മാതൃകയാകുന്നു മലപ്പുറം മോഡൽ ‘ബാലസൗഹൃദഭവനം’
text_fieldsകോട്ടക്കൽ: ലഹരിവിപത്തിലൂടെ ബാല്യവും കൗമാരവും നഷ്ടപ്പെടുന്ന കുട്ടികളുടെ മാനസികാരോഗ്യവും സംരക്ഷണവും ഉറപ്പാക്കാൻ ജില്ല ചൈൽഡ് വെൽഫെയർ കമ്മിറ്റി ആവിഷ്കരിച്ച ‘ബാലസൗഹൃദ ഭവനം’ പദ്ധതി മാതൃകയാകുന്നു. കുട്ടികളിലെ സ്വഭാവവ്യതിയാനങ്ങൾ, ലഹരി ഉപയോഗം, സംഘർഷങ്ങൾ, ഒറ്റപ്പെടൽ, കുടുംബ പ്രശ്നങ്ങൾ എന്നിവക്ക് പരിഹാരം കാണുകയെന്നതാണ് ലക്ഷ്യം.
ജില്ല ശിശു സംരക്ഷണ യൂനിറ്റിന്റെ സഹകരണത്തോടെയാണ് പദ്ധതി. ‘ഒരു വീട്, ഒരു ബാലസൗഹൃദ പരിസരം’ എന്ന ലക്ഷ്യത്തോടെ, ജില്ലയിൽ 15 ബ്ലോക്ക് തലങ്ങളിലും നഗരസഭകളിലും ചൈൽഡ് വെൽഫെയർ കമ്മിറ്റി അദാലത്തുകൾ സംഘടിപ്പിച്ചു. പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹാര മാർഗങ്ങൾ കണ്ടെത്തുകയെന്നതാണ് ആദ്യഘട്ടം. പദ്ധതിയുടെ ഭാഗമായി സർവേ നടത്താനുള്ള കോളജ് വിദ്യാർഥികളെ കണ്ടെത്തി പരിശീലനം നൽകി. തുടർന്ന് വീടുകളിൽ സർവേ പൂർത്തിയാക്കും.
സർവേയിൽ കണ്ടെത്തുന്ന പ്രയാസങ്ങൾ നേരിടുന്ന കുട്ടികൾക്ക് കൗൺസലിങ് ഒരുക്കും. സർക്കാർ നടപ്പാക്കുന്ന വിവിധ പദ്ധതികളിൽ അവരെ ഉൾപ്പെടുത്തും. ഒറ്റപ്പെടൽ ഒഴിവാക്കാൻ ഗ്രാമപഞ്ചായത്ത് തലത്തിൽ പഞ്ചായത്ത് ഭരണസമിതി ‘ഹാപ്പിനസ് കോർണറുകൾ’ സ്ഥാപിക്കും. തദ്ദേശ സ്ഥാപന തലത്തിൽ കൗൺസലിങ് സെൻറർ രൂപവത്കരിക്കും. സ്കൂളുകൾ പൊതുഅവധി ദിവസങ്ങളിലും കുട്ടികൾക്ക് വിനോദത്തിനായും കൂടിച്ചേരലിനായും തുറന്നു നൽകും.
പ്രയാസം അനുഭവിക്കുന്ന കുട്ടികൾക്ക് പുനരധിവാസം നൽകും. വാർഡ് തലങ്ങളിൽ ബാലസൗഹൃദ ഭവനം ഗ്രാമസഭകൾ സംഘടിപ്പിക്കും. ബാലസൗഹൃദ ഭവനം എന്ന ആശയം രാജ്യത്ത് ആദ്യമായാണ് ജില്ലയിൽ നടപ്പാക്കുന്നതെന്ന് ചൈൽഡ് കമ്മിറ്റി ചെയർമാൻ അഡ്വ എ. സുരേഷ് പറഞ്ഞു. ബാലസൗഹൃദ ഭവനം ‘കുട്ടിപ്പുര’ എന്നപേരിൽ തവനൂർ ഗ്രാമപഞ്ചായത്തിൽ ഈ പദ്ധതി വിജയകരമായി നടപ്പാക്കി.