കുറുവയിൽ തീപാറി ഇരുമുന്നണികളും
text_fieldsപടപ്പറമ്പ്: 1954ലാണ് കുറുവ പഞ്ചായത്ത് രൂപവത്കൃതമായത്. അന്ന് പാലക്കാട് ജില്ലയുടെ കൂടെയായിരുന്നു പഞ്ചായത്ത്. 1969ൽ മലപ്പുറം ജില്ല രൂപവത്കൃതമായപ്പോൾ മലപ്പുറത്തിന്റെ ഭാഗമായി. എന്നാൽ തുടക്കം മുതൽ ഭരണം യു.ഡി.എഫിനാണ്. കഴിഞ്ഞതവണ 22 വാർഡുകളുള്ള പഞ്ചായത്തിൽ തുല്യത പാലിച്ചപ്പോൾ നറുക്കെടുപ്പിലൂടെ യു.ഡി.എഫിന് തന്നെ ഭരണം വീണു കിട്ടി.
ഇത്തവണ 24 വാർഡുകളിലേക്കുയർന്ന പഞ്ചായത്തിലെ നിലവിലെ സാഹചര്യങ്ങൾ അനുകൂലമാക്കി ഭരണം പിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. അതിനായി സോഷ്യൽ മീഡിയയടക്കം പ്രചാരണായുധമാക്കി തീ പാറുന്ന പോരാട്ടത്തിലാണ് എൽ.ഡി.എഫ്. കഴിഞ്ഞ തവണയാണ് എൽ.ഡി.എഫ് വൻ മുന്നേറ്റം നടത്തിയത്. അത് പക്ഷേ, തുല്യതയിലവസാനിച്ചു. പഞ്ചായത്തിന്റെ പടി കയറാൻ നറുക്കെടുപ്പും തുണച്ചില്ല. എന്നാൽ ഇത്തവ
ണ ഇതിനെ മറികടക്കാനുള്ള മാർഗങ്ങൾ മനസ്സിൽ കണ്ടാണ് ഇടതു മുന്നണി പ്രവർത്തനങ്ങൾ. അതേ സമയം അഞ്ചാണ്ടത്തെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് യു.ഡി.എഫ് പ്രചാരണം. ബഡ്‌സ് സ്കൂൾ, കളിമൈതാനം, അംഗൻവാടി കെട്ടിടങ്ങൾ, സമ്പൂർണ ജല വിതരണം (ജല ജീവൻ മിഷൻ) തുടങ്ങിയ നേട്ടങ്ങൾ പറഞ്ഞു കൂടുതൽ സീറ്റുകൾ പിടിച്ചെടുത്ത് തുടർഭരണത്തിന് സാഹചര്യമൊരുക്കുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്.
യു.ഡി.എഫിൽ 20 സീറ്റുകളിൽ ലീഗ് മത്സരിക്കുന്നുണ്ട്. അതിൽ രണ്ടു സീറ്റിൽ ലീഗ് സ്വതന്ത്രരാണ്. ബാക്കി നാല് സീറ്റുകളിൽ രണ്ടെണ്ണം കോൺഗ്രസും രണ്ടെണ്ണം കോൺഗ്രസ് സ്വതന്ത്രരും മത്സരിക്കുന്നു. 16 വാർഡുകളിൽ സി.പി.എമ്മും എട്ടിടത്ത് സി.പി.എം സ്വതന്ത്രരും മത്സരിക്കുന്നു. ഏതാനും സീറ്റിൽ ബി.ജെ.പിയും എസ്.ഡി.പി.ഐയും മത്സര രംഗത്തുണ്ട്.
സീറ്റ് നില
ആകെ -22
യു.ഡി.എഫ് -11
ലീഗ് -ഒമ്പത്
യു.ഡി.എഫ് സ്വതന്ത്രർ - 02
എൽ.ഡി.എഫ് -11
സി.പി.എം -എട്ട്
ഇടതു സ്വതന്ത്രർ -മൂന്ന്
(സീറ്റുകൾ തുല്യമായതിനാൽ
നറുക്കെടുപ്പിൽ ഭരണം
യു.ഡി.എഫിന്. വൈസ്
പ്രസിഡന്റ് എൽ.ഡി.എഫ്)


