26 വര്‍ഷത്തെ അധ്യാപന ജീവിതത്തിനു ശേഷം വിരമിക്കുന്ന ഗുരുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് തിരുവനന്തപുരം മേയർ എത്തി
text_fieldsഅധ്യാപകനൊപ്പം തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ സെൽഫി എടുക്കുന്നു
കുറ്റിപ്പുറം: അധ്യാപകന്റെ വിടവാങ്ങൻ ചടങ്ങിൽ പങ്കെടുക്കാൻ തിരുവനന്തപുരം മേയർ കുറ്റിപ്പുറത്ത് എത്തി. 26 വര്‍ഷത്തെ അധ്യാപക ജീവിതത്തിനൊടുവില്‍ വിരമിക്കുന്ന നാഷനല്‍ സര്‍വിസ് സ്കിം ടെക്നിക്കല്‍ സെല്‍ മുന്‍ സ്റ്റേറ്റ് പ്രോഗ്രാം കോഓഡിനേറ്റര്‍ ഡോ. അബ്ദുല്‍ ജബ്ബാര്‍ അഹമ്മദിന് കുറ്റിപ്പുറം ടെക്നികല്‍ ഹൈസ്കൂളില്‍ നടത്തിയ യാത്രയയപ്പ് പരിപാടിയിലാണ് ശിഷ്യ മേയർ ആര്യാ രാജേന്ദ്രൻ എത്തിയത്. മുന്‍ അധ്യാപകന്റെ മേന്മകള് എണ്ണിപ്പറഞ്ഞും അദ്ദേഹത്തോടും പഴയ സഹപാഠികളോടും ഒപ്പം ഏറെനേരം ചെലവിട്ടുമാണ് ആര്യ മടങ്ങിയത്.
തിരുവനന്തപുരം എല്‍.ബി.എസ് എന്‍ജിനീയറിങ് കോളജ് വിദ്യാർഥിയായിരിക്കെയാണ് ആര്യ, അബ്ദുല്‍ ജബ്ബാറിന്റെ ശിഷ്യയാകുന്നത്. 2017ല്‍ അബ്ദുല്‍ ജബ്ബാറിന്റെ നേതൃത്വത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സംഘടിപ്പിച്ച എന്‍.എസ്.എസ് പുനര്‍ജനി ക്യാമ്പില്‍ ആര്യയും പങ്കെടുത്തിരുന്നു. ക്യാമ്പിലെ മികച്ച കാഡറ്റ് ആര്യയായിരുന്നു.
ഡോ. അബ്ദുല്‍ ജബ്ബാര്‍ ഏപ്രില്‍ 30നാണ് ഔദ്യോഗികമായി വിരമിക്കുന്നത്. തിരൂര്‍ മംഗലം കൂട്ടായിയിലെ സി.എന്‍. അഹമ്മദ് കോയ-പി.കെ. മറിയക്കുട്ടി ദമ്പതിമാരുടെ ഏക മകനായ ഡോ. അബ്ദുൽ ജബ്ബാര്‍ അഹമ്മദ്, രാഷ്ട്രപതി സമ്മാനിക്കുന്ന മികച്ച എന്‍.എസ്.എസ് പ്രോഗ്രാം കോഓഡിനേറ്റര്‍ക്കുള്ള ഇന്ദിരഗാന്ധി ദേശീയ പുരസ്കാരം തുടര്‍ച്ചയായി മൂന്നു തവണ നേടിയിട്ടുണ്ട്. 2019ല്‍ സംസ്ഥാന സര്‍ക്കാറിന്റെ ഗുഡ് സര്‍വിസ് എന്‍ട്രി ലഭിച്ചിരുന്നു.
യാത്രയയപ്പ് ചടങ്ങില്‍ തിരൂര്‍ സബ് കലക്ടര്‍ ദിലീപ് കൈനിക്കര, മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്, ജില്ല പഞ്ചായത്ത് അധ്യക്ഷ എം.കെ. റഫീഖ, പി. നസറുല്ല, എന്‍.എസ്.എസ് റീജനല്‍ ഡയറക്ടര്‍ എല്ലപ്പ ഉപ്പിന്, സ്റ്റേറ്റ് ഓഫിസര്‍ ഡോ. അന്‍സര്‍, സാങ്കേതിക വിദ്യാഭ്യാസവകുപ്പ് റീജനല്‍ ഡയറക്ടര്‍ ജെ.എസ്. സുരേഷ്കുമാര്‍, മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എ.എസ്. ചന്ദ്രകാന്ത ബ്രഹ്മനായകം മഹാദേവന് തുടങ്ങിയവര്‍ സംസാരിച്ചു. കുറ്റിപ്പുറം ടെക്ക്നികല്‍ സൂപ്രണ്ട് പി. ജയപ്രസാദ്, ജിനേഷ്, അന്‍വര്‍, ഐ.പി. റിയാസ്, സിദ്ധാർഥന് തുടങ്ങിയവര്‍ നേതൃത്വം നല്കി.