നിലനിർത്താൻ യു.ഡി.എഫ്; പിടിച്ചെടുക്കാൻ എൽ.ഡി.എഫ്
text_fieldsവളാഞ്ചേരി: നഗരസഭ ഭരണം നിലനിർത്താനായി യു.ഡി.എഫും പിടിച്ചെടുക്കാനായി എൽ.ഡി.എഫും തമ്മിൽ പോരാട്ടം കനക്കുന്നു. നഗരസഭ രൂപവത്കരിച്ചതിന് ശേഷം മൂന്നാമത്തെ തെരഞ്ഞെടുപ്പാണിത്. രണ്ട് തെരഞ്ഞെടുപ്പിലും യു.ഡി.എഫ് ആണ് വിജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലീഗിന് 12ഉം, കോൺഗ്രസിന് അഞ്ചും, വെൽഫെയർ പാർട്ടിക്കും രണ്ടും കൗൺസിലർമാരാണ് ഉള്ളത്. എൽ.ഡി.എഫ് 12 കൗൺസിലർമാരിൽ സി.പി.എം 10, ജെ.ഡി.എസ് ഒന്ന്, പി.ഡി.പി ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ആദ്യമായി വളാഞ്ചേരിയിൽ ഒരു വാർഡിൽ ബി.ജെ.പി വിജയിച്ചതും കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ്. മറ്റൊരു വാർഡിൽ മൂന്ന് മുന്നണികളെയും പരാജയപ്പെടുത്തി സി.പി.എം വിമതൻ സ്വതന്ത്രനായി വിജയിക്കുകയും ചെയ്തു.
ഇപ്പോൾ ഒരു വാർഡ് വർധിച്ച് നഗരസഭയിൽ 34 വാർഡായി. ഏറ്റവും കുറവ് വോട്ടർമാർ കരിങ്കല്ലത്താണി വാർഡിലും കൂടുതൽ വോട്ടർമാർ വടക്കുമുറി വാർഡിലുമാണ് ഉള്ളത്. യു.ഡി.എഫിൽ ലീഗ് 19 വാർഡിലും, കോൺഗ്രസ് 10 വാർഡിലും പാർട്ടി ചിഹ്നത്തിൽ മത്സരിക്കുമ്പോൾ നാലിടത്ത് സ്വതന്ത്ര ചിഹ്നത്തിലാണ് മത്സരിക്കുന്നത്. സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കുന്ന രണ്ട് വാർഡ് വെൽഫെയർ പാർട്ടിക്ക് നൽകിയതാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇരുമുന്നണികളെയും പരാജയപ്പെടുത്തിയ സദാനന്ദൻ കോട്ടീരി, താൻ വിജയിച്ച വാർഡിൽ ഭാര്യ ജയ സദാനന്ദനെ മത്സരിപ്പിക്കുന്നു. ഇവിടെ യു.ഡി.എഫ് ജയയെ പിന്തുണക്കുന്നു. അഡ്വ. സുപ്രിയ മനോജാണ് എൽ.ഡി.എഫ് സ്ഥാനാർഥി. ഏഴിടത്ത് സി.പി.എം പാർട്ടി ചിഹ്നത്തിൽ മത്സരിക്കുമ്പോൾ മറ്റ് വാർഡുകളിൽ സ്വതന്ത്ര ചിഹ്നത്തിലാണ് ജനവിധി തേടുന്നത്. എൽ.ഡി.എഫ് സീറ്റ് വിഭജനത്തിൽ മൂന്ന് പി.ഡി.പി, ഒരോ വാർഡ് സി.പി.ഐ, ജെ.ഡി.എസിനും സി.പി.എം നൽകിയിട്ടുണ്ട്. നിലവിലെ നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങൽ വീണ്ടും ജനവിധി തേടുന്നു. വളാഞ്ചേരിയിലെ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ടി.പി. അബ്ദുൽ ഗഫൂർ, സി.പി.എം ഏരിയാ കമ്മിറ്റി അംഗം എൻ. വേണുഗോപാലൻ, നിലവിലെ കൗൺസിലറും ജെ.ഡി.എസ് നേതാവുമായ കെ. കെ. ഫൈസൽ അലി തങ്ങൾ, കോൺഗ്രസ് നേതാവും ഡി.കെ.ടി.എഫ് ജില്ല പ്രസിഡന്റുമായ കെ.വി. ഉണ്ണികൃഷ്ണൻ എന്നിവർ മത്സരിക്കുന്നവരിൽ പ്രമുഖരാണ്.
ജനറൽ സീറ്റിൽ മൂന്ന് വനിതകൾ മത്സരിക്കുന്നുവെന്ന പ്രത്യേകതയും ഉണ്ട്. അതിൽ രണ്ട് പേർ നിലവിലെ കൗൺസിലർമാർ ആണ്. വനിത ലീഗ് മുൻസിപ്പൽ മുൻ പ്രസിഡണ്ടും കോട്ടക്കൽ മണ്ഡലം ഭാരവാഹിയുമായിരുന്ന നഗരസഭയിൽ നേരത്തെ ആരോഗ്യ സ്ഥിര സമിതി അധ്യക്ഷയുമായ കെ. ഫാത്തിമ കുട്ടി കാരാട് (വനിത) വാർഡിൽ എൽ.ഡി.എഫ് സ്വതന്ത്രയായി ജനവിധി തേടുന്നു. വാർഡ് പിടിച്ചെടുക്കുവാനായി തങ്ങളുടെ സ്ഥാനാർഥിയെ മരവിപ്പിച്ച് എൽ.ഡി.എഫ്, ചില വാർഡുകളിൽ ലീഗ് വിമതരെയും പിന്തുണക്കുവാനുള്ള നീക്കങ്ങളും സജ്ജീവമാണ്. എസ്.സി വനിത സംവരണ വാർഡായ 29 ൽ എൽ.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാർഥി ധന്യ ബാബുരാജിന്റെ പത്രിക സൂഷ്മ പരിശോധനയിൽ തള്ളിയത് ചർച്ചയായിരുന്നു. ഇവിടെ ഡമ്മിയായി നാമനിർദേശം നൽകിയ ദേവകി സി.പി.എം ചിഹ്നത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നു. കോൺഗ്രസിലെ അജിതയാണ് യു.ഡി.എഫ് സ്ഥാനാർഥി. 16 വാർഡുകളിൽ ബി.ജെ.പി മത്സരിക്കുന്നു.
ഇതിൽ നാലിടത്ത് ശക്തമായ ത്രികോണമത്സരം നടക്കുന്നു. എസ്.ഡി.പി.ഐ അഞ്ച് വാർഡുകളിൽ മത്സരിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷം നഗരസഭയിൽ ചെയ്ത വികസന പ്രവർത്തനങ്ങളിൽ ഊന്നിയാണ് യു.ഡി.എഫിന്റെ മുഖ്യപ്രചാരണം.
ടൗൺ നവീകരണം, സ്റ്റേഡിയം ഉൾപ്പെടെ നഗരസഭയിൽ നടത്തിയ വലിയ തോതിലുള്ള വികസന പ്രവർത്തനങ്ങൾ തുടർ ഭരണം ഉണ്ടാക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ്. ഗ്രാമീണ റോഡുകളുടെ തകർച്ചയും, സംസ്ഥാന സർക്കാർ ഭരണ നേട്ടങ്ങളുൾപ്പെടെ ഊന്നിയാണ് എൽ.ഡി.എഫ് പ്രചരണായുധം.
നഗരത്തിൽ പ്രവർത്തിക്കുന്ന എല്ലാ സർക്കാർ ഓഫീസുകളും ഒരു കുടക്കീഴിൽ കൊണ്ടുവരുവാൻ മിനി സിവിൽ സ്റ്റേഷൻ നിർമാണം, കിടത്തി ചികിത്സ സൗകര്യത്തോടെ കുടുംബാരോഗ്യ കേന്ദ്രം വികസിപ്പിക്കൽ, വട്ടപ്പാറയിലെ നിർദ്ദിഷ്ഠ ഫയർ സ്റ്റേഷൻ, ദേശീയപാത ആറു വരി പാതയുടെ ഭാഗമായുള്ള വട്ടപ്പാറ സർവീസ് റോഡ് പൂർത്തീകരണം തുടങ്ങിയ പ്രധാന ആവശ്യങ്ങളും നഗരസഭ തെരഞ്ഞെടുപ്പിൽ ചർച്ചാ വിഷയങ്ങളാണ്.


