ഒതുക്കുങ്ങലിൽ ഒറ്റക്കെട്ടായി യു.ഡി.എഫ്; വിള്ളൽ വീഴ്ത്താൻ എൽ.ഡി.എഫ്
text_fieldsകോട്ടക്കൽ: മുസ്ലിം ലീഗിനെ എക്കാലത്തും ചേർത്ത് പിടിച്ചുള്ള പഞ്ചായത്താണ് ഒതുക്കുങ്ങൽ. കോൺഗ്രസ് (എസ്) നേതാവായിരുന്ന പുളക്കുണ്ടൻ മുഹമ്മദ് എന്ന ബാവ പ്രസിഡൻറായ സമയത്ത് ഒരു തവണ ഇടതുമുന്നണിക്ക് ഇവിടെ അധികാരം ലഭിച്ചിട്ടുണ്ട്. കാലങ്ങൾക്കിപ്പുറം യു.ഡി.എഫ് സംവിധാനം ശക്തമായി നിലനിൽക്കുന്ന ഇവിടെ ഇത്തവണയും ഒറ്റക്കെട്ടായി മുന്നോട്ടാണ് മുന്നണി സംവിധാനം. ഉപാധ്യക്ഷ സ്ഥാനം കാലങ്ങളായി കോൺഗ്രസിന് ലഭിക്കുന്ന പഞ്ചായത്തുകളിൽ ഒന്നാണിത്.
വാർഡ് വിഭജനത്തിൽ 20ൽനിന്നും 23 ആയി ഉയർന്നിട്ടുണ്ട്. യു.ഡി.എഫിൽ ലീഗ് 17 സീറ്റിലും കോൺഗ്രസ് ആറ് എണ്ണത്തിലുമാണ് മത്സരിക്കുന്നത്. എൽ.ഡി.എഫിൽ സി.പി.എം 20ലും സി പി.ഐ മൂന്ന് വാർഡുകളിലുമാണ് രംഗത്തുള്ളത്. എസ്.ഡി.പി.ഐ ഏഴ് വാർഡുകളിലും ബി.ജെ.പി രണ്ട് സീറ്റുകളിലും ജനവിധി തേടുന്നു.
നിലവിൽ 12 സീറ്റ് ലീഗിനും രണ്ടെണ്ണം കോൺഗ്രസിനുമാണുള്ളത്. എൽ.ഡി.എഫിൽ സ്വതന്ത്രരടക്കം സി.പി.എമ്മിന് അഞ്ച് സീറ്റാണ് ലഭിച്ചത്. എസ്.ഡി.പി.ഐക്ക് ഒരു സീറ്റുണ്ട്. നിലവിലെ ജനപ്രതിനിധികളിൽ ഇടത് വലത് മുന്നണികളിലായി അഞ്ച് പേർ മത്സര രംഗത്തുണ്ട്. സംവരണമായതോടെ നിലവിലുള്ള ചിലരുടെ ഭർത്താവും ഭാര്യയും മത്സരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. അഞ്ചിടങ്ങളിൽ ഇരു മുന്നണികൾക്കൊപ്പം എസ്.ഡി.പി.ഐയും സജീവമാണ്.ചില വാർഡുകളിൽ ശക്തമായ മത്സരമാണ് നടക്കുന്നത്.


