വിശ്വംഭര ക്ഷേത്രസന്നിധിയിൽ ‘നിറമാല’ ചാർത്തി സുൽത്താനും കുടുംബവും
text_fieldsകോട്ടക്കൽ വിശ്വംഭര ക്ഷേത്രസന്നിധിയിൽ നിഷാദ്
സുൽത്താനും കുടുംബവും അവതരിപ്പിച്ച ഭക്തിഗാനമേള
കോട്ടക്കൽ: സാഹോദര്യപ്പെരുമക്ക് തിലകക്കുറിയായി നിലകൊള്ളുന്ന കോട്ടക്കൽ ആര്യവൈദ്യശാലക്ക് കീഴിലുള്ള വിശ്വംഭരക്ഷേത്രസന്നിധിയിൽ ചൊവ്വാഴ്ചയിലെ സായംസന്ധ്യയിൽ പെയ്തിറങ്ങിയത് മറ്റൊരു മഹാകാവ്യം. തൃശൂർ പാട്ട് കുടുംബം എന്ന പേരിലറിയപ്പെടുന്ന നിഷാദ് സുൽത്താൻ, ഭാര്യ സജിന, മകൾ നിൽരുപ എന്നിവർ അവതരിപ്പിച്ച ഭക്തിഗാനമേളക്ക് ലഭിച്ചത് ഊഷ്മള സ്വീകരണം. ആര്യവൈദ്യശാല ജീവനക്കാർ ഒരുക്കിയ നിറമാലയുടെ ഭാഗമായാണ് കുടുംബം എത്തിയത്.
വൈകീട്ട് ആറരയോടെ പരിപാടിക്ക് തുടക്കമായി. ഓരോ ഗാനങ്ങൾക്കും സദസ്സിൽനിന്ന് ലഭിച്ചത് നിറഞ്ഞ കൈയടി. ഇവർക്കൊപ്പം ഗായകരായ ഒ.ഇ. ബഷീർ, ജയകുമാർ എന്നിവരും ആസ്വാദകരെ കൈയിലെടുത്തു. ഓരോ പാട്ടും ഗായക കൂട്ടത്തിനൊപ്പം സദസ്സും ഏറ്റുപാടി. ഹൈന്ദവ ഭക്തിഗാനങ്ങൾ പാടി ശ്രദ്ധേയരായ നിഷാദും കുടുംബവും തൃശൂർ തളിക്കുളം സ്വദേശികളാണ്. പുലർച്ചെ മഹാഗണപതി ഹോമം, വൈകീട്ട് ദീപാരാധന എന്നിവയായിരുന്നു ക്ഷേത്രത്തിലെ മറ്റു ചടങ്ങുകൾ.


