സ്ഥാനാർഥികളായ അധ്യാപക ദമ്പതികൾ തിരക്കിലാണ്
text_fieldsകോട്ടക്കൽ: ഒരുവീട്ടിൽനിന്ന് ഇത്തവണ രണ്ടു പേരാണ് കോട്ടക്കലിൽ ജനവിധി തേടുന്നത്. അതും അധ്യാപക ദമ്പതികൾ. നിലവിലെ ഇടതു കൗണ്‍സിലറായ സനില ജനറല്‍ വാര്‍ഡായ കുര്‍ബ്ബാനിയില്‍ തന്നെ വീണ്ടും മത്സരിക്കുന്നു. കുടയാണ് ചിഹ്നം. സി.പി.എം നേതാവായ കെ. പ്രവീണ്‍ മാഷ് തോക്കാമ്പാറ വാർഡിൽ ചുറ്റിക അരിവാൾ നക്ഷത്രം ചിഹ്നത്തിലാണ് മത്സരിക്കുന്നത്. സനില തുടർച്ചയായി രണ്ടാം തവണയാണ് രംഗത്ത്.
ജനറൽ വാർഡായെങ്കിലും മത്സരിക്കാൻ നറുക്ക് വീണത് ഇവർക്കായിരുന്നു. മുസ്‍ലിം ലീഗിലെ വി.എം നൗഫലാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാർഥി. എൽ.സി കമ്മിറ്റിയംഗമായ പ്രവീണിന്റെ കന്നിയങ്കമാണ്. നിലവിൽ ഇടത് സീറ്റാണ് തോക്കാമ്പാറ. മുസ്‍ലിം ലീഗ് യുവനേതാവ് കെ.എംഖലീലാണ് യു.ഡി.എഫ് സ്ഥാനാർഥി. മൈത്രി നഗർ വാർഡ് കൗൺസിലറായ ജയപ്രിയനാണ് ബി.ജെ.പിക്കായി രംഗത്തുള്ളത്.
പ്രവീണ്‍ തോക്കാമ്പാറ എ.എൽ.പി സ്കൂളിലും സനില തൂമ്പത്ത്പ്പറമ്പ് എ. എം.എൽ.പി സ്കൂളിലുമാണ് ജോലി ചെയ്യുന്നത്. സ്കൂളിൽനിന്ന് അവധിയെടുത്താണ് തെരഞ്ഞെടുപ്പ് പ്രചാരണം. അടുത്തടുത്ത വാർഡുകളിലാണ് മത്സരം. എന്നും രാവിലെ വോട്ടർമാരെ തേടിയിറങ്ങും. ഭക്ഷണമെല്ലാം ചില ദിവസങ്ങളിൽ പുറത്താണ്. ഡിഗ്രി വിദ്യാർഥികളായ ഗൗരി, അനന്തു എന്നിവർ മക്കളാണ്.


