സുഹ്റാബി മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡൻറ്
text_fieldsസുഹ്റാബി
മക്കരപ്പറമ്പ്: പഞ്ചായത്ത് ഭരണസമിതിയുടെ പുതിയ പ്രസിഡൻറായി സുഹ്റാബി കാവുങ്ങലിനെ തെരഞ്ഞെടുത്തു. പ്രസിഡൻറായിരുന്ന ചോലക്കൽ കോയ കഴിഞ്ഞ ജൂൺ 21ന് മരിച്ചതിനെ തുടർന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്. നിലവിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറാണ് സുഹ്റാബി. തിങ്കളാഴ്ച രാവിലെ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വരണാധികാരി മുമ്പാകെ ഇവർ ചുമതലയേറ്റു.
പ്രസിഡൻറിനെ തീരുമാനിച്ചതിനെചൊല്ലി യൂത്ത് ലീഗ് കഴിഞ്ഞ ദിവസം പഞ്ചായത്ത് ഹാളിൽ മുസ്ലിം ലീഗ് നേതാക്കളെ പൂട്ടിയിട്ടിരുന്നു. സുഹ്റാബി കാവുങ്ങലിനെ പ്രസിഡൻറ് ആക്കണമെന്നാണ് ലീഗ് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ജില്ല സെക്രട്ടറി ഉമ്മര്‍ അറക്കല്‍, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിൻറ്, മറ്റു ഭാരവാഹികള്‍, പഞ്ചായത്തിലെ യു.ഡി.എഫ് അംഗങ്ങള്‍ എന്നിവർ ലീഗ് ഓഫിസിൽ യോഗം ചേരുന്നതിനിടെയാണ് യൂത്ത് ലീഗ് പ്രവർത്തകർ ഓഫിസ് പൂട്ടിയിട്ടത്. യൂത്ത് ലീഗ് പ്രതിനിധിയെ പ്രസിഡൻറ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത് മനപ്പൂർവം ഒഴിവാക്കിയെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം.
ജനറല്‍ സീറ്റില്‍ വനിതയെ പ്രസിഡൻറ് ആക്കേണ്ടതില്ലെന്നും യുവാക്കള്‍ക്ക് പരിഗണന നല്‍കണമെന്നുമായിരുന്നു യൂത്ത് ലീഗ് ആവശ്യം. തർക്കത്തെ തുടർന്നാണ് ബോർഡ് യോഗം ചൊവ്വാഴ്ചയിലേക്ക് മാറ്റിയത്. പുതിയ തീരുമാനത്തിലും യൂത്ത് ലീഗിലെ ഒരു വിഭാഗത്തിന് അമർഷമുണ്ട്. 13 വാർഡുകളിൽ മുസ്ലിം ലീഗിന് ഒമ്പതും എൽ.ഡി.എഫിന് ഒന്നും വെൽഫെയർ പാർട്ടിക്ക് രണ്ടും മെംബർമാരാണുള്ളത്.