മലപ്പുറത്ത് അതിദരിദ്രരുടെ പട്ടികയിലുള്ളത് 18022 കുടുംബാംഗങ്ങൾ
text_fieldsമലപ്പുറം: ജില്ലയിലെ അതിദാരിദ്ര നിർമാർജന പദ്ധതിയുടെ 94 ശതമാനം പൂർത്തിയായി. ജില്ലയിലെ 8553 കുടുംബങ്ങളിൽ നിന്നായി 18022 കുടുംബാംഗങ്ങളാണ് അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇവര്‍ക്കായി 7699 മൈക്രോ പ്ലാനുകളാണ് ദാരിദ്ര്യ നിർമാർജനത്തിനായി തദ്ദേശ സ്ഥാപനങ്ങൾ വഴി നടപ്പാക്കുന്നത്. 2021ൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സർവേ നടത്തി കണ്ടെത്തിയ ഗുണഭോക്താക്കളുടെ പട്ടിക അതാത് ഭരണ സമിതികൾ പരിശോധിച്ച് അന്തിമ തീർപ്പാക്കിയതാണ്. സുരക്ഷിതമായ വാസസ്ഥലം ഒരുക്കുന്ന മൈക്രോ പ്ലാനിൽ 133 എണ്ണം മാത്രമാണ് ജില്ലയിൽ ഇനി പൂർത്തിയാവാനുള്ളത്.
ജില്ലയിലെ ഭൂരഹിത, ഭവനരഹിതരായിട്ടുള്ള കുടുംബങ്ങൾക്ക് ഭൂമി കണ്ടെത്താനായി ഏറനാട് താലൂക്കിലെ പുൽപ്പറ്റ വില്ലേജിൽ 180 സെന്റ്, പൊന്നാനി താലൂക്കിലെ എഴുവൻതുരുത്തി വില്ലേജിൽ 37 സെന്റ്, തിരൂരങ്ങാടി താലൂക്കിലെ പെരുവള്ളൂർ വില്ലേജിൽ 15 സെന്റ്, നെടുവ വില്ലേജിൽ 10 സെന്റ്, പെരിന്തൽമണ്ണ താലൂക്കിലെ പുലാമന്തോൾ വില്ലേജിൽ 162 സെന്റ് എന്നിങ്ങനെയാണ് കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ പുൽപ്പറ്റ വില്ലേജിലെ 180 സെന്റ് ഭൂമി 37 കുടുംബങ്ങള്‍ക്കും എഴുവൻതുരുത്തി വില്ലേജിലെ 37 സെന്റ് ഭൂമി 10 കുടുംബങ്ങള്‍ക്കും അനുവദിക്കാനായി പ്ലോട്ടുകളാക്കി തിരിച്ച് നറുക്കെടുപ്പ് പൂര്‍ത്തിയാക്കി പട്ടയം നല്‍കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. തിരൂരങ്ങാടി താലൂക്കിലേയും പെരിന്തൽമണ്ണ താലൂക്കിലേയും ഭൂമി പതിച്ച് നൽകാനുള്ള നടപടിക്രമങ്ങൾ പുരോഗതിയിലാണ്. ജില്ലയിൽ ഭക്ഷണം ആവശ്യമുള്ള 3479 ആളുകളിൽ മുഴുവൻ പേർക്കും ഭക്ഷണം എത്തിക്കാൻ സാധിച്ചിട്ടുണ്ടെന്നും സർക്കാർ അവകാശപ്പെടുന്നു.
വരുമാനം ആവശ്യമുള്ള 877 പേരിൽ മുഴുവൻ പേർക്കും കുടുംബശ്രീ വഴിയും വിവിധ പദ്ധതികളിലൂടെയും തൊഴിൽ ലഭ്യമാക്കി വരുമാനം ഉറപ്പാക്കിയെന്നും അധികൃതർ പറയുന്നു. 2025 നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കും. തദ്ദേശസ്ഥാപനങ്ങൾ വഴിയും വിവിധ വകുപ്പുകളുടെ ചിട്ടയായ പ്രവർത്തനങ്ങൾ വഴിയുമാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്. 1973- 74ൽ 59.8 ശതമാനം അതിദരിദ്രരാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങൾ വഴി 1993 -94 ൽ 25.4 ശതമാനമായി മാറി. പിന്നീട് അത് 11.3 ശതമാനം ആയി കുറയുകയും ചെയ്തു.