എടരിക്കോട്ട് വിമതരായി മൂന്ന് ലീഗ് നേതാക്കൾ രംഗത്ത്
text_fieldsപ്രതീകാത്മക ചിത്രം
കോട്ടക്കൽ: മുസ്‍ലിം ലീഗിന്റെ പച്ചക്കോട്ടയിൽ നേതൃത്വത്തിന് ഭീഷണിയായി ഇടത് പിന്തുണ നൽകുന്ന ലീഗ് നേതാക്കളും മത്സരരംഗത്ത്. പഞ്ചായത്ത് മുസ്‍ലിം ലീഗ് നേതാവടക്കമുള്ളവരാണ് ലീഗിനെ വെട്ടിലാക്കിയിരിക്കുന്നത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരെ ലീഗ് വാർഡ് പ്രസിഡന്റാണ് രംഗത്തുള്ളത്. 14ാം വാർഡായ എടരിക്കോട് സൗത്തിലാണ് പഞ്ചായത്ത് ലീഗ് വൈസ് പ്രസിഡൻറ് ചീമാടൻ റഹീം ലീഗ് സ്ഥാനാർഥിക്കെതിരെ മത്സരിക്കുന്നത്.
കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് മുജീബ് മുല്ലപ്പള്ളി മത്സരിക്കുന്ന വാർഡ് നാലിൽ പതിനേഴാം വാർഡ് ലീഗ് ജനറൽ സെക്രട്ടറിയും വാർഡംഗമായിരുന്ന പൂക്കയിൽ കരീം മാഷാണ് രംഗത്തുള്ളത്. വാർഡ് 15ൽ ലീഗ് സ്ഥാനാർഥിക്കെതിരെ വാർഡ് ട്രഷറർ കോഴിക്കൽ ബഷീറാണ് മത്സരിക്കുന്നത്. സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവുമാണ് വിമതരുടെ ആധിക്യത്തിന് വഴിവെച്ചത്.
18 വാർഡുകളിൽ ലീഗ് 12ഉം, കോൺഗ്രസ് ആറും വാർഡുകളിലാണ് മത്സരിക്കുന്നത്. പഞ്ചായത്ത് മുൻ പ്രസിഡന്റും (വനിത), നിലവിലെ രണ്ട് വനിതകളും ഇത്തവണയും ജനവിധി തേടുന്നുണ്ട്. പത്രിക പിൻവലിക്കേണ്ട തിങ്കളാഴ്ച നടന്ന മാരത്തൺ ചർച്ചയും ഫലം കണ്ടില്ല. ഇതോടെ നേതാക്കൾക്കെതിരെ നടപടിക്കൊരുങ്ങുകയാണ് നേതൃത്വം. ഒറ്റ സീറ്റ് മാത്രം ലഭിച്ച എൽ.ഡി.എഫിലെ സി. സിറാജുദ്ദീൻ ഇത്തവണയും മത്സരിക്കുന്നുണ്ട്. ഏഴുപേർ പാർട്ടി ചിഹ്നത്തിലാണ് ജനവിധി തേടുന്നത്.


