തദ്ദേശ തെരഞ്ഞെടുപ്പ്; കോട്ടക്കലിൽ അടപടലം തകർന്ന് സി.പി.എം
text_fieldsപ്രതീകാത്മക ചിത്രം
കോട്ടക്കൽ: വിഭാഗീയതക്ക് വിരാമമിട്ട് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിട്ട സി.പി.എമ്മിന് കോട്ടക്കലിൽ കനത്ത തിരിച്ചടി. ഒമ്പത് സീറ്റുണ്ടായിരുന്ന ഇവിടെ ആറ് സീറ്റാണ് ഇത്തവണ നേടാൻ കഴിഞ്ഞത്. എൽ.സി അംഗങ്ങളടക്കം മികച്ച സ്ഥാനാർഥികളെ നിർത്തിയാണ് സി.പി.എം തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഏരിയ കമ്മിറ്റിയംഗങ്ങളായ എൻ. പുഷ്പരാജൻ, ടി. കബീർ, ടി.പി. ഷമീം, എൽ.സി സെക്രട്ടറി ടി.ആർ. രാജേഷ് എന്നിവർ മത്സരിക്കാതെ മുഴുവൻ സമയവും സജ്ജരായി രംഗത്തുണ്ടായിരുന്നു.
ഇതൊന്നും ഫലവത്തായില്ലെന്നതാണ് ഫലം സൂചിപ്പിക്കുന്നത്. സിറ്റിങ് സീറ്റായ പൂഴിക്കുന്ന് വലിയ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്വതന്ത്ര തട്ടിയെടുത്തത്. സിറ്റിങ് സീറ്റുകളായ മുളിയൻകോട്ട, ആമപ്പാറ, തോക്കാമ്പാറ, കുർബ്ബാനി വാർഡുകൾ നിലനിർത്തിയ സി.പി.എം പുതിയതായി രൂപവത്കരിച്ച മുണ്ടിയന്തറ, നായാടിപ്പാറ വാർഡുകൾ സ്വന്തമാക്കി. വർഷങ്ങളായി ബി.ജെ.പി സീറ്റായ നായാടിപ്പാറ പിടിച്ചെടുക്കാൻ കഴിഞ്ഞത് നേട്ടമായെന്നാണ് വിലയിരുത്തൽ. ഏഴിടങ്ങളിൽ നൂറിൽതാഴെ വോട്ടിന് പരാജയപ്പെട്ടത് തിരിച്ചടിയായി.
അത്താണിക്കൽ(44), കല്ലട(15), ചീനമ്പത്തൂർ(49), മദ്റസ്സുംപടി(86), മരവട്ടം(24), കോട്ടപ്പടി(83), ഗാന്ധി നഗർ(80) എന്നിവയാണ് ചെറിയ ഭൂരിപക്ഷത്തിന് തോറ്റ വാർഡുകൾ. ഇത്തവണ യു.ഡി.എഫിന് 17,018 ഉം എൽ.ഡി.എഫിന് 12,518 ഉം വോട്ടുകളാണ് ലഭിച്ചത്. 4,560 വോട്ടിന്റെ വ്യത്യാസമാണ് ഇരുപാർട്ടികളും തമ്മിൽ. കഴിഞ്ഞ തവണ 2,500 വോട്ടിന്റെ വ്യത്യാസം ഉണ്ടായിരുന്നത് ഒറ്റയടിക്ക് ഉയർന്നു. നഗരസഭ രൂപവത്കരിച്ച വർഷം 32ൽ അഞ്ച് സീറ്റ് മാത്രമാണ് എൽ.ഡി.എഫിന് നേടാൻ കഴിഞ്ഞത്. പിന്നീട് പത്ത് സീറ്റ് നേടി ശക്തി പ്രകടിപ്പിച്ചു. കഴിഞ്ഞ തവണ ഒമ്പതിലും ഒതുങ്ങി. തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് രണ്ട് കൗൺസിലർമാർ സ്ഥാനം രാജിവെച്ച് കോൺഗ്രസിലും ലീഗിലും ചേർന്നതോടെ അംഗസംഖ്യ ഏഴായി കുറഞ്ഞിരുന്നു.
35 ആയി ഉയർത്തിയതോടെ ആറിലേക്ക് കൂപ്പുകുത്തി. യു.ഡി.എഫ് 27ഉം ബി.ജെ.പി രണ്ടും സീറ്റുകളാണ് നേടിയത്. വാർഡ് വിഭജനമാണ് പരാജയത്തിന് പ്രധാനകാരണമെന്നും പതിനഞ്ചോളം വാർഡുകളാണ് പ്രതീക്ഷിച്ചതെന്നും നേതാക്കൾ പറയുന്നു. പാർട്ടി പ്രവർത്തനം താഴേത്തട്ടിലെത്തിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് പ്രവർത്തകരുടെ വികാരം. ലീഗ് ഭരണസമിതിക്കെതിരെ ഒരുപാട് അവസരങ്ങൾ ലഭിച്ചിട്ടും ഉപയോഗപ്പെടുത്താതെ ഒത്തുതീർപ്പ് വ്യവസ്ഥകളാണ് നടക്കുന്നതെന്നാണ് ഉയരുന്ന ആരോപണം.
പാർട്ടിക്കുള്ളിലെ വിഭാഗീയത ആളിക്കത്തിയതോടെ കോട്ടക്കൽ ഏരിയ കമ്മിറ്റി പിരിച്ചുവിട്ട് മലപ്പുറത്തിന് കീഴിലാക്കിയാണ് ജില്ല നേതൃത്വം പരിഹാരം കണ്ടത്. പിന്നാലെ കോട്ടക്കലിനെ വിഭജിച്ച് നോർത്ത്, സൗത്ത് എൽ.സി കമ്മിറ്റികളും രൂപവത്കരിച്ചു. ഐക്യത്തോടെ പ്രവർത്തനം ഏകോപിച്ചിട്ടും തിരിച്ചടിയേറ്റു. തെരഞ്ഞെടുപ്പ് വിശകലനം ചർച്ച ചെയ്യാൻ ചൊവ്വാഴ്ച മലപ്പുറത്ത് ഏരിയ കമ്മിറ്റി ചേരും.


