രാജാസ് ഹയർസെക്കൻഡറി സ്കൂൾ ഒരിഞ്ച് ഭൂമിയും വിട്ടുകൊടുക്കില്ല -പി.ടി.എ കമ്മിറ്റി
text_fieldsകോട്ടക്കൽ രാജാസ് ഹയർസെക്കൻഡറി സ്കൂളിന്റെ വിവാദമായ ഭൂമി കോട്ടക്കൽ നഗരസഭ പ്രതിപക്ഷ കക്ഷി നേതാവ്
ടി. കബീറിന്റെ നേതൃത്വത്തിൽ സന്ദർശിക്കുന്നു
കോട്ടക്കൽ: ഒരു തരി ഭൂമി പോലും വിട്ടുകൊടുക്കില്ലെന്ന് കോട്ടക്കൽ ഗവ.രാജാസ് ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ അടിയന്തിര യോഗത്തിൽ പ്രമേയം. തുടർ നിയമനടപടികൾക്കായി നാലംഗ സമിതിയേയും യോഗം ചുമതലപ്പെടുത്തി. സ്കൂളിന്റെ സ്ഥലം സ്വകാര്യ വ്യക്തിക്ക് നൽകണമെന്ന കോടതി വിധി വാർത്ത ‘മാധ്യമം’നൽകിയതോടെയാണ് പി.ടി.എ യോഗം ചേർന്നത്.
വിധിക്കെതിരെ ഹൈക്കോടതിയിൽ കക്ഷി ചേരുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും. നിലവിലെ 12.75 സ്കൂൾ ഭൂമി ആർക്കും വിട്ടുകൊടുക്കില്ലെന്നും മറ്റു വ്യക്തികളുടെ ഭൂമിക്കായി അവകാശം ഉന്നയിക്കേണ്ടതില്ലെന്നും യോഗം അംഗീകരിച്ചു. സ്കൂൾ വിഷയത്തിൽ കക്ഷിരാഷ്ടീയ ഭേദമന്യേ നിലപാട് സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
പി.ടി.എ പ്രസിഡൻറ് സാജിദ് മങ്ങാട്ടിൽ, വൈസ് പ്രസിഡൻറ് വിജയകുമാർ, അംഗങ്ങളായ ഹക്കീം മാരാത്ത്, റസാഖ് മൂർക്കത്ത് എന്നിവരാണ് സമിതി അംഗങ്ങൾ. പ്രിൻസിപ്പൽ പി.ആർ. സുജാത, പ്രധാനാധ്യാപകൻ എം.വി. രാജൻ, അധ്യാപകർ എന്നിവർ പങ്കെടുത്തു.
അതേസമയം, കഴിഞ്ഞ പി.ടി.എ കമ്മിറ്റിയുടെ ജാഗ്രതക്കുറവാണ് ഇത്തരമൊരു പ്രതിസന്ധിക്ക് കാരണമെന്നാണ് ഉയരുന്ന പൊതു വികാരം. 2006ൽ ചുറ്റുമതിൽ കെട്ടുന്നതിനിടെയാണ് തന്റെ ഭൂമിയും നഷ്ടപ്പെടുമെന്ന പരാതിയുമായി സ്വകാര്യ വ്യക്തി രംഗത്ത് വരുന്നത്.