തൃത്താലയുടെ നിറം ചുവപ്പോ പച്ചയോ?
text_fieldsതൃത്താല: കെ.ആർ. നാരായണനുശേഷം വലതുപക്ഷത്തെ കൈവിട്ട ഒറ്റപ്പാലം ലോക്സഭ മണ്ഡലം, പിന്നീടങ്ങോട്ട് ഇടതുപക്ഷത്തിന്റെ അധീനതയിലായി. അതിന് സുപ്രധാന പങ്കുവഹിച്ച അസംബ്ലി മണ്ഡലമായിരുന്നു തൃത്താല. മണ്ഡല പുനർനിര്‍ണയത്തില്‍ ഇടതുപക്ഷത്തിന്റെ ആധിപത്യത്തിന് അന്ത്യം കുറിക്കാനെന്നോണം തൃത്താലയെ ലീഗിന്റെ ഉരുക്കുകോട്ടയായ പൊന്നാനിയിലേക്ക് പറിച്ചുനട്ടു. അതിനുശേഷമുള്ള തെരഞ്ഞെടുപ്പുകളിലെല്ലാം തൃത്താല അടക്കമുള്ള പൊന്നാനി ലോക്സഭ മണ്ഡലം മുസ്ലിം ലീഗിന്റെ സർവാധിപത്യത്തിലാണ്. നിയമസഭയിലേക്ക് തുടര്‍ച്ചയായി നാലുതവണ എല്‍.ഡി.എഫ് പ്രതിനിധിയാണ് തൃത്താല മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. പിന്നീട് രണ്ട് തവണ യുവനേതാവ് വി.ടി. ബല്‍റാമിലൂടെ യു.ഡി.എഫ് മണ്ഡലത്തെ കൈപിടിയിലാക്കി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് തൃത്താലയിലെ കണക്കുകള്‍ മാറ്റിമറിച്ചു.
മുൻ പാലക്കാട് എം.പി എം.ബി. രാജേഷും സിറ്റിങ് എം.എൽ.എ വി.ടി. ബല്‍റാമും തമ്മിലായിരുന്നു വാശിയേറിയ മത്സരം. ഫലം പുറത്തുവന്നപ്പോൾ എം.ബി. രാജേഷിന് 3173 വോട്ടിന്റെ ഭൂരിപക്ഷം. നേരത്തെ വി.ടി. ബല്‍റാമിന്റെ ആദ്യവിജയത്തിലെ ഭൂരിപക്ഷവും ഏറെകുറെ ഇതിന് അടുത്തായിരുന്നു. രണ്ടാംതവണ ബല്‍റാമിന് പതിനായിരത്തിന് മുകളില്‍ ഭൂരിപക്ഷമെത്തിക്കാനായി. അണിയറയിലുള്ള ചില അസ്വാരസ്യങ്ങളുടെ പ്രതിഫലനമാണ് ഇരു മുന്നണികളുടേയും വിജയ പരാജയങ്ങളും വോട്ടിങ് നിലയിലെ ഏറ്റക്കുറച്ചിലുകളും. എം.ബി. രാജേഷ് നിയമസഭ സ്പീക്കറും പിന്നീട് മന്ത്രിയുമായതോടെ, മണ്ഡലത്തിൽ കൂടുതൽ വികസനംവരുന്നുമെന്ന പ്രതീതി ജനങ്ങളിൽ സൃഷ്ടിക്കാനായി. ഇത് വോട്ടിൽ പ്രതിഫലിക്കുമെന്ന് എൽ.ഡി.എഫ് പറയുമ്പോൾ യു.ഡി.എഫ് ഈ വാദം അംഗീകരിക്കുന്നില്ല. തൃത്താല ഗവ. കോളജ് അടക്കം, വി.ടി. ബൽറാം തുടങ്ങിവെച്ച പദ്ധതികളുടെ പൂർത്തീകരണം മാത്രമാണ് എം.ബി. രാജേഷ് നടത്തിയതെന്നും പുതുതായി ഒന്നും കൊണ്ടുവന്നിട്ടില്ലെന്നും യു.ഡി.എഫ് പ്രവർത്തകർ പറയുന്നു. ഇ.ടി. മുഹമ്മദ് ബഷീർ എം.പിയുടെ സാന്നിധ്യം മണ്ഡലത്തിൽ ഉണ്ടായിരുന്നില്ലെന്ന പ്രചാരണം എൽ.ഡി.എഫ് നടത്തുന്നുണ്ട്. ഇ.ടിയുടെ ലോക്സഭയിലെ മികച്ച പ്രകടനം ഉയർത്തികാട്ടിയാണ് യു.ഡി.എഫ് പ്രതിരോധക്കോട്ട തീർക്കുന്നത്.
ലീഗ് വോട്ടുകളിൽ വിള്ളൽ വീഴ്ത്തുകയെന്ന ലക്ഷ്യം മുൻ ലീഗ് നേതാവായ കെ.എസ്. ഹംസയെ സ്ഥാനാർഥിയാക്കിയതിൽ സി.പി.എമ്മിനുണ്ട്. വിപുലമായ വ്യക്തിബന്ധങ്ങൾ ഹംസക്ക് മണ്ഡലത്തിലുണ്ട്. എന്നാൽ, രാഷ്ട്രീയത്തിനപ്പുറമുള്ള അബ്ദുസമദ് സമദാനിയുടെ പൊതുസ്വീകാര്യതയിലാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. എൽ.ഡി.എഫും യു.ഡി.എഫും പ്രചാരണത്തിൽ ഒപ്പത്തിനൊപ്പമാണ്. കഴിഞ്ഞതവണ വി.ടി. രമയിലൂടെ നില മെച്ചപ്പെടുത്തിയ എൻ.ഡി.എ ഇത്തവണ നിവേദിത സുബ്രഹ്മണ്യൻ എന്ന മറ്റൊരു വനിത നേതാവിനെ കളത്തിലിറക്കി വോട്ടുയർത്താനുള്ള പരിശ്രമത്തിലാണ്.


