കന്നുകാലി സെൻസസ്; കണക്കെടുപ്പ് ഒരുലക്ഷം വീടുകളിലേക്ക്
text_fieldsമലപ്പുറം: 21-ാമത് കന്നുകാലി (ലൈവ് സ്റ്റോക്) സെൻസസ് ജില്ലയിൽ ഒരുലക്ഷം വീടുകളിലേക്ക് അടുത്തു. ജനുവരി 16 വരെയുള്ള കണക്കുപ്രകാരം ജില്ലയിൽ 96,164 വീടുകളിൽ സെൻസസ് പൂർത്തിയായി. 508 വാർഡുകളിലാണ് കണക്കെടുപ്പ് നടത്തിയത്. ആകെ 2,257 വാർഡുകളിൽ 1,749 വാർഡുകളിൽ കൂടി ഇനി സെൻസസ് പൂർത്തിയാകാനുണ്ട്. കണക്കെടുപ്പ് ഈ വാർഡുകളിൽ കൂടി ഫെബ്രുവരി 28നകം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ജില്ല മൃഗസംരക്ഷണ വകുപ്പ്. കനത്ത ചൂടിൽ കൃത്യസമയത്ത് പൂർത്തീകരിക്കുക വെല്ലുവിളിയാണ്. എങ്കിലും പരമാവധി വേഗത്തിൽ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് തൃശൂർ ജില്ലയിലാണ് ആദ്യഘട്ടത്തിൽ സെൻസസ് ആരംഭിച്ചത്. ജില്ലയിൽ എന്യൂമറേറ്റര്‍മാർക്ക് യൂസർ ഐ.ഡി, പാസ് വേഡ് എന്നിവ ലഭിക്കാനുള്ള കാലതാമസമാണ് കണക്കെടുപ്പ് വൈകിയത്.
ഡിസംബറോടെയാണ് ജില്ലയിൽ കണക്കെടുപ്പ് തുടങ്ങിയത്. നിലവിൽ കുടുംബശ്രീയുടെ പശുസഖിമാർ മുഖേനയും പശുസഖിമാർ ഇല്ലാത്ത തദ്ദേശസ്ഥാപനങ്ങളിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ മുഖേനയുമാണ് കണക്കെടുപ്പ്.
ജില്ലയിൽ കണക്കെടുപ്പിനായി 337 പേരെയാണ് നിയോഗിച്ചത്. വീടുകൾ, ഫാമുകൾ എന്നിവയിൽനിന്നും ലഭിക്കുന്ന വിവരങ്ങൾ എന്യൂമറേറ്റര്‍മാർ കേന്ദ്ര സർക്കാരിന് കീഴിലുള്ള ആപ്പിൽ രേഖപ്പെടുത്തും.
ഇതിനായി ഓരോ എന്യൂമറേറ്റര്‍മാർക്കും യൂസർ ഐ.ഡി, പാസ് വേഡും നൽകിയിട്ടുണ്ട്. ഓരോ എന്യൂമറേറ്റര്‍മാരും തദ്ദേശ സ്ഥാപന പരിധികളിൽ അഞ്ച് മുതൽ എട്ട് വാർഡുകൾ വരെ സെൻസസ് എടുക്കുന്നത്.
അടുത്ത അഞ്ച് വർഷത്തേക്കുള്ള സെൻസസാണ് നടക്കുന്നത്. പശു, ആട്, കോഴി, പന്നി അടക്കം 16 ഇനം മൃഗങ്ങളുടെ വിവരങ്ങളാണ് വീടുകളിൽനിന്ന് ശേഖരിക്കുന്നത്. ഈ വിവരങ്ങൾ ലൈവ് സ്റ്റോക് സെൻസസ് ആപ്പിൽ അപ്പ് ലോഡ് ചെയ്യും. ഈ വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തി ക്രോഡീകരിച്ച് ജില്ലകളിൽനിന്ന് സംസ്ഥാനത്തേക്കും തുടർന്ന് കേന്ദ്രത്തിനും കൈമാറും. ഈ കണക്ക് പ്രകാരമാകും സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിക്കുക.