മത്സ്യബന്ധന യാനങ്ങളുടെ തകർച്ച പട്ടികയിൽ മലപ്പുറം മൂന്നാമത്
text_fieldsമലപ്പുറം: ആറ് വർഷത്തിനിടെ കടലിൽ മത്സ്യബന്ധന യാനങ്ങൾ തകർന്ന പട്ടികയിൽ മലപ്പുറം മൂന്നാമത്. 2019 മുതൽ 2025 ജനുവരി വരെയുള്ള കണക്കുകളിലാണ് സംസ്ഥാനത്ത് മലപ്പുറം മൂന്നാമത് എത്തി നിൽക്കുന്നത്. 106 യാനങ്ങളാണ് ഈ കാലയളവിൽ കടലിൽ നടന്ന അപകടങ്ങളിൽ തകരുകയോ ഉപയോഗ ശൂന്യമാകുകയോ ചെയ്തത്.
തിരുവനന്തപുരവും ആലപ്പുഴയുമാണ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്. തിരുവനന്തപുരത്ത് 149ഉം ആലപ്പുഴയിൽ 139ഉം തകർന്നു. ജില്ലയിൽ 2019ലാണ് കൂടുതൽ യാനങ്ങൾ തകർന്നത്, 25 എണ്ണം. പട്ടികയിൽ രണ്ടാമതുള്ള 2020ൽ 19ഉം മൂന്നാമതുള്ള 2022ലും 2024ലും 17 വീതം യാനങ്ങളും തകർന്നു. 2021ൽ 13ഉം 2023ൽ 15ഉം യാനങ്ങൾ തകർന്നു. 2025 ജനുവരിയിൽ ഒരു കേസുകളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ഫിഷറീസ് വകുപ്പിന്റെ കണക്ക്.
നിലവിൽ കടലിൽ നടന്ന അപകടങ്ങളിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാനത്ത് വിവിധ ജില്ലകളിൽ നിന്നായി 446 അപേക്ഷകൾ സർക്കാർ പരിഗണനയിലാണ്. ഈ കാലയളവിൽ തന്നെ ജില്ലയിൽ നാല് പേരാണ് കടലാക്രമണത്തിൽ മരണപ്പെട്ടത്. 2021ലും 2024വും രണ്ട് പേർക്കുവീതം ജില്ലയിൽ കടലാക്രമണത്തിൽ ജീവൻ നഷ്ടമായി. തിരുവനന്തപുരവും കൊല്ലവുമാണ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്. നിലവിൽ മത്സ്യബന്ധനത്തിന് പോകുന്നവരുടെ വിവരങ്ങൾ ശേഖരിക്കാനായി നാഷനൽ ഇൻഫോർമാറ്റിക് സെന്ററിന്റെ നേതൃത്വത്തിൽ ‘സാഗര’ എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കിയിട്ടുണ്ട്. 17,038 യാനങ്ങളും 11,627 മത്സ്യത്തൊഴിലാളികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കൂടാതെ പ്രതിദിനം കടലിലേക്ക് പോകുന്ന മത്സ്യത്തൊഴിലാളികളുടെ എണ്ണം കൃത്യമായി ലഭിക്കുന്നതിന് ഹാർബറുകൾ കേന്ദ്രീകരിച്ച് ബ്ലൂടൂത്ത് ലോ എനർജിയും (ബി.എൽ.ഇ) ജി.പി.എസ് സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തി ടെലിമാറ്റിക്സ് ഗെയ്റ്റ് വേ (ടെലികമ്യൂണിക്കേഷനും ജി.പി.എസും ഉപയോഗിക്കുന്ന സാങ്കേതികവിദ്യ) സംവിധാനം ആവിഷ്കരിക്കാനും പഠനം നടത്തിവരികയാണ്.