വണ്ടൂർ; എന്നും യു.ഡി.എഫിനൊപ്പം നിന്ന മണ്ഡലം
text_fieldsവണ്ടൂർ: 1977ൽ രൂപീകൃതമായത് മുതൽ ഒരു തവണയൊഴിച്ച് എന്നും യു.ഡി.എഫിനൊപ്പം നിന്ന ചരിത്രമാണ് വണ്ടൂർ മണ്ഡലത്തിനുള്ളത്. പട്ടികജാതി സംവരണ മണ്ഡലമാണെന്നതും പ്രത്യേകതയാണ്. രാഹുൽ ഗാന്ധിക്ക് എതിരാളിയായി സി.പി.ഐ ദേശീയ നേതാവ് ആനി രാജയാണ് എൽ.ഡി.എഫിനായി കളത്തിലുള്ളത്. ആദ്യം കളത്തിലിറങ്ങിയ എൽ.ഡി.എഫ് പ്രചാരണ രംഗത്തും ഏറെ മുന്നിലാണ്. ആനി രാജക്ക് യു.ഡി.എഫിന്റെ ഭൂരിപക്ഷം കുറക്കാനാവുമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടൽ. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് വേണ്ടി വാർഡ് തലങ്ങളിലടക്കം പ്രചാരണം ശക്തമാണ്. പരമാവധി വോട്ടുപിടിച്ച് അഭിമാനനേട്ടമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമം. മൂന്ന് മുന്നണികളും ദേശീയ നേതാക്കളെ അണിനിരത്തിയാണ് പ്രചാരണം.
1977 വണ്ടൂർ മണ്ഡലം രൂപവത്കരിക്കുമ്പോൾ വണ്ടൂർ, മമ്പാട്, കരുവാരകുണ്ട്, പാണ്ടിക്കാട്, എടവണ്ണ, പോരൂർ, തൃക്കലങ്ങോട്, തിരുവാലി, തുവ്വൂർ പഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു. പിന്നീട് 2008ൽ പുനർനിർണയിക്കപെട്ടപ്പോൾ എടവണ്ണ ഏറനാട് മണ്ഡലത്തിലേക്കും, തൃക്കലങ്ങോട്, പാണ്ടിക്കാട് പഞ്ചായത്തുകൾ മഞ്ചേരി മണ്ഡലത്തിലേക്കും മാറി. നിലവിൽ വണ്ടൂർ, പോരൂർ, കാളികാവ്, ചോക്കാട്, തുവ്വൂർ, കരുവാരകുണ്ട്, മമ്പാട്, തിരുവാലി പഞ്ചായത്തുകളുൾപ്പെടുന്നതാണ് മണ്ഡലം. ഇതിൽ വണ്ടൂർ, പോരൂർ, കാളികാവ്, ചോക്കാട്, തുവ്വൂർ പഞ്ചായത്തുകളിൽ യു.ഡി.എഫും കരുവാരകുണ്ട്, മമ്പാട്, തിരുവാലി പഞ്ചായത്തുകൾ എൽ.ഡി.എഫുമാണ് ഭരണം. യു.ഡി.എഫ് കുത്തക മണ്ഡലമാണെങ്കിലും ലീഗ്-കോൺഗ്രസ് പടലപ്പിണക്കങ്ങളും പ്രാദേശിക വിഭാഗീയതയുമാണ് പഞ്ചായത്ത് തലങ്ങളിൽ എൽ.ഡി.എഫിന് തുണയാവുന്നത്. കോണ്‍ഗ്രസ്, ലീഗ് പ്രശ്നങ്ങൾ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പലയിടത്തും പ്രകടമായിരുന്നെങ്കിലും നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാറില്ല.
വോട്ട് കണക്ക്
2021 നിയമസഭ
- എ.പി. അനില്‍ കുമാര്‍ (യു.ഡി.എഫ്) 87,415
- പി. മിഥുന (എൽ.ഡി.എഫ്) 71,852
- പി.സി. വിജയൻ (ബി.ജെ.പി) 7057
- ഭൂരിപക്ഷം 15,563
2019 ലോക്സഭ
- രാഹുല്‍ ഗാന്ധി (യു.ഡി.എഫ്) 7,06,367
- പി.പി സുനീര്‍ (എൽ.ഡി.എഫ്) 2,74,597
- തുഷാര്‍ വെള്ളാപ്പള്ളി (എൻ.ഡി.എ) 78,816
- ഭൂരിപക്ഷം 4,31,770