വോട്ടുറപ്പിക്കാൻ യു.ഡി.എഫ്; പൊളിക്കാൻ എൽ.ഡി.എഫും
text_fieldsകോട്ടക്കൽ: ഓരോ തവണയും തട്ടകം അരക്കിട്ടുറപ്പിച്ച മുസ്‍ലിം ലീഗിന് കാലിടറിയ അഞ്ചുവർഷമാണ് കടന്നു പോയത്. നഗരസഭയായശേഷം ഒരുതരത്തിലും ഇളകാതെ സീറ്റുകൾ വർധിപ്പിച്ച സർവാധിപത്യമായിരുന്നു ലീഗിന്. എന്നാൽ വിഭാഗീയത മുതലാക്കി ലീഗ് നേതൃത്വത്തിലുള്ള ഭരണസമിതിയെ അട്ടിമറിച്ചാണ് സി.പി.എം കരുത്ത് കാട്ടിയത്. 32 സീറ്റുള്ള ഇവിടെ 21ഉം ലീഗിന്റെ കൈയിൽ ഭദ്രമായിരുന്നു. പ്രതിപക്ഷമായ സി.പി.എമ്മിന് ഒമ്പതും ബി.ജെ.പിക്ക് രണ്ട് സീറ്റുമാണുള്ളത്. ഭരണസമിതി അധികാരത്തിൽ വന്നതിന് പിന്നാലെ അധ്യക്ഷയായിരുന്ന ബുഷ്റ ഷബീറിനെ മാറ്റാനുള്ള ശ്രമമാണ് അട്ടിമറിയിലേക്ക് കടന്നത്. ഇവർ രാജിവെച്ച ഒഴിവിലേക്ക് നടന്ന ചെയർപേഴ്സൻ തെരഞ്ഞെടുപ്പിൽ ഡോ. കെ. ഹനീഷ പരാജയപ്പെട്ടു. ലീഗിലെ ഒരു വിഭാഗത്തിന്റെ പ്രതിനിധിയായി സി.പി.എം പിന്തുണയോടെ മുഹ്സിനയാണ് ചെയർപേഴ്സനായത്.
തുടർന്ന് സംസ്ഥാന ലീഗ് നേതൃത്വം ഇടപെട്ടതോടെയാണ് മഞ്ഞുരുകിയത്. പിന്നീടുള്ള വർഷങ്ങൾ ഡോ. കെ. ഹനീഷ കോട്ടക്കലിനെ നയിച്ചു. തർക്കങ്ങൾ പരിഹരിക്കാൻ കഴിഞ്ഞ ആത്മവിശ്വാസത്തിൽ യു.ഡി.എഫും കുറച്ച് നാൾ നഗരം ഭരിക്കാൻ കഴിഞ്ഞതിന്റെ പോരാട്ട വീര്യത്തിലാണ് എൽ.ഡി.എഫും തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ മൂന്ന് തവണയും രണ്ടു സീറ്റുകൾ നേടിയ ബി.ജെ.പി പട്ടിക നീട്ടാനുള്ള ശ്രമത്തിലാണ്.
വിഭജനത്തെ തുടർന്ന് 32ൽനിന്ന് വാർഡുകൾ 35 ആയി ഉയർന്നിട്ടുണ്ട്. ലീഗ് 26ലും കോൺഗ്രസ് ഏഴിലുമാണ് മത്സരിക്കുന്നത്. രണ്ട് വാർഡുകളിൽ പൊതു സ്വതന്ത്ര സ്ഥാനാർഥികളാണ്. നഗരസഭ മുൻ ചെയർമാൻ കെ.കെ. നാസറും ഇത്തവണ ജനവിധി തേടുന്നു. നേരത്തെ കോൺഗ്രസ് മത്സരിച്ചിരുന്ന തോക്കാംപാറ, മൈത്രി നഗർ വാർഡുകളിൽ കോൺഗ്രസ് ധാരണ പ്രകാരം ലീഗ് സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. കൗൺസിലർ സ്ഥാനം രാജിവെച്ച് കോൺഗ്രസിൽ ചേർന്ന സി.പി.എം മുൻ നേതാവ് എം. മുഹമ്മദ് ഹനീഫ വാർഡ് 15ൽ മത്സര രംഗത്തുണ്ട്.
കോൺഗ്രസിന്റെ വാർഡായ 32ൽ ലീഗ് വിമതനായി രംഗത്തെത്തിയ മങ്ങാടൻ അബ്ദുല്ലക്കുട്ടി (അബ്ദു) കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ഈസ്റ്റ് വില്ലൂർ(13) കൗൺസിലറായ ഷഹാന ഷഫീറും വാർഡ് 32 ലെ ഇടത് കൗൺസിലർ സനില പ്രവീണും ജനറൽ വാർഡുകളിൽ ഇത്തവണയും മത്സര രംഗത്തുണ്ട്.
എൽ.ഡി.എഫിന് 26 വാർഡുകളിൽ സ്വതന്ത്ര സ്ഥാനാർഥികളാണ്. എൻ.എൽ(നാല്), സി.പി.ഐ (ഒന്ന്), ഐ.എൻ.എൽ (ഒന്ന്) ഇങ്ങനെയാണ് ഇതിൽ മറ്റു കക്ഷികൾ രംഗത്തുള്ളത്. ഒമ്പത് വാർഡുകളിൽ പാർട്ടി ചിഹ്നത്തിലാണ് മത്സരിക്കുന്നത്. രണ്ടു സീറ്റുകളുളള ബി.ജെ.പി എട്ടുവാർഡുകളിലാണ് ഇത്തവണ മത്സരിക്കുന്നത്. നിലവിലെ കൗൺസിലറായ ജയപ്രിയനും മത്സരിക്കുന്നു. കോട്ടപ്പടി, നായാടിപ്പാറ, മൈത്രി നഗർ, വാർഡുകളിൽ ബി.ജെ.പി, കോൺഗ്രസ്, സി.പി.എം ത്രികോണ മത്സരമാണ്. എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടിയും രംഗത്തുണ്ട്.
കക്ഷിനില
ആകെ -32
യു.ഡി.എഫ് -21
ലീഗ് -20
യു.ഡി.എഫ് സ്വതന്ത്രൻ -1
എൽ.ഡി.എഫ് -7
സി.പി.എം -3
സ്വതന്ത്രർ -4
ബിജെപി -2
(എൽ.ഡി.എഫ് സ്വതന്ത്രർ രാജിവച്ച രണ്ട് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു)


