പ്രതീക്ഷയുടെ ചിറകൊരുക്കാം
text_fieldsകാളികാവ് പെയിൻ ആൻഡ് പാലിയേറ്റിവ് ഹോം കെയർ ടീം
കാളികാവ്: വേദന തിന്ന് ശയ്യാവലംബരായ അനേകരെ ജീവിതത്തിലേക്ക് വഴി നടത്തിയ മലയോരത്തിന്റെ മാതൃക പ്രസ്ഥാനമായ കാളികാവ് പെയിൻ ആൻഡ് പാലിയേറ്റിവ് ക്ലിനിക്ക് പതിനഞ്ച് വർഷം പിന്നിടുന്നു. ഗുരുതര രോഗബാധിതരായ ആളുകൾക്കുള്ള പ്രത്യേക വൈദ്യപരിചരണമാണ് പാലിയേറ്റിവ് കെയർ വഴി പ്രധാനമായും ലഭിക്കുന്നത്.
രോഗത്തിന്റെ ലക്ഷണങ്ങളിൽനിന്നും സമ്മർദത്തിൽനിന്നും ആശ്വാസം നൽകി രോഗിയുടെയും കുടുംബത്തിന്റെയും ജീവിതനിലവാരം മെച്ചപ്പെടുത്തുവാനും കൂടെ നിൽക്കുന്നു. കിടപ്പിലായ നിരവധി പേർക്ക് പുതുജീവൻ പകർന്ന് നൽകിയ സാന്ത്വന കേന്ദ്രമായി കാളികാവ് പാലിയേറ്റിവ് മാറിക്കഴിഞ്ഞു. ശരീരം തളർന്ന ഒട്ടേറെ കുഞ്ഞുങ്ങൾക്ക് പുതുജീവൻ നൽകി. 2009ൽ തുടക്കം കുറിച്ച കാളികാവ് പാലിയേറ്റിവ് അസോസിയേഷന് ജില്ലയിലെ ഏറ്റവും മികച്ച കെട്ടിടവും മറ്റു ചികിത്സ സൗകര്യവും ലഭ്യമായിട്ടുണ്ട്. ക്ലിനിക്കിന് കീഴിലുള്ള ഫിസിയോ തെറപ്പി സംവിധാനം വഴി ശരീരം പാടെ തളർന്ന് ശയ്യാവലംബരായ ഒട്ടേറെ പേർക്ക് പൂർണ ആരോഗ്യത്തിലേക്ക് നടന്നടുക്കാൻ സാധിച്ചിട്ടുണ്ട്.
കാളികാവിലെ എറമ്പത്ത് കുടുംബമാണ് സംസ്ഥാന പാതയുടെ ഓരത്ത് കണ്ണായ 10 സെൻറ് സ്ഥലം സൗജന്യമായി നൽകിയത്. കാളികാവ് ഏരിയ പ്രവാസി അസോസിയേഷൻ അടക്കം നിരവധി സംഘടനകളാണ് സ്ഥാപനത്തെ മുന്നോട്ട് നയിക്കുന്നത്. പ്രതിമാസം മൂന്നര ലക്ഷം രൂപയോളം ശമ്പളവും മറ്റുമായി ചെലവ് വരുന്നു. 12 ജീവനക്കാരും അഞ്ചു ഡോക്ടർമാരും മൂന്ന് നഴ്സുമാരും സേവനം ചെയ്യുന്നുണ്ട്. നിലവിൽ അഞ്ഞൂറിനടുത്ത് രോഗികൾ പാലിയേറ്റീവിന് കീഴിൽ ചികിത്സയിലുണ്ട്. ആഴ്ചയിൽ മുഴുവൻ ദിവസങ്ങളിലും ഹോം കെയർ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. വി. അപ്പുണ്ണി നായർ ചെയർമാനും പി. അബു മാസ്റ്റർ സെക്രട്ടറിയുമായുള്ള ജനകീയ കമ്മിറ്റിയാണ് കാളികാവ് പാലിയേറ്റിവിന് നേതൃത്വം നൽകുന്നത്.
പരിചരണ മന്ത്രവുമായി കുഞ്ഞാപ്പുവിന്റെ സാന്ത്വന യാത്ര
വി.എസ്.എം. കബീർ
കരുവാരകുണ്ട്: ഇത്, നാട്ടുകാർ സ്നേഹത്തോടെ കുഞ്ഞാപ്പു എന്ന് വിളിക്കുന്ന കിളിക്കോട്ടിലെ കുന്നുമ്മൽ യൂസുഫ്. ഒന്നരപ്പതിറ്റാണ്ടായി കുഞ്ഞാപ്പുവിന്റെ പേര് പാലിയേറ്റീവ് കുഞ്ഞാപ്പു എന്നാണ്. സാന്ത്വന പരിചരണത്തെ അത്രമേൽ ജീവിതത്തോട് ചേർത്തുവെച്ചതാണ് ഈ 48 കാരന്റെ ദിനരാത്രങ്ങൾ. സന്നദ്ധ സേവകനായി കരുവാരകുണ്ട് പാലിയേറ്റീവ് കെയറിലെത്തിയ കുഞ്ഞാപ്പു പിന്നീട് ഹോംകെയർ വാഹനത്തിന്റെ ഡ്രൈവർ ചുമതല ഏറ്റെടുത്തു.
ഇതോടെയാണ് മുഴുവൻസമയ വളന്റിയറാകുന്നത്. കിടപ്പിലായ രോഗികൾക്ക് വേണ്ടി ഏത് രാത്രിയിലും എവിടെയും എത്താൻ കുഞ്ഞാപ്പു സന്നദ്ധനാണ്. കോവിഡ് കാലത്തും പ്രളയകാലത്തും കുഞ്ഞാപ്പുവിന് ഉറക്കമില്ലാ രാത്രികളായിരുന്നു. കൽക്കുണ്ട് ചേരിയിലെയും പറയൻമാട് ആദിവാസി കോളനിയിലെയും അന്തേവാസികൾക്ക് കുഞ്ഞാപ്പുവിന്റെ നന്മമനസ്സ് ഏറെ ആശ്വാസമേകിയിരുന്നു. പാലിയേറ്റീവ് കെയറിലെ ഓരോ രോഗിക്കും കൂട്ടുകാരൻ കൂടിയാണിദ്ദേഹം.
യൂസുഫ് എന്ന കുഞ്ഞാപ്പു
നിരവധി പേരെ വളന്റിയർമാരാക്കി മാറ്റാൻ യത്നിച്ച കുഞ്ഞാപ്പു ദരിദ്രരോഗികളിലേക്ക് സുമനസ്സുകളുടെ സഹായ ഹസ്തമെത്തിക്കാനും നിമിത്തമാകാറുണ്ട്.
പാലിയേറ്റീവ് കെയർ സൊസൈറ്റി കമ്മിറ്റിയിലും മേലാറ്റൂർ സോണൽ കമ്മിറ്റിയിലും അംഗമായ യൂസുഫ് സംസ്ഥാന തലത്തിൽ പാലിയേറ്റീവ് കെയർ വളന്റിയർമാർക്കായി നടത്താറുള്ള ക്യാമ്പുകളിലും പങ്കെടുത്തിട്ടുണ്ട്. പുന്നക്കാട് കേന്ദ്രമായുള്ള ജീവകാരുണ്യ കൂട്ടായ്മയായ സ്പർശം സൊസൈറ്റിയിലും സജീവമാണ്. സുമയ്യയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.