അതിദരിദ്രർക്ക് വീടിനായി ഭൂമി കണ്ടെത്താൻ നടപടി; ഭൂമി കണ്ടെത്തേണ്ടത് 400 ലധികം പേർക്ക്
text_fieldsമലപ്പുറം: ജില്ലയിലെ ഭൂരഹിത ഭവന രഹിതരായ അതിദരിദ്ര വിഭാഗങ്ങൾക്ക് ‘മനസ്സോടിത്തിരി മണ്ണ്’ കാമ്പയിനിന്റെ ഭാഗമായി ഭൂമി കണ്ടെത്താനുള്ള നടപടികൾ ആരംഭിക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ജില്ല ദാരിദ്ര ലഘൂകരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ ഓരോ സർക്കാർ വകുപ്പുകളുടെയും കീഴിൽ ഒഴിഞ്ഞ് കിടക്കുന്ന സർക്കാർ ഭൂമികളുടെ വിവരങ്ങൾ ശേഖരിക്കും.
ഈ വിവരങ്ങൾ ദാരിദ്ര ലഘൂകരണ വിഭാഗം ക്രോഡീകരിക്കും. തുടർന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രിയുടെ ആഭിമുഖ്യത്തിൽ എല്ല സർക്കാർ വകുപ്പുകളുടെയും സംയുക്ത യോഗം വിളിച്ച് ചേർക്കും. യോഗത്തിൽ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഏതൊക്കെ ഭൂമികൾ ഈ കാമ്പയിനിലേക്ക് വിനിയോഗിക്കാനാകുമെന്ന് വിലയിരുത്തും. കൂടാതെ സ്വകാര്യ വ്യക്തികളോ സംഘടനകളോ പദ്ധതിക്ക് ഭൂമി നൽകാൻ സന്നദ്ധമാണെങ്കിൽ അത് പരിഗണിക്കും.
ജില്ലയിൽ അതിദരിദ്ര വിഭാഗത്തിൽ 400ലധികം വരുന്നവർ ഭൂരഹിത ഭവന രഹിതരാണ്. ഇതിൽ 90 ഓളം വരുന്നവർക്ക് ഭൂമി കണ്ടെത്താനുള്ള സൗകര്യമൊരുക്കാൻ സ്വകാര്യ ഫൗണ്ടേഷൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ബാക്കി വരുന്നവർക്ക് ഭൂമി കണ്ടെത്തുകയാകും ദാരിദ്ര ലഘൂകരണ വിഭാഗത്തിന് മുന്നിലുള്ള വെല്ലുവിളി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തിയത് മലപ്പുറം ജില്ലയിലാണ്. 8,553 പേരാണ് പട്ടികയിലുള്ളത്. എസ്.സി വിഭാഗത്തിൽ 1,310, എസ്.ടി വിഭാഗത്തിൽ 358, മറ്റ് വിഭാഗങ്ങളിലായി 6,885 പേരുമുണ്ട്. ഇതിൽ 7,699 പേർക്ക് അധികൃതർ മൈക്രോ പ്ലാനുകൾ ദാരിദ്ര ലഘൂകരണ വിഭാഗം തയാറാക്കിയിട്ടുണ്ട്. 6,436 പേരേയാണ് അതിദാരിദ്രത്തിൽനിന്ന് മുക്തമാക്കിയത്. 75.25 ശതമാനം വരുന്നവരെ അതിദാരിദ്രത്തിൽനിന്ന് മുക്തമാക്കിയെന്നാണ് തദ്ദേശ വകുപ്പ് കണക്ക്. 2025 ഡിസംബറോടെ 100 ശതമാനം മുക്തമാക്കാനാണ് ശ്രമം. എന്നാൽ ഇനി ഭൂമിയും വീടുമില്ലാത്തവരാണ് പട്ടികയിലുള്ളത്. ഇവർക്ക് ഭൂമി കണ്ടെത്തി വീട് ഒരുക്കൽ ശ്രമകരമായ ദൗത്യമാണ്.