എം.ഡി.എം.എയുമായി മൂന്നംഗസംഘം കോട്ടക്കലിൽ പിടിയിൽ
text_fieldsസഫ്വാന്, ബബീഷ്, അബ്ദുൽ റൗഫ്
കോട്ടക്കൽ: മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്നംഗ സംഘം കോട്ടക്കലിൽ പിടിയിൽ. വേങ്ങര ചെറൂര് സ്വദേശികളായ ആലുക്കല്‍ സഫ്വാന്(29), മുട്ടുപറമ്പന്‍ അബ്ദുൽ റൗഫ്(28), കോലേരി ബബീഷ് (29) എന്നിവരാണ് അറസ്റ്റിലായവർ. ഇവരിൽനിന്ന് 72 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്.
മലപ്പുറം ഡിവൈ.എസ്.പി കെ.എം. ബിജു, കോട്ടക്കല്‍ ഇന്‍സ്പെക്ടര്‍ സംഗീത് പുനത്തില്‍ എന്നിവരുടെ നിർദേശപ്രകാരം കോട്ടപ്പടി മൈത്രി റോഡിലെ ഫ്ലാറ്റിലായിരുന്നു പരിശോധന. എസ്.ഐ പി.ടി. സെയ്ഫുള്ളയും ഡാന്‍സാഫ് സ്ക്വാഡും രാത്രിയില്‍ നടത്തിയ പരിശോധനയിലാണ് സിന്തറ്റിക് ലഹരിമരുന്ന് പിടികൂടിയത്.
ജില്ലയില്‍ ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് മാരക ലഹരിമരുന്നിന്റെ ഉപയോഗവും വില്പനയും നടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ജില്ല പൊലീസ് മേധാവി ആര്. വിശ്വനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടികൾ. ഇലക്ട്രോണിക് ത്രാസും മൊബൈല്‍ ഫോണുകളും 80000ലധികം രൂപയും ഇവരിൽനിന്ന് പിടിച്ചെടുത്തു.
വാടകക്കെടുത്ത ഫ്ലാറ്റുകളിൽ മയക്കുമരുന്ന് പാക്കറ്റുകളിലാക്കി ഗ്രാമിന് 3000 മുതല്‍ വിലയിട്ട് കോട്ടക്കല്‍ ടൗണിലും ബൈപാസ് റോഡുകളിലും കൈമാറുകയാണ് ചെയ്തിരുന്നത്. സമാന കേസിൽ അബ്ദുൽ റൗഫ് രണ്ടുതവണ പൊലീസിന്റെയും എക്സൈസിന്റെയും പിടിയിലായി. പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥരായ വിഷ്ണു, മുഹമ്മദ്, ഡാന്‍സാഫ് സ്ക്വാഡ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനക്കുണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.