വീരമൃത്യു വരിച്ച കെ.ടി. ഹംസയുടെ പേരിൽ ഇനി പൂപ്പലത്തെ റോഡ്
text_fieldsപെരിന്തൽമണ്ണ: ഇന്ത്യ-പാക് യുദ്ധത്തിൽ 1971ൽ വീരമൃത്യു വരിച്ച മികച്ച ഫുട്ബാൾ കളിക്കാരൻ കൂടിയായിരുന്ന സെർജൻറ് കെ.ടി. ഹംസയുടെ നാമധേയത്തിൽ പൂപ്പലം ആനക്കല്ലൻപടി-വലമ്പൂർ എ.എം.എൽ.പി സ്കൂൾ റോഡ് അറിയപ്പെടും. അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്താണ് റോഡിന് പേര് നൽകിയത്. തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഇതിന്‍റെ ഉദ്ഘാടനം നടക്കും. ഇന്ത്യൻ എയർഫോഴ്സ് സെർജൻറും ഫുട്ബാളറുമായിരുന്ന അദ്ദേഹം 1971 ഡിസംബർ നാലിനാണ് ഗുജ്റാത്തിലെ ഭുജിൽ രക്തസാക്ഷിയായത്. യുദ്ധ സാഹചര്യമായതിനാൽ കുടുംബങ്ങൾക്ക് പോലും പങ്കെടുക്കാൻ പറ്റാതെ അവിടെ തന്നെ ഖബറടക്കി. വലമ്പൂർ പൂപ്പലത്തെ പരേതനായ കെ.ടി. കുഞ്ഞഹമ്മദ് കുട്ടി ഹാജിയുടെയും കുഞ്ഞാമി ഹജ്ജുമ്മയുടെയും ഏഴ് മക്കളിൽ മൂന്നാമനായിരുന്നു.
1940ലാണ് ജനിച്ചത്. മികച്ച ഫുട്ബാളർ എന്ന നിലയിലാണ് 1960ൽ മാർച്ച് 15ന് ഇന്ത്യൻ എയർഫോഴ്സിലേക്ക് അവസരം ലഭിച്ചത്. ആന്ധ്രയിലെ തുംഗഭദ്രയിൽ കെ.ടി. ഹംസയുടെ ഫുട്ബാൾ കളി കണ്ട് എയർഫോഴ്സിലെ ഉയർന്ന ഉദ്യോഗസ്ഥൻ ക്ഷണിച്ചതനുസരിച്ച് ബാംഗ്ലൂരിൽ റിക്രൂട്ട്മെൻറിൽ പങ്കെടുത്ത് സേനാംഗമായി. പിന്നീട് സർവിസസിന്‍റെ മികച്ച കളിക്കാരനായി. ഇന്ത്യ-പാക് യുദ്ധത്തിൽ പാകിസ്താൻ ഷെൽ ആക്രമണത്തിലാണ് 31ാം വയസ്സിൽ വീരമൃത്യു വരിച്ചത്. വീരമൃത്യുവിന്‍റെ അമ്പതാം ആണ്ടിൽ പൂപ്പലത്ത് പ്രത്യേക അനുസ്മരണ സമ്മേളനം നടത്തിയിരുന്നു. കാൽപന്തുകളിയെ ഇത്രയേറെ സ്നേഹിക്കുകയും പട്ടാളത്തിൽ ചേരുകയും രാജ്യരക്ഷക്കിടെ വീരമൃത്യു വരിക്കുകയും ചെയ്ത കെ.ടി. ഹംസയെ ജന്മനാട് ഓർക്കാൻ കൂടിയാണ് റോഡിന് അദ്ദേഹത്തിന്‍റെ പേര് നൽകിയത്.