കാങ്കക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് നിർമാണം പുരോഗതിയിൽ
text_fieldsനിർമാണം പുരോഗമിക്കുന്ന കാങ്കക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ്
കുറ്റിപ്പുറം: പാലക്കാട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് യാഥാർഥ്യമാക്കുന്ന കാങ്കക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമാണം അവസാനഘട്ടത്തിലേക്ക്. 600 മീറ്ററോളം നീളമുള്ള പാലത്തിന്റെ 80 ശതമാനം ജോലികളും പൂർത്തിയായി. വെള്ളം ചോരാതിരിക്കാൻ ഷട്ടറുകൾക്ക് മുന്നിലും പിന്നിലുമായി ഇരുമ്പുഷീറ്റുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയായി.
ഷട്ടറിന് സമീപത്ത് ആറുമീറ്റർ നീളമുള്ള ഷീറ്റും താഴെ 12 മീറ്റർ നീളമുള്ള ഷീറ്റുകളുമാണ് അടിച്ചുതാഴ്ത്തിയിട്ടുള്ളത്. ജലസംഭരണത്തിനായി പുഴയുടെ ഇരുഭാഗത്തും കോൺക്രീറ്റ് ഭിത്തി നിർമിക്കും. ഒക്ടോബർ മാസത്തോടെ ഷട്ടറുകളും മോട്ടറുകളും സ്ഥാപിച്ച് റെഗുലേറ്റർ പ്രവർത്തന സജ്ജമാക്കും. അപ്രോച്ച് റോഡിന്റെ നിർമാണമടക്കം ഡിസംബറോടെ പൂർത്തിയാക്കാനാണ് നീക്കം. ഭാരതപ്പുഴയിൽ പാലക്കാട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ പാലം വരുന്നതോടെ കുമ്പിടിയിൽനിന്ന് കുറ്റിപ്പുറത്തേക്കുള്ള യാത്രാദൂരം കുറക്കും.
പാലക്കാട് ജില്ലയിലെ ആനക്കര, കപ്പൂര്‍, പട്ടിത്തറ പഞ്ചായത്തുകളിലെയും മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം, ഇരിമ്പിളിയം, തവനൂര്‍ പഞ്ചായത്തുകളിലെയും കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും. ഇതിന് പുറമെ രണ്ട് ജില്ലയിലെയും ആയിരക്കണക്കിന് ഹെക്ടര്‍ കൃഷി ഭൂമിയിലേക്ക് ജലസേചനവും സാധ്യമാകും. കുറ്റിപ്പുറത്തിന്റെ അടിസ്ഥാന സൗകര്യ വികസന നാഴികക്കല്ലായി ഈ പാലം മാറും. കാർഷിക മേഖലയുടെ അഭിവൃദ്ധിക്കും കാരണമാകും. കാങ്കപ്പുഴയിൽ പാലം വരികയെന്നത് പുഴയോരനിവാസികളുടെ ഏറെനാളത്തെ ആവശ്യമായിരുന്നു.
കുമ്പിടിയില്‍നിന്ന് തൃക്കണാപുരംവഴി 10 കിലോമീറ്റർ വളഞ്ഞുവേണം കുറ്റിപ്പുറത്ത് എത്താന്‍. പുതിയ പാലം വരുന്നതോടെ നിലവില്‍ വിദ്യാര്‍ഥികള്‍ ഉൾപ്പെടെയുള്ളവര്‍ക്കും സഹായമാകും.