തവനൂർ-തിരുനാവായ പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു
text_fieldsതവനൂർ-തിരുനാവായ പാലം പ്രവൃത്തി ആരംഭിച്ചപ്പോൾ
കുറ്റിപ്പുറം: വിവാദങ്ങൾ സൃഷ്ടിച്ച തവനൂർ-തിരുനാവായ പാലം നിർമാണ പ്രവൃത്തികൾക്ക് തുടക്കം. തവനൂർ ഭാഗത്തെ നിർമാണത്തിന് മുന്നോടിയായുള്ള ജോലികളാണ് ആരംഭിച്ചിരിക്കുന്നത്. ത്രിമൂർത്തി സംഗമ ഭൂമിയെ നശിപ്പിക്കുന്ന രീതിയിലുള്ള പാലം നിർമാണത്തിലെ അലൈമെൻറ് മാറ്റണമെന്ന ആവശ്യപ്പെട്ട് ബി.ജെ.പിയും മെട്രോമെൻ ഇ. ശ്രീധരനും ഹൈകോടതിയെ സമീപിച്ചിരുന്നു. വിവാദങ്ങൾക്ക് കാരണമായത്.
ഇതിന്റെ അടിസ്ഥാനത്തിൽ ശ്രീധരന്റെ വാക്ക് കൂടി കേൾക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് പൊതുമരാമത്ത് സെക്രട്ടറി കെ. ബിജു ശ്രീധരനെ നേരിട്ട് കണ്ട് കാര്യങ്ങൾ ആരാഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ അലൈൻമെൻറ് അധിക ബാധ്യതയാണെന്ന് സർക്കാർ അറിയിച്ചു.
ഡോ. ഇ. ശ്രീധരൻ മുന്നോട്ടുവെച്ച അലൈൻമെൻറ് സർക്കാറിന് ഉണ്ടാക്കുന്ന അധിക സാമ്പത്തിക ബാധ്യത, പ്രവൃത്തിയിൽ ഉണ്ടാകുന്ന കാലതാമസം, മറ്റു ചില ബുദ്ധിമുട്ടുകൾ എന്നീ പരാധീനതകൾ ഉണ്ടാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് രേഖമൂലം അറിയിച്ചിരുന്നു. വിവാദങ്ങൾക്ക് വിരാമമായാണ് തിങ്കളാഴ്ച പാലം നിർമാണം പ്രവൃത്തികൾ ആരംഭിച്ചത്. കേരളത്തിൽ ആദ്യമായി നൂതന സാങ്കേതിക വിദ്യയിലൂടെ നിർമിക്കുന്നതാണ് തവനൂർ-തിരുനാവായ പാലം.
അൾട്രാ ഹൈ പെർഫോർമൻസ് ഫൈബർ റീൻഫോഴ്സ്റ്റ് കോൺക്രീറ്റ് ടെക്നോളജി ഉപയോഗിച്ചാണ് പാലം നിർമിക്കുന്നത്. പാലം നിർമാണത്തിലെ സമയവും ചെലവും കുറക്കാൻ കഴിയുന്നുവെന്നതാണ് ഈ സാങ്കേതിക വിദ്യയുടെ പ്രത്യേകത. പാറയും മണ്ണലും ഉൾപ്പെടെയുള്ള അസംസ്കൃത ഉപയോഗം കുറയ്ക്കും. സമീപന റോഡുൾപ്പെടെ 1180 മീറ്റർ നീളവും 11 മീറ്റർ വീതിയിലുമാണ് നിർമാണം. പാലത്തിൽ രണ്ടുവശത്തും 1.5 മീറ്റർ വീതിയിൽ നടപ്പാതയുണ്ടാകും.
തവനൂരിലെ പാലവും കുമ്പിടി റെഗുലേറ്റർ കം ബ്രിഡ്ജും യാഥാർഥ്യമായാൽ കുറ്റിപ്പുറത്തിനും പൊന്നാനിക്കുമിടയിൽ ഭാരതപ്പുഴയിലുള്ള പാലങ്ങളുടെ എണ്ണം അഞ്ചാകും. 2009 ജൂലൈ 14നാണ് പാലത്തിന് സംസ്ഥാന സർക്കാറിന്റെ ഭരണാനുമതി ലഭിച്ചത്. 2021ലാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിച്ചത്. 2024ൽ നിർമാണോദ്ഘാടനം നടന്നത്.
പുത്തനത്താണിയിൽനിന്ന് തിരുനാവായ വഴി എത്തുന്ന വാഹനങ്ങൾക്ക് നിർദിഷ്ട പാലം കയറി തവനൂരിലെത്തിയാൽ പൊന്നാനി ദേശീയപാതവഴി യാത്ര ചെയ്യാനാകും. കോഴിക്കോട്-കൊച്ചി യാത്രയുടെ ദൂരം ഗണ്യമായി കുറയുകയും ചെയ്യും. ത്രിമൂർത്തി സംഗമസ്ഥാനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന തവനൂർ-തിരുനാവായ പാലം യാഥാർഥ്യമാകുന്നതോടെ തീർഥാടന ടൂറിസം രംഗത്തും വിപ്ലവകരമായ മാറ്റങ്ങളുണ്ടാകും.