തിരിച്ചുപിടിക്കാൻ എൽ.ഡി.എഫും നിലനിർത്താൻ യു.ഡി.എഫും
text_fieldsഎടപ്പാൾ: നാലു പതിറ്റാണ്ടോളം ഭരണം നടത്തിയ സി.പി.എമ്മിന് കഴിഞ്ഞതവണ ഭരണം നഷ്ടമായ വട്ടംകുളം പഞ്ചായത്ത് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ശ്രദ്ധാകേന്ദ്രമാണ്. നിലവിൽ യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ 19 വാർഡുകളാണ് ഉണ്ടായിരുന്നത്. വിഭജനം വന്നതോടെ 22 സീറ്റുകളായി ഉയർന്നു. നിലവിൽ മുസ്‍ലിം ലീഗ്-7, കോൺഗ്രസ് -2, പ്രതിപക്ഷമായ എൽ.ഡി.എഫിൽ സി.പി.എം -5, സി.പി.ഐ -2, ബി.ജെ.പി -2, പൊതു സ്വത്രന്തൻ -1 എന്നിങ്ങനെയാണ് കക്ഷിനില. നേരത്തേ ആറു സീറ്റ് ഉണ്ടായിരുന്ന സി.പി.എമ്മിൽ ഒരു അംഗം മരിച്ചതിനെ തുടർന്ന് നടത്തിയ ഉപതെരഞ്ഞെടുപ്പിൽ സി.പി.എം വിമതനായി മത്സരിച്ച സി.ഐ.ടി.യു തൊഴിലാളി വിജയിച്ചു.
ഇതോടെയാണ് സി.പി.എമ്മിന്റെ സീറ്റിൽ ഒരെണ്ണം കുറവ് വന്നത്. നിലവിലെ 22 സീറ്റിൽ 10 സീറ്റിൽ മുസ്‍ലിം ലീഗും 10 സീറ്റിൽ കോൺഗ്രസുമാണ് മത്സരിക്കുന്നത്. യു.ഡി.എഫ് പിന്തുണയുള്ള രണ്ട് സ്വതന്ത്രരും മത്സര രംഗത്തുണ്ട്. 19 സീറ്റിൽ സി.പി.എമ്മും മൂന്ന് സീറ്റിൽ സി.പി.ഐയുമാണ് എൽ.ഡി.എഫിലെ കക്ഷിനില. നേരത്തേ സി.പി.ഐക്ക് രണ്ടു സീറ്റുകളാണ് ഉണ്ടായിരുന്നത്. ഇത്തവണയും അധിക സീറ്റ് നൽകാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു സി.പി.എം. ഇതുസംബന്ധിച്ച് തർക്കം ഉടലെടുത്തതോടെ ഒരു സീറ്റ് അധികം നൽകി. 21 സീറ്റിലും ബി.ജെ.പി സ്ഥാനാർഥികൾ മത്സരിക്കുന്നുണ്ട്. കഴിഞ്ഞ തവണ ലഭിച്ച രണ്ടു സീറ്റുകൾ വർധിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബി.ജെ.പി നേതൃത്വം. ഇത് മറ്റു മുന്നണികൾക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിത സംവരണം ആയതിനാൽ വലിയ തർക്കമൊന്നും നിലവിലില്ല.


