പെട്രോൾ പമ്പിലെ രക്ഷകരുടെ വീട്ടുകാരെ ബിഹാറിൽ ആദരിച്ച് മലയാളി ഡോക്ടർ
text_fieldsകോട്ടക്കൽ: പുത്തൂരിലെ പെട്രോൾ പമ്പിൽ ഇന്ധനം നിറക്കാനെത്തിയ കാറിൽ തീപിടിച്ചതിനെ തുടർന്ന് രക്ഷകരായ ബീഹാറി സ്വദേശികളുടെ കുടുംബത്തിന് ആദരം. മഞ്ചേരി സ്വദേശിനിയായ ഡോ. ഷിംന അസീസാണ് തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ വിവരം പുറത്ത് വിട്ടത്. പമ്പിലെ ജീവനക്കാരായ അനിൽ പുൽവയ്യ, ബബ്ളുകുമാർ, അലോക് കുമാർ എന്നിവരുടെ വീട്ടിലെത്തിയാണ് രക്ഷിതാക്കളെ ഡോക്ടർ പൊന്നാട അണിയിച്ചത്.
ബിഹാറിലെ സമസ്തിപുർ ജില്ലയിലെ ഖാൻപുർസ്വദേശികളാണ് ജീവനക്കാർ. സമസ്തിപൂർ ജില്ലയുടെ ചാർജുള്ള ലോകാരോഗ്യ സംഘടനയുടെ സർവേലൻസ് മെഡിക്കൽ ഓഫിസറാണ് ഡോ. ഷിംന. ഞായറാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് പെട്രോൾ അടിച്ചതിന് ശേഷം വാഹനത്തിന്റെ മുൻഭാഗത്ത് തീ ഉയരുന്നത്. കാറിൽ ഉണ്ടായിരുന്ന കുട്ടികൾ ഉൾപ്പെടെയുള്ള അഞ്ചംഗ കുടുംബത്തെ ഡോർ തുറന്ന് പുറത്തിറക്കിയ ജീവനക്കാർ നിമിഷ നേരം കൊണ്ട് ഫയർ എക്സ്റ്റിംഗുഷർ പ്രവർത്തിച്ച് തീ അണക്കുകയായിരുന്നു.
വിവരമറിഞ്ഞ മലപ്പുറം അഗ്നിരക്ഷസേന മൂന്ന് പേരെയും പൊന്നായണിച്ചു അനുമോദിച്ചു. മധുരം വിതരണം ചെയ്ത് ഇവരുടെ ചിത്രങ്ങൾ സ്റ്റേഷൻ ഓഫിസർ ഇ.കെ അബ്ദുൽ സലിം സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിരുന്നു. ഇത് ഡോക്ടറുടെ ശ്രദ്ധയിൽപ്പെട്ടു. ഇത്തരം ചെറിയ അംഗീകാരങ്ങൾ വീട്ടുകാരും നാട്ടുകാരും അറിയുമ്പോൾ ഉണ്ടാകുന്ന സന്തോഷം ഡോക്ടറുമായി ഇദ്ദേഹം പങ്കുവെച്ചതാണ് വഴിത്തിരിവായത്.


