കളറായി ക്ലൈമാക്സ്
text_fieldsനിലമ്പൂർ: നിറഞ്ഞൊഴുകുന്ന ചാലിയാറിനൊപ്പം നിലമ്പൂർ നഗരത്തിൽ മനുഷ്യമഹാസാഗരം തീർത്ത് ഉപതെരഞ്ഞെടുപ്പ് കൊട്ടിക്കലാശം. ക്ലാസും മാസും നിറച്ച് ക്ലൈമാക്സ് കളറാക്കി സ്ഥാനാർഥികൾ. കാതടപ്പിക്കുന്ന ഡി.ജെ പ്രകമ്പനത്തിൽ ഉന്മാദനൃത്തം ചവിട്ടിയ പ്രവർത്തകർ മഴയിലും ആവേശക്കാഴ്ചയായി.
ചന്തംനിറച്ച് ബലൂണുകളും മാനം മുഴുവൻ വാരിവിതറിയ വർണക്കടലാസുകളും അഴകിന്റെ മാരിവില്ല് തീർത്തു. ശിങ്കാരിമേളം, പാണ്ടിമേളം തുടങ്ങിയവ കൂടി പാട്ടിനൊപ്പം ചേർന്നതോടെ തെരഞ്ഞെടുപ്പ് ഉത്സവം ആവേശക്കൊടുമുടിയിലേക്കാണ് കൊട്ടിക്കയറിയത്.
പ്രചാരണ വാഹനങ്ങളോടൊപ്പം തുറന്ന ജീപ്പുകളിലും കാറുകളിലുമായി സ്ഥാനാർഥിയുടെ ചിത്രവും ചിഹ്നവും കാണിച്ച്, കൊടി ആഞ്ഞുവീശി പ്രവർത്തകർ ആരവം പകർന്നു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ വീറും വാശിയും എത്രത്തോളമുണ്ടെന്നതിന്റെ തെളിവ് കൂടിയായി ഈ അത്യുഗ്രൻ കൊട്ടിക്കലാശം.
സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ മാത്രമാണ് കൊട്ടിക്കലാശത്തിൽനിന്ന് വിട്ടുനിന്നത്. അവസാന സമയത്തും വോട്ടർമാരെ നേരിൽകണ്ട് വോട്ടഭ്യർഥിക്കുകയായിരുന്നു അൻവർ. ഓരോ സ്ഥാനാർഥികൾക്കും വിവിധയിടങ്ങൾ നേരത്തെ തന്നെ പൊലീസ് നിശ്ചയിച്ച് നൽകിയിരുന്നു. നിലമ്പൂർ മഹാറാണി ജങ്ഷൻ മുതൽ പൊലീസ് സ്റ്റേഷൻ വരെ എൽ.ഡി.എഫിനും പീവീസ് ആർക്കേഡിന് മുൻവശം എൻ.ഡി.എക്കും അർബൻ ബാങ്കിന് സമീപം യു.ഡി.എഫിനുമാണ് സ്ഥലം ലഭിച്ചത്. ചന്തക്കുന്നിലായിരുന്നു എസ്.ഡി.പി.ഐയുടെ കൊട്ടിക്കലാശം.
ഉച്ചക്ക് രണ്ട് മുതൽ തന്നെ ചെറുസംഘങ്ങളായി പ്രവർത്തകർ ടൗണിലേക്ക് എത്തിത്തുടങ്ങി. വിവിധ ഭാഗങ്ങളിൽനിന്ന് റോഡ് ഷോയായി സ്ഥാനാർഥികൾ കലാശക്കൊട്ടിലേക്ക് എത്തിയതോടെ ആവേശം പരകോടിയിലെത്തി. തങ്ങളുടെ സ്ഥാനാർഥികളെ ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കിയാണ് പ്രവർത്തകർ വരവേറ്റത്. സ്ഥാനാർഥികൾ വാഹനത്തിൽനിന്ന് കൊടിവീശിയതോടെ പ്രവർത്തകരുടെ ആവേശം വാനോളമുയർന്നു.
പ്രവർത്തകർ തമ്മിൽ സംഘർഷം ഒഴിവാക്കാൻ ഉച്ചക്ക് രണ്ടിനുതന്നെ നിശ്ചിത സ്ഥലങ്ങളിൽ പൊലീസ് ബാരിക്കേഡ് കൊണ്ട് മറച്ചിരുന്നു. ഏഴ് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ 773 പൊലീസുകാരെയാണ് സംഘർഷം ഒഴിവാക്കാൻ സജ്ജരാക്കിയത്. ഒരിടത്തും സംഘർഷമില്ലാതെ കൊട്ടിക്കലാശം സമാപിച്ചത് പൊലീസിന്റെ ജാഗ്രതയുടെ ഫലം കൂടിയായിരുന്നു.
എടക്കര അങ്ങാടിയിലും വിവിധ മുന്നണികൾ കൊട്ടിക്കലാശം ഉജ്ജ്വലമാക്കി. നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 21 നാൾ നീണ്ട വാശിയേറിയ ശബ്ദ പ്രചാരണത്തിനാണ് ചൊവ്വാഴ്ച വൈകീട്ട് ആറിന് പരിസമാപ്തിയായത്. ബുധനാഴ്ചത്തെ നിശബ്ദ പ്രചാരണത്തിന് ശേഷം വ്യാഴാഴ്ച നിലമ്പൂരിന്റെ പുതിയ എം.എൽ.എയെ തെരഞ്ഞെടുക്കാൻ ജനം വിധിയെഴുതും.
ആവേശമായി ഷൗക്കത്ത്...
നിലമ്പൂർ: ചൊവ്വാഴ്ച ഉച്ചയോടെയാണ് യു.ഡി.വൈ.എഫ് നേതാക്കളോടൊപ്പം സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് റോഡ് ഷോക്ക് തുടക്കമിട്ടത്. എടക്കരയിലെ കൊട്ടിക്കലാശത്തിൽ ആവേശം പകർന്നശേഷം വൈകുന്നേരം നാലോടെയാണ് നിലമ്പൂരിലെ കൊട്ടിക്കലാശത്തിലേക്ക് സ്ഥാനാർഥി എത്തിയത്.
നിരവധി പ്രവർത്തകർ തുറന്ന ജീപ്പിലും ട്രാക്ടറിലും ഇരുചക്രവാഹനങ്ങളിലുമായി റോഡ് ഷോയിൽ പങ്കാളിയായി. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, ഷാഫി പറമ്പിൽ എം.പി, എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അബിൻ വർക്കി, സന്ദീപ് വാര്യർ, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.കെ. ഫിറോസ് തുടങ്ങിയവർ പങ്കുചേർന്നു.
സൂപ്പർ സ്വരാജ്...
നിലമ്പൂർ: വഴിക്കടവ് നാരോക്കാവിൽനിന്ന് രാവിലെതന്നെ എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിന്റെ റോഡ് ഷോ ആരംഭിച്ചു. വിധിധയിടങ്ങളിലൂടെ റാലിയിൽ നിരവധി പ്രവർത്തകർ ബൈക്കുകളിലൂടെ അനുഗമിച്ചു. റോഡ് ഷോ കെ. രാധാകൃഷ്ണൻ എം.പി ഫ്ലാഗ്ഓഫ് ചെയ്തു. മുൻമന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി. സാനു, പി.പി. ചിത്തരഞ്ജൻ എം.എൽ.എ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ചക്കപ്പാടത്തുനിന്ന് തുടങ്ങിയ യാത്ര അഞ്ചാംമൈൽ, മുക്കട്ട, ചന്തക്കുന്ന് എന്നിവിടങ്ങളിലൂടെയാണ് നിലമ്പൂരിലെ കൊട്ടിക്കലാശത്തിലേക്ക് സ്ഥാനാർഥി എത്തിയത്. എം. സ്വരാജ് വാഹനത്തിന് മുകളിൽ കയറി അഭിവാദ്യമർപ്പിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എ. വിജയരാഘവൻ, പി.പി. സുനീർ, സത്യൻ മൊകേരി, പി.കെ. ബിജു, സി.ബി. ചന്ദ്രബാബു, അഡ്വ. കെ. അനിൽകുമാർ എന്നിവരും സ്ഥാനാർഥിക്ക് ഒപ്പമുണ്ടായിരുന്നു.
മോഹനം മോഹൻ ജോർജ്
നിലമ്പൂർ: മതഭീകരവാദത്തെ കൂട്ടുപിടിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട ഇരു മുന്നണികൾക്കുമെതിരെ മണ്ഡലത്തിൽ രൂപപ്പെട്ട വികാരം തങ്ങൾക്ക് അനുകൂലമാകുമെന്ന് എൻ.ഡി.എ സ്ഥാനാർഥി അഡ്വ. മോഹൻ ജോർജ്. വികസന രാഷ്ട്രീയത്തിന് അനുകൂലമായി ജനങ്ങൾ ചിന്തിക്കുന്നുണ്ട്.
ഇത് തങ്ങൾക്ക് അനുകൂലമായ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വഴിക്കടവിൽ നിന്നും ആരംഭിച്ച റോഡ് ഷോ നിലമ്പൂർ അങ്ങാടിയിൽ സമാപിച്ചു. ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, എസ്. സുരേഷ്, ഗോപാലകൃഷ്ണൻ, ബി.ജെ.പി സംസ്ഥാന സമിതി അംഗം ഷോൺ ജോർജ് തുടങ്ങിയവർ കൊട്ടിക്കലാശത്തിൽ പങ്കുചേർന്നു.
കൊട്ടിക്കയറി എസ്.ഡി.പി.ഐ
നിലമ്പൂർ: നിലമ്പൂർ ടൗണിലും എടക്കരയിലുമായിരുന്നു എസ്.ഡി.പി.ഐ സ്ഥാനാർഥി അഡ്വ. സാദിഖ് നടുത്തൊടിയുടെ കലാശക്കൊട്ട്. ഉപതെരഞ്ഞെടുപ്പിലെ അവസാന പ്രചാരണം പ്രവർത്തകരിൽ ആവേശം തീര്ത്തു. ഫലസ്തീൻ ജനതയെ കൂട്ടക്കൊല ചെയ്യാൻ നേതൃത്വം കൊടുക്കുകയും ഇറാനെതിരെ യുദ്ധമുഖം തുറക്കുകയും ചെയ്ത ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ കോലം കത്തിച്ച് പ്രവർത്തകർ പ്രതിഷേധാഗ്നി തീർത്തു.