ഇന്റർസ്റ്റേറ്റ് ക്രിക്കറ്റ് ടീമിൽ മലപ്പുറത്തിന്റെ രണ്ട് കൗമാരതാരങ്ങൾ
text_fieldsറൈഹാനും ഹർഷനും
കോട്ടക്കൽ: ഇന്റർസ്റ്റേറ്റ് ക്രിക്കറ്റ് ടീമിൽ ഇടം പിടിച്ച ആഹ്ലാദത്തിലും ആത്മവിശ്വാസത്തിലും ജില്ലയിലെ രണ്ട് കൗമാര താരങ്ങൾ. ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അണ്ടർ 14 വിഭാഗം ആൺകുട്ടികളുടെ ടീമിലാണ് കോട്ടൂർ സ്വദേശിയായ ഹർഷനും പെരിന്തൽമണ്ണ സ്വദേശി റൈഹാൻ മുഹമ്മദും ഇടംനേടിയത്.
ഈ മാസം 13 വരെ ആന്ധ്രയിലാണ് മത്സരം. കഴിഞ്ഞ ജനുവരിയിൽ ആലപ്പുഴയിൽ നടന്ന കെ.സി.എ അണ്ടർ 14 ബി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ക്രിക്കറ്റ് എ ലെവൽ പരിശീലകനും വേങ്ങര കെ.ആർ.എച്ച്.എസ് കായികാധ്യാപകനുമായ പിതാവ് അനിൽകുമാറിന് കീഴിലാണ് ഹർഷന്റെ പരിശീലനം. എട്ടുവർഷമായി ജൂനിയർ റോയൽസ് കോട്ടക്കൽ അക്കാദമിയിൽ അംഗമാണ്. കോട്ടൂർ എ.കെ.എം.എച്ച്.എസ്.എസ് എട്ടാം ക്ലാസ് വിദ്യാർഥിയാണ്.
ഇതേ സ്കൂളിലെ അധ്യാപിക വിഷ്ണുപ്രിയയാണ് മാതാവ്. പെരിന്തൽമണ്ണയിലെ വിവിധ ക്രിക്കറ്റ് അക്കാദമികളിലൂടെയാണ് റൈഹാന്റെ കുതിപ്പ്. ആനമങ്ങാട് ജി.എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ റൈഹാൻ മുഹമ്മദ് റിയാസ്, ഷബ്നം എന്നിവരുടെ മകനാണ്.