Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമണ്ണിടിച്ചിൽ: വൻ...

മണ്ണിടിച്ചിൽ: വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്

text_fields
bookmark_border
മണ്ണിടിച്ചിൽ: വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്
cancel

മലപ്പുറം: പാണക്കാട് കാരാത്തോടിനു സമീപം എടായിപ്പാലത്ത് തിങ്കളാഴ്ച രാവിലെയുണ്ടായ കനത്ത മണ്ണിടിച്ചിലിൽ വൻ ദുരന്തമൊഴിവായത് തലനാരിഴക്ക്. നൂറോളം പേർ സംഭവസ്ഥലത്തുള്ളപ്പോഴാണ് കുന്ന് വൻതോതിൽ റോഡിലേക്ക് ഇടിഞ്ഞുവീണത്. ഏതാനും വാഹനങ്ങളും സമീപത്തുണ്ടായിരുന്നു. ഞായറാഴ്ച രാത്രിയോടെതന്നെ ചെറിയതോതിൽ മണ്ണൊലിച്ചുവരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തിങ്കളാഴ്ച രാവിലെ ഇതിന് ആക്കംകൂടി. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തുകയും ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു. ചെറിയ ബാരിക്കേഡ് കെട്ടി ആളുകൾ സ്ഥലത്തേക്ക് പ്രവേശിക്കുന്നത് തടഞ്ഞിരുന്നു.

മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരടക്കം നൂറുകണക്കിനുപേർ റോഡിൽ നിൽക്കുമ്പോഴാണ് രാവിലെ 9.30ഓടെ വൻ ശബ്ദത്തോടെ മണ്ണും മരങ്ങളുമടക്കം റോഡിലേക്ക് പതിച്ചത്. റോഡിന്റെ ഒരു ഭാഗം കുന്നും മറുഭാഗം പുഴയുമാണ്. ഇവിടെയുണ്ടായിരുന്നവർ റോഡിന്റെ ഇരുവശത്തേക്കും ഓടിമാറി രക്ഷപ്പെടുകയായിരുന്നു. ഏറ്റവും പിന്നിലുണ്ടായിരുന്നവരാണ് ചളിയിൽ പുതഞ്ഞതും പരിക്കേറ്റതും. കൈരളി കാമറാമാൻ ജയേഷ് വില്ലോടി പൂർണമായി ചളിയിൽ പുതഞ്ഞു. ജയേഷ് വീണതിന്റെ സമീപത്ത് മരംവന്നുവീണ് തടസ്സമുണ്ടായതിലാണ് മണ്ണിനടിയിൽപെടാതിരുന്നത്. മണ്ണും ചെളിയും നേരെ പുഴയിലേക്കാണ് പതിച്ചത്. സമീപത്തുണ്ടായിരുന്ന ഏതാനും മാധ്യമപ്രവർത്തകരും നാട്ടുകാരും ചളിയിലകപ്പെട്ടിട്ടുണ്ട്. ആളുകൾ ഓടിമാറിയ ദിശയിലേക്ക് കൂടുതൽ മണ്ണിടിഞ്ഞ് എത്താതിരുന്നത് ആളപായം ഒഴിവാക്കി. മണ്ണിനോടൊപ്പം ഏതാനും തെങ്ങുകളും കടപുഴകിയെത്തി. സമീപത്തെ വൈദ്യുതി കാലുകളും തകർന്നുവീണു. നിർത്തിയിട്ട ഓട്ടോക്കുമുകളിലാണ് പോസ്റ്റ് പതിച്ചത്. ഓട്ടോ ഭാഗികമായി തകർന്നു. സമീപത്ത് നിർത്തിയിട്ട ബൈക്കും ചളിയിൽ പുതഞ്ഞു. വാഹനഗതാഗതം തടഞ്ഞത് കൂടുതൽ അപകടം ഒഴിവാക്കി. മണ്ണ് വീണ്ടും ഇടിയുന്നത് അപകടഭീഷണിയാകുന്നുണ്ട്. റോഡിൽ പതിച്ച മണ്ണ് നീക്കംചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കുന്നതിന് സമയമെടുക്കും. സമീപത്തെ 30ഓളം വീടുകൾ ഒഴിപ്പിച്ചിട്ടുണ്ട്.

Show Full Article
TAGS:localnews Malappuram Landslide 
News Summary - മണ്ണിടിച്ചിൽ: വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്
Next Story