യുവാക്കളെ തട്ടിക്കൊണ്ടുപോയി ബൈക്കും മൊബൈലും മോഷ്ടിച്ച സംഭവം; സംഘത്തിലെ രണ്ടുപേർ കൂടി അറസ്റ്റിൽ
text_fieldsപ്രതികൾ
കുറ്റിപ്പുറം: മയക്കുമരുന്ന് സംഘത്തെ കുറിച്ച് പൊലീസിന് വിവരങ്ങൾ കൈമാറിയതായി ആരോപിച്ച് യുവാക്കളെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ച് ബൈക്കും പണവും മൊബൈൽ ഫോണും മോഷ്ടിച്ച സംഘത്തിലെ രണ്ടുപേർ കൂടി അറസ്റ്റിലായി.
തിരുനാവായ സ്വദേശികളായ മുഹമ്മദ് ആസിഫ്, മുഹമ്മദ് മുസ്തഫ എന്നിവരെയാണ് കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് ആസിഫിനെ തിരുനാവായയിൽനിന്നും മുഹമ്മദ് മുസ്തഫയെ കൊച്ചിയിലെ പച്ചാളം മാർക്കറ്റിൽനിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എസ്.എച്ച്.ഒ കെ. നൗഫലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്.ഐ എ.എം. യാസിർ, ടീമംഗങ്ങളായ എ.എസ്.ഐമാരായ ജയപ്രകാശ്, രാജേഷ്, എസ്.സി.പി.ഒമാരായ രാജീവ്, വിപിൻസേതു, വിമോഷ് എന്നിവരും ഉണ്ടായിരുന്നു.
മുമ്പ് ഈ കേസിൽ തിരുനാവായ കൊടക്കൽ ചക്കിട്ടപറമ്പിൽ അജ്മൽ, തിരൂർ പറവണ്ണ തെക്കുംകര പുത്തൻവീട് മുഹമ്മദ് ഷമീർ, തിരുനാവായ കൊടക്കൽ വാവൂർകുന്ന് കരുമത്തിൽ കൃഷ്ണകുമാർ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.