കൈക്കുഞ്ഞ് ചികിത്സ ലഭിക്കാതെ മരിച്ച സംഭവം; ഞെട്ടൽ മാറാതെ എടരിക്കോട്ടുകാർ
text_fieldsകോട്ടക്കൽ: കൈക്കുഞ്ഞ് ചികിത്സ ലഭിക്കാതെ മരിച്ചെന്ന വാർത്ത എടരിക്കോട്ടുകാർക്ക് ഇനിയും വിശ്വസിക്കാൻ കഴിയുന്നില്ല. കഴിഞ്ഞ വർഷം ജൂണിലാണ് നോവപ്പടിയിൽ പാങ്ങ് കോന്നിക്കൽ കൊട്ടക്കാരൻ നവാസും ഭാര്യ ഹിറ ഹരീറയും മക്കളായ ഇസൻ ഇർഹാനും ഇസെൽ അയിഷാനും താമസമാരംഭിച്ചത്. ഹിറ അക്യുപങ്ചറിസ്റ്റും നവാസ് കമ്പനി ഡിസ്ട്രിബ്യൂട്ടറായി ജോലി ചെയ്യുകയാണെന്നുമാണ് പരിചയപ്പെടുത്തിയിരുന്നത്.
കഴിഞ്ഞ വർഷം ഏപ്രിൽ 14ന് ഇസന് ഇര്ഹാന് പാങ്ങിലെ ഭർതൃവീട്ടിൽ ജന്മം നൽകിയ ശേഷമാണ് കുടുംബം എടരിക്കോട്ടേക്ക് താമസം മാറുന്നത്. നാട്ടിൽ ആരോഗ്യപ്രവർത്തകരെ അറിയിക്കാതെ വീട്ടിൽ പ്രസവിച്ച ഹിറ പിന്നീട് വീട്ടുപ്രസവത്തെ പ്രോത്സാഹിപ്പിച്ച് ഫേസ്ബുക്കിൽ അനുഭവം പങ്കുവെച്ചിരുന്നു.
വീടുകൾ കയറിയുള്ള ആരോഗ്യപ്രവർത്തകരുടെ പരിശോധനയിൽ കുട്ടിക്ക് പ്രതിരോധ കുത്തിവെപ്പുകൾ നൽകിയിട്ടിെല്ലന്നാണ് ഇവർ അറിയിച്ചിരുന്നത്. കുത്തിവെപ്പുകൾക്ക് കുടുംബം വിമുഖത കാണിക്കുകയും ചെയ്തു.
വെള്ളിയാഴ്ച വൈകീട്ടാണ് ഇസൻ മരിച്ചത്. പാല് കൊടുക്കുമ്പോൾ അപസ്മാരം വന്നെന്നാണ് ഇവർ ബന്ധുക്കളെ അറിയിച്ചത്. തുടർന്ന് ഡോക്ടറെ വിളിച്ചുവരുത്തിയാണ് മരണം സ്ഥിരീകരിച്ചത്. ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് നിർദേശം നൽകിയാണ് ഡോക്ടർമാർ മടങ്ങിയത്. എന്നാൽ, മറ്റുള്ളവരെ കൊണ്ട് എടരിക്കോട് പഞ്ചായത്ത് അധികൃതരെ ഫോൺ വഴി വിവരമറിയിച്ച കുടുംബം കാറിൽ നാട്ടിലേക്ക് തിരിക്കുകയായിരുന്നു.
ശനിയാഴ്ച രാവിലെ 8.30ഓടെ പടിഞ്ഞാറ്റുമുറി ജുമാ മസ്ജിദ് ഖബർസ്ഥാനിലായിരുന്നു ഖബറടക്കം. ഇതിനിടെ കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയം പുറത്തു വന്നതോടെ കാടാമ്പുഴ പൊലീസ് അന്വേഷണമാരംഭിക്കുകയായിരുന്നു. അന്വേഷണം കോട്ടക്കലിൽ എത്തിയതോടെയാണ് നാട്ടുകാരും സംഭവം അറിയുന്നത്.
അസ്വാഭാവിക മരണത്തിന് കേസെടുത്ത കാടാമ്പുഴ പൊലീസ് തുടരന്വേഷണം കോട്ടക്കലിലേക്ക് കൈമാറും. ശാസ്ത്രീയമായ ചികിത്സരീതിയെ എതിര്‍ക്കുന്ന നിലപാടുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്ന രക്ഷിതാക്കൾ മഞ്ഞപ്പിത്തം ബാധിച്ച കുഞ്ഞിന് അടിയന്തര ചികിത്സ നല്കാൻ തയാറാകാത്തതാണ് മരണകാരണമെന്നാണ് പൊലീസ് പറയുന്നത്.