ഓണത്തിന് കുടുംബശ്രീ വിറ്റഴിച്ചത് 5673 കിലോ പൂക്കൾ
text_fieldsകുടുംബശ്രീ അംഗങ്ങൾ ഒരുക്കിയ പൂ കൃഷി
മലപ്പുറം: ‘‘ഒരു പൂ മാത്രം ചോദിച്ചു...ഒരു പൂക്കാലം നീ തന്നു...’’ മലയാളത്തിലെ ഈ ഹിറ്റ് ഗാനം പോലെ സൂപ്പർ ഹിറ്റായിരിക്കുകയാണ് ഇത്തവണ കുടുംബശ്രീയുടെ പൂ കൃഷിയും. ഈ ഓണത്തിന് കുടുംബശ്രീ മലപ്പുറം ജില്ല മിഷന് കീഴിൽ 5673 കിലോ പൂക്കളാണ് ‘വർണ വസന്തം’ തീർത്ത് വിറ്റഴിച്ചത്. 13,19,380 രൂപയാണ് വിറ്റുവരവ് ലഭിച്ചത്. കുടുംബശ്രീയുടെ പൂക്കൾ മലയാളികൾ ഏറ്റെടുക്കുന്ന വർണക്കാഴ്ചയാണ് ഈ ഓണക്കാലവും കൺനിറയെ കണ്ടത്.
ചില ഭാഗങ്ങളിൽ പ്രതീക്ഷിച്ച വിൽപനയിൽ നേരിയ ഇടിവുവന്നെങ്കിലും ഭൂരിഭാഗം സി.ഡി.എസുകളിലും കുടുംബശ്രീ പൂക്കൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഓണം മുന്നിൽക്കണ്ട് 77 സി.ഡി.എസുകളിലെ 295 സംഘകൃഷി ഗ്രൂപ്പുകളാണ് 99.9 ഏക്കർ സ്ഥലത്ത് പൂ കൃഷി ചെയ്തത്. 1180 കുടുംബശ്രീ കർഷകരും ഓണവിപണി പിടിച്ചെടുക്കാൻ സംഘകൃഷി ഗ്രൂപ്പുകളിൽ പ്രവർത്തിച്ചു. മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള ചെണ്ടുമല്ലികളാണ് 90 ശതമാനത്തോളം കൃഷി ചെയ്തത്.
ജില്ലയിൽ നിലമ്പൂർ, കാളികാവ്, കൊണ്ടോട്ടി, തിരൂരങ്ങാടി തുടങ്ങിയ ബ്ലോക്കുകളിലാണ് വലിയ രീതിയിൽ കൃഷി ചെയ്തത്. മായവും വിഷവും കലരാത്ത പൂക്കൾ ന്യായമായ വിലയ്ക്ക് വിപണിയിൽ എത്തിക്കുകയെന്ന ലക്ഷ്യത്തിലാണ് കുടുംബശ്രീ പൂകൃഷിയുമായി രംഗത്ത് വന്നത്. 2023ൽ ആരംഭിച്ച പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് സമൂഹത്തിൽ നിന്ന് ലഭിച്ചതെന്ന് കുടുംബശ്രീ അംഗങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. വരും വർഷങ്ങളിൽ പദ്ധതി കൂടുതൽ സജീവമാക്കാനാണ് കുടുംബശ്രീ അംഗങ്ങൾ ഒരുങ്ങുന്നത്.