വ്യാജ ഒപ്പിട്ട് വായ്പ തട്ടിപ്പ്: തെന്നല ബാങ്ക് മുൻ ഡയറക്ടർ അറസ്റ്റിൽ
text_fieldsസെയ്തലവി
കോട്ടക്കൽ: വ്യാജ ഒപ്പിട്ട് ലോൺ തട്ടിപ്പ് നടത്തിയ കേസിൽ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗം അറസ്റ്റിൽ. കോട്ടക്കൽ വാളക്കുളം പൂക്കിപ്പറമ്പ് സ്വദേശി ഞാറക്കാട്ട് മാട്ടാൻ സെയ്തലവി(55) യെയാണ് ഇൻസ്പെക്ടർ സംഗീത് പുനത്തിൽ അറസ്റ്റ് ചെയ്തത്. തെന്നല സഹകരണ ബാങ്ക് 2003-‘13 കാലഘട്ടത്തിലെ ഡയറക്ടർ ബോർഡ് അംഗമാണ് ഇയാൾ.
പരാതിക്കാരന്റെ വ്യാജ ഒപ്പിട്ട് മറ്റൊരു അക്കൗണ്ട് ഹോൾഡറുടെ പേരിൽ ബാങ്കിൽനിന്ന് 2009 ൽ 50000 രൂപയുടെ കാർഷിക വായ്പ തരപ്പെടുത്തി പരാതിക്കാരന് 1,18,000 രൂപയുടെ ബാധ്യത ഉണ്ടാക്കിയെന്നാണ് കേസ്. സെയ്തലവിയുടെ സുഹൃത്തായ ചെമ്പയിൽ മൊയ്തീൻ എന്നയാൾക്ക് അപേക്ഷകയോ പരാതിക്കാരനോ അറിയാതെ രേഖകൾ സംഘടിപ്പിച്ച് നൽകുകയായിരുന്നു. വിദേശത്തായിരുന്ന പരാതിക്കാരന്റെ ഒപ്പുകൾ വ്യാജമായി വരച്ചാണ് ബാങ്കിൽനിന്ന് വായ്പ തരപ്പെടുത്തിയത്.
കേസിൽ ഒന്നാം പ്രതിയായ മൊയ്തീൻ 2020ൽ മരണപ്പെട്ടിരുന്നു. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ അനീഷ് ചാക്കോ, ബുഷറ, ഉദ്യോഗസ്ഥരായ ബിജു റോബർട്ട്, മൊഹന്നത്, ഗോവിന്ദരാജ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ മലപ്പുറം കോടതിയിൽ ഹാജറാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.