സൈബർ ക്രൈം കൈകാര്യം ചെയ്യുന്നതിൽ ഏറ്റവും പിന്നിൽ മലപ്പുറം; ഒന്നാം സ്ഥാനം തലസ്ഥാനത്തിന്
text_fieldsമലപ്പുറം: സൈബർ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഏറ്റവും കുറവ് കേസുകൾ കൈകാര്യം ചെയ്തത് മലപ്പുറത്ത്. സൈബർ ക്രൈം പൊലീസ് സ്റ്റേഷനുകളിൽ കൈകാര്യംചെയ്ത കഴിഞ്ഞ ഒമ്പതു വർഷത്തെ കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്. 2016 മേയ് 25 മുതൽ 2025 മാർച്ച് 16 വരെയുള്ള കണക്കുപ്രകാരം 36 കേസുകൾ മാത്രമാണ് സൈബർ വിഭാഗം കൈകാര്യംചെയ്തത്. ഈ കാലയളവിൽ ഓൺലൈൻ ജോലി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് കൂടുതൽ കേസുകൾ കൈകാര്യം ചെയ്തത്.
12 കേസുകളാണ് ഓൺലൈൻ ജോലിയുമായി ബന്ധപ്പെട്ട് കൈകാര്യംചെയ്തത്. ആൾമാറാട്ടം നടത്തി വഞ്ചനയിൽ അഞ്ച്, ബാങ്കിങ് തട്ടിപ്പിൽ മൂന്ന്, നിയമവിരുദ്ധ പ്രസംഗം, ഇ-മെയിൽ ഹാക്കിങ്, ഡേറ്റ ബ്രീച്ച്, ലൈംഗികചൂഷണം എന്നിവയിൽ രണ്ടു വീതം, ലൈംഗികത നിറഞ്ഞ കാര്യങ്ങൾ പ്രസിദ്ധീകരിക്കൽ, വ്യാജ പ്രൊഫൈൽ, റാൻസംവെയർ (ഹാക്കിങ്), ക്രിപ്റ്റൊകറൻസി എന്നിവയിൽ ഓരോ കേസുകളും മറ്റു വിഭാഗങ്ങളിലുമായി നാലു കേസുകളും മാത്രമാണ് മലപ്പുറത്ത് കൈകാര്യംചെയ്തത്. പട്ടികയിൽ ഏറ്റവും കൂടുതൽ കേസുകൾ കൈകാര്യംചെയ്തത് തലസ്ഥാനമായ തിരുവനന്തപുരത്താണ് -1310 കേസുകൾ. ആൾമാറാട്ടം നടത്തി വഞ്ചിച്ച കേസുകളാണ് കൂടുതൽ കൈകാര്യം ചെയ്യേണ്ടിവന്നത്. 643 കേസുകളാണ് കൈകാര്യം ചെയ്തത്. ഓൺലൈൻ ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് 222 കേസുകളും തിരുവനന്തപുരത്തുണ്ടായി.
രണ്ടാം സ്ഥാനത്തുള്ള തൃശൂരിൽ 451, മൂന്നാമതുള്ള എറണാകുളത്ത് 411 കേസുകളും കൈകാര്യംചെയ്തു. കൊല്ലം -258, പാലക്കാട് -207, കോഴിക്കോട് -190, വയനാട് -135, പത്തനംതിട്ട -126, കണ്ണൂർ -117, കാസർകോട് -91, ആലപ്പുഴ -86, കോട്ടയം -50, ഇടുക്കി -46 എന്നിങ്ങനെയാണ് കണക്ക്. ആൾമാറാട്ടം നടത്തി വഞ്ചിച്ച വിഭാഗത്തിൽ കാസർകോട് ഒഴികെ 13 ജില്ലകളിലും കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഓൺലൈൻ ജോലി തട്ടിപ്പിൽ ആലപ്പുഴയിലും പാലക്കാട്ടും ഒഴികെ 12 ജില്ലകളിലും കേസുണ്ട്.