കോട്ടക്കൽ ഭദ്രമാക്കി യു.ഡി.എഫ്
text_fieldsവളാഞ്ചേരി: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്താൽ കോട്ടക്കൽ നിയമസഭ മണ്ഡലത്തിൽ യു.ഡി.എഫ് ആധിപത്യം തുടരും. മണ്ഡലത്തിനുള്ളിൽ വരുന്ന തദ്ദേശ സ്ഥാപനങ്ങളിൽ മുഴുവനും വലിയ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് ഭരണത്തിലേറിയത്. വളാഞ്ചേരി, കോട്ടക്കൽ നഗരസഭകൾ, എടയൂർ, ഇരിമ്പിളിയം, കുറ്റിപ്പുറം, മാറാക്കര, പൊന്മള ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് കോട്ടക്കൽ നിയമസഭാ മണ്ഡലം.
നിലവിൽ ഈ തദ്ദേശ സ്ഥാപനങ്ങളിൽ യു.ഡി.എഫ് ഭരണ സമിതിയാണ്. ഇപ്പോൾ നടന്ന തെരഞ്ഞെടുപ്പോടെ ഇവിടങ്ങളിൽ യു.ഡി.എഫിന് വൻ മേധാവിത്വമായി. കോട്ടക്കൽ മണ്ഡലത്തിലെ ആകെയുള്ള 180 വാർഡുകളിൽ 141ലും യു.ഡി.എഫ് വിജയിച്ചു. 35 വാർഡുകളുള്ള കോട്ടക്കൽ നഗരസഭയിൽ 27 വാർഡുകളും, 34 വാർഡുകളുള്ള വളാഞ്ചേരി നഗരസഭയിൽ 27 ഉം, 21 വാർഡുകളുള്ള പൊന്മള ഗ്രാമ പഞ്ചായത്തിൽ 16 വാർഡുകൾ, 24 വാർഡുകളുള്ള മാറാക്കര ഗ്രാമ പഞ്ചായത്ത് 18 വാർഡുകളിലും, 22 വാർഡുകളുള്ള എടയൂർ ഗ്രാമ പഞ്ചായത്തതിൽ 17 ഇടത്തും, 20 വാർഡുകളുള്ള ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിൽ 17 ഇടത്തും 24 വാർഡുകളുള്ള കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് 19 വാർഡുകളിലും യു.ഡി.എഫ് വിജയിച്ചു. 106 വാർഡുകളിൽ ലീഗും 33 ഇടത്ത് കോൺഗ്രസും, രണ്ട് വാർഡുകളിൽ വെൽഫെയർ പാർട്ടിയും വിജയിച്ചു.
കോട്ടക്കൽ മണ്ഡല പരിധിയിൽ വരുന്ന ജില്ല പഞ്ചായത്ത് ഡിവിഷൻ, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും യു.ഡി.എഫ് സമ്പൂർണാധിപത്യമാണ്. കോട്ടക്കൽ നിയമസഭ മണ്ഡലത്തിൽ പ്രഫ ആബിദ് ഹുസൈൻ തങ്ങളാണ് എം.എൽ.എ. തങ്ങൾക്ക് ലഭിച്ചത് 81,700 വോട്ടുകൾ (51.3ശതമാനം). എൻ.സി.പിയിലെ എൻ.എ മുഹമ്മദ്കുട്ടിക്ക് ലഭിച്ചത് 65,112 വോട്ടുകളായിരുന്നു (40.9ശതമാനം). ആബിദ് ഹുസൈൻ തങ്ങളുടെ ഭൂരിപക്ഷം 16,588.


