർന്നു.
വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. രണ്ട് കിടപ്പുമുറി, അടുക്കള, ഹാൾ, സിറ്റൗട്ട് എന്നിവ അടങ്ങുന്ന വീട് ഏതു നിമിഷവും നിലം പൊത്തുന്ന സ്ഥിതിയാണ്. ഇതോടെ തൊട്ടടുത്ത കുടുംബ വീട്ടിലേക്ക് ഭാര്യ ഫാത്തിമ സുഹ്റ, മക്കളായ സൽന ഫർവ്വ, സൽഷ ഫർഹ, മൂസയാൻ എന്നിവരടങ്ങുന്ന കുടുംബം സമീപത്തെ കുടുംബവീട്ടിലേക്ക് താമസം മാറ്റി.
ഒറ്റത്തെങ്ങിൽ വർക്ക്ഷോപ്പിലെ മെക്കാനിക്കായ സലീം പത്തു വർഷം മുമ്പാണ് കാരാട്ടങ്ങാടി പാറക്കടവ് റോഡിന് സമീപം അഞ്ച് സെന്റ് സ്ഥലം വാങ്ങുന്നത്. എടരിക്കോട് ഗ്രാമ പഞ്ചായത്തിന്റെ സഹായമായി ലഭിച്ച രണ്ടു ലക്ഷം രൂപയും ഭാര്യയുടെ സ്വർണവും വിറ്റായിരുന്നു വീട് നിർമാണം.
ഇനിയൊരു വീട് വെക്കാനോ സ്ഥലം വാങ്ങാനോ കഴിയാത്ത സ്ഥിതിയാണ്. മണ്ണെടുത്ത ഭാഗത്ത് നിന്നുള്ള കൂറ്റൻ കല്ലുകൾ നിലംപൊത്താൻ സാധ്യതയുള്ളതിനാൽ നിലവിലെ ഭൂമിയിൽ പുതിയ വീട് നിർമിക്കാൻ കഴിയില്ല. വീണ്ടും കല്ലുകൾ താഴേക്ക് പതിച്ചാൽ സലീമിന്റെ സഹോദരങ്ങളുടെ വീടിനും കേടുപാടുകൾ സംഭവിക്കുമോയെന്ന ആശങ്കയും നിലനിൽക്കുന്നു.
തകർന്ന വീട് പൊളിച്ചു നീക്കിയില്ലെങ്കിൽ മറ്റൊരു വിപത്തിന് വഴിവെച്ചേക്കാം. സംഭവമറിഞ്ഞ് എടരിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫസലുദ്ദീൻ തയ്യിൽ, റവന്യു അധികൃതർ, മറ്റു ജനപ്രതിനിധികൾ, പൊലീസ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിച്ച് കുടുംബത്തിനുള്ള സഹായം ലഭ്യമാക്കണമെന്നാണ് ഉയരുന്ന ആവശ്യം.