തെരഞ്ഞെടുപ്പ്: പരപ്പനങ്ങാടി നഗരസഭയിൽ യു.ഡി.എഫ് ഒന്നാംഘട്ട സീറ്റ് ചർച്ച കഴിഞ്ഞു: എണ്ണം കുറച്ച് വണ്ണം കൂട്ടണമെന്ന് കോൺഗ്രസ്: ആലോചിക്കാമെന്ന് ലീഗ്
text_fieldsപരപ്പനങ്ങാടി: നഗരസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഇടത്, വലത് മുന്നണികൾ സീറ്റ് ചർച്ച തുടങ്ങി. കോൺഗ്രസ്-ലീഗ് ഒന്നാംവട്ട ചർച്ചയിൽ കോൺഗ്രസ് ഇതുവരെയില്ലാത്ത കീഴ് വഴക്കമാണ് മുസ് ലിം ലീഗിന് മുന്നിൽ വെച്ചത്. 45 വാർഡുകളുള്ള പരപ്പനങ്ങാടി നഗരസഭയിൽ ഇത്തവണ 46 വാർഡുകളായി ഉയർന്നിട്ടും തങ്ങൾക്ക് നേരത്തെ മത്സരിച്ച സീറ്റുകളുടെ എണ്ണം കുറച്ചു തരണമെന്നാണ് യു.ഡി.എഫിലെ പ്രമുഖ കക്ഷിയായ മുസ് ലിം ലീഗിന് മുന്നിൽ കോൺഗ്രസ് ഉന്നയിച്ച ആദ്യ ഡിമാന്‍ഡ്.
കഴിഞ്ഞ തവണ 13 സീറ്റിലാണ് കോൺഗ്രസ് മത്സരിച്ചിരുന്നത്. ഇത് എട്ടാക്കി ചുരുക്കി തരണമെന്നാണ് കോൺഗ്രസ് ലീഗിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിൽ എട്ടിൽ ഏഴും യു.ഡി.എഫിന്‍റെ സുരക്ഷിത വാർഡുകളാണ് എന്നതാണ് ലീഗിന് തലവേദനയുണ്ടാക്കുന്നത്. കഴിഞ്ഞ തവണ 13 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് മൂന്നു സീറ്റുകളാണ് നേടാനായത്. എന്നാൽ, 2015ൽ കോൺഗ്രസിലെ ഒരു വിഭാഗം ഇടതുപക്ഷത്തോടൊപ്പം ചേർന്നപ്പോൾ ഏഴും, യു.ഡി.എഫിൽ ഉറച്ചുനിന്ന കക്ഷിക്ക് ഒന്നും സീറ്റ് ലഭിച്ചതിന്‍റെ കണക്ക് ഉയർത്തിയാണ് എട്ടു ഉറച്ച സീറ്റുകൾ കോൺഗ്രസ് ലീഗിനോട് ആവശ്യപ്പെട്ടത്.
അതേസമയം, സീറ്റ് വിഭജനത്തിന്‍റെ പ്രാഥമിക ചർച്ചകൾ ആരംഭിച്ചിട്ടുള്ളൂവെന്നും കോൺഗ്രസ് ഉൾപ്പെടെ ഘടകകക്ഷികളുടെ ഡിമാൻഡുകളിന്മേൽ അടുത്ത ദിവസം തന്നെ ആലോചിച്ച് തീരുമാനം കൈകൊള്ളുമെന്നും യു.ഡി.എഫ് കൺവീനറും ലീഗ് മുൻസിപ്പൽ സെക്രട്ടറിയുമായ സി. അബ്ദുറഹിമാൻ കുട്ടി പറഞ്ഞു. അതേസമയം, ജനങ്ങൾ ഒറ്റകെട്ടായ് യു.ഡി.എഫിനോടൊപ്പമാണെന്ന് ലീഗ് മുൻസിപ്പൽ പ്രസിഡന്‍റ് അലി തെക്കെപ്പാട്ട് പറഞ്ഞു.
അതേസമയം, കോൺഗ്രസ് ഏറ്റവും മിതമായ ആവശ്യമാണ് ഉന്നയിച്ചിട്ടുള്ളതെന്നും വിമത സംസ്കാരം ഇനി ഉണ്ടാവാൻ പാടില്ലന്നും യു.ഡി.എഫ് ചെയർമാനും കോൺഗ്രസ് മണ്ഡലം അധ്യക്ഷനുമായ ഖാദർ ചെട്ടിപ്പടി 'മാധ്യമ'ത്തോട് പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിൽ വിമതർ ജയിച്ചു വരുന്ന സാഹചര്യം സാധാരണമായിരുന്നു.
അതേസമയം. എൽ.ഡി.എഫിൽ സീറ്റ് ധാരണ പൂർത്തിയായി വരുന്നതായും ഒട്ടുമിക്ക വാർഡുകളിലും സ്ഥാനാർഥി നിർണയം പൂർണമായെന്നും എൽ.ഡി.എഫ് മുൻസിപ്പൽ അധ്യക്ഷൻ ഗിരീഷ് തോട്ടത്തിൽ പറഞ്ഞു. നേരത്തെ നിയമസഭയിലേക്ക് മത്സരിച്ച നിയാസ് പുളിക്കലകത്തടക്കം മത്സരരംഗത്തുണ്ടാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
പാർട്ടി പറയുന്നതിനപ്പുറം തനിക്ക് ഇതുസംബന്ധിച്ച് ഒന്നും പറയാനില്ലന്നും പാർട്ടിക്കും മുന്നണിക്കും വേണ്ടി മുൻ നിരയിലുണ്ടാകുമെന്നും നിയാസ് പുളിക്കലകത്ത് പ്രതികരിച്ചു.


