താനൂരിൽ ഭൂരിപക്ഷം കുത്തനെ വർധിപ്പിച്ച് യു.ഡി.എഫ്
text_fieldsതാനൂർ: ലോക്സഭ തെരഞ്ഞെടുപ്പുകളിൽ എക്കാലവും യു.ഡി.എഫിനെ തുണച്ച ചരിത്രത്തിന് അടിവരയിട്ട് ഇത്തവണയും യു.ഡി.എഫിന് വൻ ഭൂരിപക്ഷം സമ്മാനിച്ച് താനൂർ നിയോജക മണ്ഡലം. നിയമസഭ തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി രണ്ട് തവണ ലീഗ് സ്ഥാനാർഥികളെ മുട്ടുകുത്തിച്ച മന്ത്രി വി. അബ്ദുറഹിമാന്റെ സ്വാധീനവും ഭരണനേട്ടങ്ങളും തങ്ങളെ തുണക്കുമെന്ന വിശ്വാസത്തിൽ പ്രചാരണ രംഗത്തിറങ്ങിയ ഇടതുമുന്നണിക്ക് അടിമുടി പിഴച്ചുവെന്നാണ് അന്തിമഫലം വ്യക്തമാക്കുന്നത്.
മുൻ മുസ്ലിം ലീഗ് നേതാവ് കെ.എസ്. ഹംസയെ പാർട്ടി ചിഹ്നത്തിൽ തന്നെ അവതരിപ്പിച്ചത് സമസ്തയിലെയും മുസ്ലിം ലീഗിലെയും ഒരുവിഭാഗം വോട്ടുകൾ കൂടി സമാഹരിക്കാനാകുമെന്ന വിശ്വാസത്തിലായിരുന്നെങ്കിലും ഇതും ഗുണം ചെയ്തില്ലെന്നാണ് വ്യക്തമാകുന്നത്. വോട്ടർമാർ പ്രാദേശിക, സംഘടന തർക്കങ്ങളേക്കാൾ ദേശീയ സാഹചര്യത്തെ പരിഗണിച്ചാണ് വോട്ടുകൾ രേഖപ്പെടുത്തിയതെന്ന് വ്യക്തമാക്കുന്നതാണ് ജനവിധി. മണ്ഡലത്തിൽ നിന്നും 2019ൽ നേടിയ 32166 വോട്ടുകളുടെ ഭൂരിപക്ഷം ഇത്തവണ 41969 ലേക്ക് വർധിപ്പിച്ച് വൻ വിജയമാണ് താനൂരിൽനിന്നും യു.ഡി.എഫ് സ്ഥാനാർഥി സമദാനി നേടിയത്. ചെറുകക്ഷികളാണെങ്കിലും മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും ചെറുതല്ലാത്ത വോട്ട് വിഹിതമുള്ള വെൽഫെയർ പാർട്ടിയുടെയും എസ്.ഡി.പി.ഐയുടെയും തുറന്ന പിന്തുണയും യു.ഡി.എഫിന് ഗുണം ചെയ്തുവെന്ന് വേണം മനസ്സിലാക്കാൻ.
താനൂർ നഗരസഭയിലും മണ്ഡലത്തിലെ ചില പഞ്ചായത്തുകളിലും നിർണായക ശക്തിയായ ബി.ജെ.പിക്ക് 2019ൽ നേടിയ 14791 വോട്ടുകളിൽ നിന്നും 14861 വോട്ടുകൾ എന്ന നേരിയ വർധന മാത്രം നേടാനായതും പാർട്ടിക്കുള്ളിലും പുറത്തും ചർച്ചയാകാനിടയുണ്ട്. മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന താനൂർ നഗരസഭയിലും താനാളൂർ, ഒഴൂർ, നിറമരുതൂർ, ചെറിയമുണ്ടം, പൊന്മുണ്ടം പഞ്ചായത്തുകളിലും വലിയ ഭൂരിപക്ഷത്തോടെ ലീഡ് നേടാനായത് തദ്ദേശ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന യു. ഡി.എഫിന് വലിയ ആത്മവിശ്വാസം നൽകുമെന്നത് തീർച്ചയാണ്.