വളവന്നൂരിൽ തുടർഭരണം ഉറപ്പിക്കാൻ യു.ഡി.എഫ്; തിരിച്ചുപിടിക്കുമെന്ന് എൽ.ഡി.എഫ്
text_fieldsകൽപകഞ്ചേരി: ഓരോ അഞ്ച് വർഷവും ഇടതും വലതും മാറി ഭരിക്കുന്ന പഞ്ചായത്താണ് വളവന്നൂർ. ഇക്കുറി ഒന്നാം വർഡായ വീരാശ്ശേരിപ്പടിയിലാണ് വാശിയേറിയ പോരാട്ടം നടക്കുന്നത്.
പൊട്ടച്ചോല കുടുംബത്തിൽനിന്ന് എൽ.ഡി.എഫ് സ്ഥാനാർഥിയായി പി.സി. കബീർ ബാബുവും യു.ഡി.എഫ് സ്ഥാനാർഥിയായി പി.സി. അഷ്റഫുമാണ് ഏറ്റുമുട്ടുന്നത്. 2018ൽ തുവ്വക്കാട് ബ്ലോക്ക് ഡിവിഷനിൽ നടന്ന ബൈ ഇലക്ഷനിൽ പി.സി. കബീർ ബാബുവും പി.സി. അഷ്റഫ് നേർക്കുനേർ ഏറ്റുമുട്ടിയിരുന്നു. അന്ന് 282 വോട്ടിന്റെ ലീഡിന് പി.സി. അഷറഫ് വിജയിച്ചിരുന്നു.
എൽ.ഡി.എഫിന്റെ കുത്തക വാർഡായ പാറക്കൂട് 19ാം വാർഡ് പി.സി. കബീർ ബാബുവിന് ഏറെ സ്വാധീനമുള്ള വാർഡാണ്. അതുകൊണ്ടുതന്നെ ഈ പ്രദേശത്തോട് ചേർന്നുള്ള ഒന്നാം വാർഡിൽ വിജയിക്കും എന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. വാർഡ് വിഭജനത്തിന്റെ ഭാഗമായി 19 വാർഡുള്ളത് 21 വാർഡായി ഉയർന്നിട്ടുണ്ട്. ഇരുമുന്നണികളും പുതുമുഖങ്ങളെ അണിനിരത്തിയാണ് വോട്ട് തേടുന്നത്.
കൂടാതെ ബി.ജെ.പി 17 വാർഡുകളിലും എസ്.ഡി.പി.ഐ വാർഡ് മൂന്നിലും മത്സരിക്കുന്നുണ്ട്. കുടിവെള്ളം, റോഡുകൾ, തെരുവിളക്കുകൾ, കടുങ്ങാത്തുകുണ്ടിൽ നിർമിച്ച ടേക്ക് എ ബ്രേക്ക്, കെ.എസ്.ആർ.ടി.സി ഗ്രാമവണ്ടി, തുവ്വക്കാട് അമ്പലപ്പറയിൽ നിർമിച്ച യുനാനി കെട്ടിടം തുടങ്ങി നിരവധി നേട്ടങ്ങൾ പറഞ്ഞ് യു.ഡി.എഫ് വോട്ട് തേടുമ്പോൾ, തുവ്വക്കാട് സ്റ്റേഡിയത്തിന്റെ ശോച്യാവസ്ഥ, തകർന്നു കിടക്കുന്ന റോഡുകൾ, മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ അപര്യാപ്തത തുടങ്ങി കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ യു.ഡി.എഫ് ഭരണ സമിതിയുടെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയാണ് എൽ.ഡി.എഫും വോട്ട് തേടുന്നത്.


