റെയിൽവേ നടപ്പാത അടച്ചിട്ട് ഒന്നര മാസം; സർക്കാർ സ്ഥാപനങ്ങളിലെത്താൻ ജനങ്ങൾ ചുറ്റി വളയണം
text_fieldsഅടച്ചിട്ട നടപാത
കുറ്റിപ്പുറം: റെയിൽവേക്ക് മുകളിലൂടെയുള്ള നടപ്പാത അറ്റകുറ്റപ്പണിക്കായി അടച്ചിട്ടിട്ട് ഒന്നര മാസം കഴിഞ്ഞിട്ടും തുറക്കാൻ നടപടിയായില്ല. റെയിൽവെ വിഭജിച്ച രണ്ട് പ്രദേശങ്ങളിലെ ജനങ്ങൾക്ക് കാൽനടയായി സഞ്ചരിക്കാനുള്ള വഴിയാണ് ഈ നടപാത.
കുറ്റിപ്പറം ഗവ: ഹയർ സെക്കൻഡറി സ്കൂൾ, ഗവ: എൽ.പി. സ്കൂൾ, റജിസ്ട്രർ ഓഫിസ്, വില്ലേജ് ഓഫിസ്, പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ്, കുറ്റിപ്പുറം പഞ്ചായത്ത് ഓഫിസ് തുടങ്ങി മിനി സിവിൽ സ്റ്റേഷനിൽ സ്ഥിതി ചെയ്യുന്ന എക്സൈസ് ഓഫിസ്, കൃഷിഭവൻ, എ.ഇ.ഒ ഓഫിസ്, എംേപ്ലായ്മെന്റ് എക്സ്ചേഞ്ച് ഉൾപ്പടെ പത്തോളം ഗവ: സ്ഥാപനങ്ങൾ നിലനിൽക്കുന്ന പ്രദേശത്തേക്ക് കുറ്റിപ്പുറം ടൗണിൽ നിന്നും എത്തിപെടാനുള്ള എളുപ്പ വഴി അടഞ്ഞതോടെ ജനങ്ങൾ ദുരിതത്തിലായിരിക്കുകയാണ്. ഇവിടേക്ക് കഴിഞ്ഞ ഒന്നരമാസത്തിലധികമായി ചുറ്റി വളഞ്ഞാണ് സഞ്ചരിക്കുന്നത്.
ഇതിൽ ഏറ്റവും ദുരിതമനുഭവിക്കുന്നത് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ്. കുറ്റിപ്പുറം നോർത്ത് ഭാഗത്തേക്ക് പഴയ ദേശീയപാതയിലൂടെ കാൽനടയായി സ്കൂളിലേക്കും തിരിച്ചും പോകുന്ന വിദ്യാർഥികളാണ് വളരെയധികം കഷ്ടപ്പെടുന്നത്. റെയിൽവേ ലൈൻ വളരെ സാഹസപ്പെട്ട് മുറിച്ച് കടക്കാൻ ചില വിദ്യാർഥികൾ ശ്രമിക്കുന്നത് നിത്യകാഴ്ചയാണ്. ഇത് വലിയ അപകടത്തിലേക്കാണ് വഴിതുറക്കുന്നത്. ഇതുവരെ നവീകരണ പ്രവർത്തികൾ ആരംഭിക്കുക പോലും ചെയ്യാതെയുള്ള ഈ വഴിയടച്ചിടൽ എത്രയും പെട്ടന്ന് അവസാനിപ്പിക്കേണ്ടത് അനിവാര്യതയാണെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടു.