അഞ്ച് വർഷം മുമ്പ് ആശുപത്രിയിൽനിന്ന് രക്ഷപ്പെട്ട പ്രതി കൊടൈക്കനാലിൽനിന്ന് പിടിയിൽ
text_fieldsനൗഷീർ
കുറ്റിപ്പുറം: അഞ്ചുവർഷം മുമ്പ് ആശുപത്രിയിൽനിന്ന് രക്ഷപ്പെട്ട പ്രതിയെ കുറ്റിപ്പുറം പൊലീസ് കൊടൈക്കനാലിൽനിന്ന് പിടികൂടി. കഞ്ചാവ് കേസ് പ്രതി നൗഷീർ (35) ആണ് പിടിയിലായത്. 2020 ഡിസംബർ 12ന് കുറ്റിപ്പുറം ചോല വളവിൽ അപകടത്തിൽപ്പെട്ട വാഹനത്തിൽനിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടിയിരുന്നു. നല്ലളം സ്വദേശി സൽമാൻ ഫാരിസ്, കൽപ്പറ്റ കുറ്റിക്കുന്ന് സ്വദേശി നൗഷീർ എന്നീ പ്രതികൾ സഞ്ചരിച്ച വഹാനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ സൽമാൻ ഫാരിസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൗഷീർ ആശുപത്രിയിൽനിന്ന് ഓടി രക്ഷപ്പെട്ടുകയായിരുന്നു.
നൗഷീർ കൊടൈക്കനാലിൽ എത്തിയെന്ന വിവരം പൊലീസിന് കിട്ടിയതിന്റെ അടിസ്ഥാനത്തിൽ കുറ്റിപ്പുറം എസ്.ഐ സുധീറിന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച കൊടൈക്കനാലിലേക്ക് തിരിച്ചു. ഞായറാഴ്ച രാവിലെ കൊടൈക്കനാലിൽനിന്ന് 50 കിലോമീറ്റർ മാറി ജനവാസമില്ലാത്ത പൂണ്ടി എന്ന സ്ഥലത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. കുറ്റിപ്പുറം പൊലീസ് ഇൻസ്പെക്ടർ കെ. നൗഫലിന്റെ നിർദേശപ്രകാരം എസ്.ഐ കെ.എസ്. സുധീർ, എസ്.സി.പി.ഒ പ്രദീപ്, സി.പി.ഒ ഷെറിൻ ജോൺ, അനിൽ എന്നിവരാണ് പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.